ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വദേശിയായ ദീപക് ആത്മഹത്യ ചെയ്തു. വീഡിയോ വൈറലായതിനെ തുടര്‍ന്നുണ്ടായ കടുത്ത മാനസിക സംഘര്‍ഷമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ പറയുന്നു.

സിൽ ലൈംഗിക അതിക്രമമെന്ന പേരിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയെന്ന വാർത്ത വലിയ രീതിയിൽ ചർച്ചയായി മാറിയിരിക്കുകയാണ്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് മരിച്ചത്. തിരക്കുള്ള ബസിൽ ഇയാൾ തന്നോട് മോശമായി പെരുമാറിയെന്ന് കാണിച്ച് യുവതി പോസ്റ്റിട്ടതിന് പിന്നാലെയാണ് സംഭവം. ദീപക്കിന്റെ മരണത്തിൽ യുവതിയ്ക്ക് എതിരെ നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ഇപ്പോഴിതാ യുട്യൂബർ ബഷീർ ബാഷി പറ‍ഞ്ഞ കാര്യങ്ങളും ശ്രദ്ധനേടുകയാണ്.

ആണുങ്ങൾക്കിപ്പോൾ ബസിൽ കയറാൻ പേടിയാണെന്നും അങ്ങനത്തെ സാഹചര്യമാണ് നിലവിലുള്ളതെന്നും ബഷീർ ബാഷി പറയുന്നു. "ശരിക്കും പറഞ്ഞാൽ ആണുങ്ങൾക്ക് ഇപ്പോൾ ബസിൽ കയറാൻ പേടിയാണ്. ബസിൽ എന്ന് മാത്രമല്ല തിരിക്കുള്ളൊരു ബസിൽ കയറാൻ പേടിയാണ്. കാരണം അറിഞ്ഞോ അറിയാതയോ ആരെയെങ്കിലും മുട്ടിയാൽ പിന്നെ പ്രശ്നമാണ്. അങ്ങനത്തെ സാഹചര്യമാണ്", എന്നായിരുന്നു ബഷീർ ബാഷിയുടെ വാക്കുകൾ. ഇതിന് പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രം​ഗത്ത് എത്തിയിരിക്കുന്നത്. "അക്കൗണ്ട് റീച്ചിന് വേണ്ടി ഒരു നിരപരാധിയെ കൊലക്ക് കൊടുത്തു" എന്നാണ് ഇവർ പറയുന്നത്.

കഴിഞ്ഞ രണ്ട് ദിവസമായി ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഷോപ്പിലെ ആവശ്യത്തിനായി ദീപക് കണ്ണൂര് പോയിരുന്നു. അന്ന് ബസില്‍ കയറിപ്പോഴാണ് യുവതി വീഡിയോ ചിത്രീകരിക്കുന്നത്. പിന്നാലെ സോഷ്യല്‍ മീഡിയയിലും ഇവരിത് പങ്കിട്ടു. ഇത് ദീപക്കിനെ കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, യുവാവ് പെരുമാറിയത് ദുരുദ്ദേശ്യത്തോടെയാണെന്നും ഈ ബോധ്യത്തിലാണ് വീഡിയോ എടുത്തതെന്നുമാണ് യുവതിയുടെ പ്രതികരണം.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming