
മുംബൈ: പ്രായപൂർത്തിയാകുംമുമ്പ് പീഡിപ്പിച്ചെന്ന ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ പരാതിയില്‍ നടനും സംവിധായകനുമായ ആദിത്യ പഞ്ചോളിയെ അറസ്റ്റ് ചെയ്യരുത് എന്ന് കോടതിയുടെ ഇടക്കാല ഉത്തരവ്. ആഗസ്റ്റ് മൂന്ന് വരെ താരത്തെ അറസ്റ്റ് ചെയ്യരുതെന്ന് മുംബൈ ഡിണ്ടോഷി സെഷൻസ് കോടതി ഉത്തരവിട്ടു. കേസില്‍ ഇരുഭാഗങ്ങളുടേയും വാദം കേട്ടതിനുശേഷമാണ് കോടതി നടപടി.
പരാതി രജിസ്റ്റർ ചെയ്യുമ്പോൾ എഫ്ഐആറിൽ രേഖപ്പെടുത്തിയ ജനിച്ച വർഷം തെറ്റാണെന്ന് പഞ്ചോളിയുടെ അഭിഭാഷകൻ പ്രശാന്ത് പാട്ടീൽ കോടതിയിൽ വാദിച്ചു. 1977ലാണ് കങ്കണ ജനിച്ചതെന്നും എന്നാൽ എഫ്ഐആറിൽ 1978 എന്നാണ് കാണിച്ചിരിക്കുന്നതെന്നും പ്രശാന്ത് കോടതിയിൽ പറഞ്ഞു. സംഭവം കഴിഞ്ഞ് 15 വർഷങ്ങൾക്ക് ശേഷമാണ് പഞ്ചോളി തന്നെ ബലാത്സംഗം ചെയ്തെന്ന് കാണിച്ച് കങ്കണ പൊലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നടനെതിരെ പോക്സോ ചുമത്താനായിരുന്നു നടിയുടെ പദ്ധതി. അതിനാലാണ് പ്രായം തെറ്റിച്ച് നൽകിയത്. എന്നാൽ പാസ്പോർട്ടിലും മറ്റ് സർട്ടിഫിക്കറ്റിലും നടിയുടെ കൃത്യമായ പ്രായം തെളിയിക്കുന്നുണ്ടെന്നും പ്രശാന്ത് വ്യക്തമാക്കി.
പതിനാറാം വയസ്സില്‍ ആദിത്യ പഞ്ചോളി തന്നെ ലൈംഗികാക്രമണത്തിന് വിധേയയാക്കി എന്ന കങ്കണയുടെ വെളിപ്പെടുത്തൽ വലിയ കോളിളക്കമാണ് ചലച്ചിത്ര ലോകത്ത് സൃഷ്ടിച്ചത്. ഒരു ടെലിവിഷന്‍ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് കങ്കണയുടെ വെളിപ്പെടുത്തൽ. ഇതിന് പിന്നാലെയാണ് ആദിത്യ പഞ്ചോളി തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് കങ്കണ മുംബൈ പൊലീസില്‍ പരാതി നല്‍കിയത്. മുംബൈയിലെ വെര്‍സോവ പൊലീസ് സ്റ്റേഷനിലാണ് പഞ്ചോളിക്കെതിരെ താരം കേസ് രജിസ്റ്റര്‍ ചെയ്തത്. ആദിത്യ പഞ്ചോളി നിരവധി തവണ പീഡിപ്പിച്ചുവെന്നും ഒന്നിച്ചുള്ള സ്വകാര്യ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും കങ്കണ പരാതിയില്‍ ആരോപിച്ചു.
അതേസമയം, കേസിൽ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് കങ്കണയ്ക്കെതിരെ ജനുവരിയിൽ ആദിത്യ പഞ്ചോളി പരാതി നൽകിയിരുന്നു. കങ്കണ നല്‍കിയ പരാതി വ്യാജമാണെന്നും താരത്തിന്റെ അഭിഭാഷകന്‍ റിസ്‌വാന്‍ സിദ്ദിഖി തന്നെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പഞ്ചോളി പരാതിയിൽ ആരോപിച്ചു. ഇതിന് തെളിവായി റിസ്‌വാന്‍ സിദ്ദിഖി തന്നെ ഭീഷണിപ്പെടുത്തുന്നതിന്റെ ഫോൺ കോളുകളും സന്ദേശങ്ങളും പഞ്ചോളി പൊലീസിന് കൈമാറിയിരുന്നു. കങ്കണയ്ക്കും കങ്കണയുടെ സഹോദരിയും മാനേജരുമായ രംഗോലി ചന്ദേല്‍, റിസ്‌വാന്‍ സിദ്ദിഖി എന്നിവർക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും പഞ്ചോളി പരാതിയില്‍ ആവശ്യപ്പെട്ടു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ