ജോർദ്ദാനിൽ നിന്ന് തിരിച്ചെത്തിയ ആടുജീവിതം സിനിമാ സംഘാംഗത്തിന് കൊവിഡ്

By Web TeamFirst Published Jun 3, 2020, 9:33 PM IST
Highlights

പൃഥ്വിരാജ് ഉള്‍പ്പെടെ 58 അംഗ സംഘമായിരുന്നു ആടുജീവിതം സിനിമയുടെ ഷൂട്ടിംഗിന് വേണ്ടി ജോര്‍ദാനിലേക്ക് പോയത്

മലപ്പുറം: കൊവിഡിനിടെ ജോർദ്ദാനിൽ കുടുങ്ങിയ ആടുജീവിതം സിനിമാ സംഘാംഗത്തിന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ജോർദ്ദാനിൽ നിന്ന് നടൻ പൃഥ്വിരാജിനൊപ്പം പ്രത്യേക വിമാനത്തിൽ നാട്ടിൽ തിരിച്ചെത്തിയതായിരുന്നു.

മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. അറബിക് അദ്ധ്യാപകനായ ഇദ്ദേഹം ആടുജീവിതം സിനിമാ സംഘത്തിനൊപ്പം ട്രാൻസ്‌ലേറ്ററായാണ് പ്രവർത്തിച്ചത്. മാർച്ച് 17 നാണ് ഇദ്ദേഹം അമ്മാനിലെത്തിയത്. ഈ ദിവസം മുതൽ അമ്മാൻ വിമാനത്താവളം കൊവിഡിനെ തുടർന്ന് അടച്ചു. തുടർന്ന് നിരീക്ഷണത്തിൽ കഴിഞ്ഞ ഇദ്ദേഹം കൊവിഡില്ലെന്ന് വ്യക്തമായതോടെ സിനിമാ സംഘത്തോടൊപ്പം ചേരുകയായിരുന്നു,

പൃഥ്വിരാജ് ഉള്‍പ്പെടെ 58 അംഗ സംഘമായിരുന്നു ആടുജീവിതം സിനിമയുടെ ഷൂട്ടിംഗിന് വേണ്ടി ജോര്‍ദാനിലേക്ക് പോയത്. രണ്ട് മാസത്തിലേറെയായി ഇവര്‍ ജോര്‍ദാനിൽ തുടരുകയായിരുന്നു. ഇടക്ക് സിനിമാ ചിത്രീകരണം നിലച്ച് പോയെങ്കിലും പ്രതിസന്ധികൾ മറികടന്ന് ഷെഡ്യൂൾ പൂര്‍ത്തിയാക്കാനും സംഘത്തിന് കഴിഞ്ഞിരുന്നു. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ദില്ലി വഴിയാണ് സംഘം നാട്ടിലെത്തിയത്. 

പൃഥ്വിരാജിന്‍റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണ്. സോഷ്യല്‍ മീഡിയ വഴി പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ജോർദ്ദാനിൽ നിന്നും തിരിച്ചെത്തിയതിനെ തുടർന്നാണ് കൊവിഡ് പരിശോധന നടത്തിയത്. ക്വാറന്റീൻ കാലാവധി പൂർത്തിയായ ശേഷം വീട്ടിലേക്ക് പോകുമെന്നും താരം അറിയിച്ചു. 

click me!