കെഡിഎം പ്രതിസന്ധി പരിഹരിച്ചു; 700 തീയേറ്ററുകളില്‍ വൈകുന്നേരത്തോടെ പ്രദര്‍ശനമാരംഭിച്ച് 'ആടൈ'

By Web TeamFirst Published Jul 19, 2019, 8:32 PM IST
Highlights

സാമ്പത്തിക പ്രതിസന്ധികളെത്തുടര്‍ന്ന് നിശ്ചയിച്ച ദിനത്തില്‍ റിലീസ് മുടങ്ങുന്നത് തമിഴ് സിനിമയില്‍ തുടര്‍ക്കഥയാവുകയാണ്. വിജയ് സേതുപതി നായകനായ 'സിന്ധുബാദ്', വിശാലിന്റെ 'അയോഗ്യ' എന്നീ ചിത്രങ്ങളൊക്കെ സമാന പ്രതിസന്ധിയിലൂടെ കടന്നുപോയിരുന്നു.
 

അപ്രതീക്ഷിതമായി റിലീസിംഗ് പ്രതിസന്ധി നേരിട്ട അമല പോള്‍ ചിത്രം 'ആടൈ' അവസാനം തീയേറ്ററുകളില്‍. വേള്‍ഡ് വൈഡ് റിലീസ് ആയി നേരത്തേ നിശ്ചയിച്ചിരുന്ന എഴുനൂറിലധികം സ്‌ക്രീനുകളില്‍ വൈകുന്നേരത്തോടെ ചിത്രം പ്രദര്‍ശനം ആരംഭിക്കുകയാണെന്ന് അമല പോള്‍ അടക്കമുള്ളവര്‍ ട്വിറ്ററിലൂടെ അറിയിച്ചു. തീയേറ്ററുകള്‍ക്ക് ലഭിക്കേണ്ട കെഡിഎം കീ (കീ ഡെലിവറി മെസേജ്) ലഭിക്കാതിരുന്നതിനെത്തുടര്‍ന്നാണ് ചിത്രത്തിന്റെ നൂണ്‍, മാറ്റിനി ഷോകള്‍ റദ്ദാക്കേണ്ടി വന്നത്. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് ഈ സാഹചര്യം ഉടലെടുത്തതെന്നാണ് വിവരം.

വൈകുന്നേരത്തെ റിലീസിനോടനുബന്ധിച്ച് പുതിയ പോസ്റ്ററും അണിയറക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. 'എല്ലാ ശാപവാക്കുകളും ംൈഗികാധിക്ഷേപങ്ങളും സ്വഭാവഹത്യയും സ്ത്രീവിരുദ്ധതയും കെഡിഎം പ്രതിസന്ധിയും മറികടന്ന് എഴുനൂറിലേറെ തീയേറ്ററുകളില്‍' എന്നാണ് പുതിയ പോസ്റ്ററിലെ പരസ്യ വാചകം. നിങ്ങളുടെ കാത്തിരിപ്പിന് അര്‍ഥമുണ്ടാവുമെന്നാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് അമല പോള്‍ ട്വിറ്ററില്‍ കുറിച്ചത്.

Releasing at 6 PM IST worldwide. We promise you it would be worth the wait. Thank you for your continued support! 🙏 pic.twitter.com/AswyA22kp3

— Amala Paul ⭐️ (@Amala_ams)

സമീപകാലത്ത് കോളിവുഡില്‍ ഏറ്റവുമധികം കാത്തിരിപ്പുയര്‍ത്തിയ സിനിമയാണ് 'ആടൈ'. രത്‌നകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 'കാമിനി' എന്ന കഥാപാത്രമായാണ് അമല എത്തുന്നത്. പ്രീ-പബ്ലിസിറ്റി മെറ്റീരിയലുകളിലൂടെ വമ്പന്‍ പബ്ലിസിറ്റിയാണ് ചിത്രം നേടിയത്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി ഏതാനും ഷോട്ടുകളില്‍ നഗ്നയായി സ്‌ക്രീനിലെത്തുന്ന അമല പോളിന് കൈയടികളേക്കാളേറെ വിമര്‍ശനങ്ങളാണ് നേരിടേണ്ടിവന്നത്. നഗ്നതാ പ്രദര്‍ശനമുള്ള ചിത്രത്തിന്റെ പബ്ലിസിറ്റി മെറ്റീരിയലുകള്‍ തടയണമെന്ന് ആവശ്യപ്പെട്ട് അനൈത് മക്കള്‍ കക്ഷി സ്ഥാപക നേതാവ് രാജേശ്വരി പ്രിയ തമിഴ്‌നാട് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

അതേസമയം സാമ്പത്തിക പ്രതിസന്ധികളെത്തുടര്‍ന്ന് നിശ്ചയിച്ച ദിനത്തില്‍ റിലീസ് മുടങ്ങുന്നത് തമിഴ് സിനിമയില്‍ തുടര്‍ക്കഥയാവുകയാണ്. വിജയ് സേതുപതി നായകനായ 'സിന്ധുബാദ്', വിശാലിന്റെ 'അയോഗ്യ' എന്നീ ചിത്രങ്ങളൊക്കെ സമാന പ്രതിസന്ധിയിലൂടെ കടന്നുപോയിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തില്‍ നല്‍കേണ്ട തുകയില്‍ വീഴ്ച വരുത്തുമ്പോഴാണ് പലപ്പോഴും പ്രോസസിംഗ് ലാബുകള്‍ കെഡിഎം തീയേറ്ററുകള്‍ക്ക് നല്‍കാതിരിക്കുന്നത്.

click me!