
ഏതാനും നാളുകൾക്ക് മുമ്പാണ് നടൻ മോഹൻലാൽ പുതിയ കാരവാൻ വാങ്ങിയ വിവരം പുറത്തുവന്നത്. പിന്നാലെ വാഹനത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ കാരവാന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ആശിർവാദ് സിനിമാസ്. ഫൈവ് സ്റ്റാർ ഹോട്ടൽ റൂമിന് സമാനമായ വാഹനത്തിന്റെ വീഡിയോ ഇപ്പോൾ വൈറലാകുകയാണ്.
ഇന്റീരിയറിന്റെയും എക്സ്റ്റീരിയറിന്റെയും മനോഹാരിത വീഡിയോയിൽ ദൃശ്യമാണ്. ആവശ്യമുള്ളപ്പോൾ മാത്രം ഉയർന്നു വരുന്ന വലിയ ടിവി, ഫ്രിഡ്ജ്, വാഷ് റൂം,മേക്കപ്പ് റൂം, ലിവിങ് റൂം അടക്കമുള്ള വൻ സംവിധാനങ്ങളാണ് കാരവാനിൽ ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാലിന്റെ ഇഷ്ട നമ്പറായ 2255 ഈ വാഹനത്തിനും സ്വന്തമാക്കിയിട്ടുണ്ട്. ബ്രൗണ്‍ നിറത്തിലുള്ള കാരവാൻ വാഹന പ്രേമികളുടെ മനംകവരുകയാണ്. ഓജസ് ഓട്ടോമൊബൈല്‍സാണ് ഭാരത് ബെന്‍സിന്റെ 1017 ബസിനെ ആഡംബര കാരവാനായി രൂപപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, മോൺസ്റ്റർ എന്ന ചിത്രമാണ് മോഹന്‍ലാലിന്‍റേതായി ഒടുവില്‍ റിലീസ് ചെയ്തത്. മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖും മോഹൻലാലും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്. പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ തന്നെയാണ് മോൺസ്റ്ററിന്റെയും രചയിതാവ്. ആശിർവാദ് സിനിമാസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിദ്ദിഖ്, ലക്ഷ്‍മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
മലയാളത്തിന്റെ ഹിറ്റ് ഫിലിം മേക്കര്‍ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രവും പ്രഖ്യാപിച്ചിട്ടുണ്ട്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് ചിത്രം നിര്‍മിക്കുന്നത്. 'എലോണ്‍, 'റാം', എന്നിവയാണ് മോഹൻലാലിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്. ഒരിടവേളയ്ക്ക് ശേഷം പുനരാരംഭിച്ച റാമിലാണ് മോഹൻലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.