Aashirvad Cinemas : നരസിംഹം മുതൽ ബ്രോ ഡാഡി വരെ, 27 സിനിമകൾ; 22ന്റെ നിറവിൽ ആശിർവാദ് സിനിമാസ്

By Web TeamFirst Published Jan 26, 2022, 7:26 PM IST
Highlights

ബ്രോ ഡാഡിയാണ് ആശിർവാദ് സിനിമാസിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.

ലയാളത്തിലെ മുന്‍നിര ബാനറുകളില്‍ ഒന്നാണ് ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസ് (Aashirvad Cinemas). മലയാള സിനിമയിൽ ഒഴിച്ചു കൂടാനാകാത്ത നിർമ്മാണ കമ്പനിയായി ആശിർവാദ് സിനിമാസ് മാറിയത് ചുരുങ്ങിയ കാലം കൊണ്ടായിരുന്നു. ഇന്നിതാ ഇരുപത്തിരണ്ടിന്റെ നിറവിൽ നിൽക്കുകയാണ് ബാനർ. ഈ അവസരത്തിൽ മോഹൻലാലിനൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുകയാണ് അധികൃതർ. 

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചായിരുന്നു ആഘോഷം. ഇത്രയും കാലം കമ്പനിക്കൊപ്പവും തങ്ങളോടൊപ്പവും സഹകരിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. 

മോഹൻലാലിന്റെ സാരഥിയായിരുന്ന ആന്റണി പെരുമ്പാവൂര്‍ 2000ലാണ് ആശിർവാദ് സിനിമാസ് ആരംഭിക്കുന്നത്. ആദ്യ സിനിമ തന്നെ മലയാളത്തിലെ ഏറ്റവും വലിയ ഇൻഡസ്ട്രിയൽ ഹിറ്റുകളിൽ ഒന്നായി മുദ്രണം ചെയ്യപ്പെട്ട നരസിംഹം ആയിരുന്നു. അതുവരെ മലയാളം കണ്ട എല്ലാ കളക്ഷൻ റെക്കോർഡുകളും തിരുത്തി എഴുതിയ മഹാവിജയം നേടിയ സിനിമ കൂടിയായിരുന്നു ഇത്. മോഹന്‍ലാലിന്‍റെ 'പൂവള്ളി ഇന്ദുചൂഡന്‍' പറഞ്ഞ പഞ്ച് ഡയലോഗുകള്‍ പോലെ ചിത്രത്തിലെ ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ചിരുന്നു. 

ബ്രോ ഡാഡിയാണ് ആശിർവാദ് സിനിമാസിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമെന്ന നിലയിൽ ഏറെ ശ്രദ്ധനേടിയ സിനിമ കൂടിയാണിത്. മോഹൻലാൽ നായകനായി എത്തിയ ചിത്രം ഇന്ന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തി കഴിഞ്ഞു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 

click me!