മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‍കാരം; 'ആവാസവ്യൂഹം' ഒടിടി റിലീസ് നാളെ

By Web TeamFirst Published Aug 3, 2022, 3:46 PM IST
Highlights

സോണി ലിവിലൂടെയാണ് റിലീസ്

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള പുരസ്കാരങ്ങള്‍ നേടിയ ആവാസവ്യൂഹം (Aavasavyuham) ഒടിടി റിലീസിന്. കൃഷാന്ദ് ആര്‍ കെ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം പ്രമുഖ പ്ലാറ്റ്‍ഫോം ആയ സോണി ലിവിലൂടെയാണ് (Sony Liv) പ്രേക്ഷകരിലേക്ക് എത്തുക. നാളെ മുതല്‍ ചിത്രം കാണാനാവും.

ഗുരുതരമായ പാരിസ്ഥിതിക ദുരന്തത്തെ നവീനമായ ഒരു ചലച്ചിത്ര ഭാഷയിലൂടെ തീവ്രമായി ആവിഷ്കരിക്കുന്ന ചിത്രം എന്നാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി ആവാസവ്യൂഹത്തെ വിലയിരുത്തിയത്. 'ഭൂമുഖത്തെ ജീവജാലങ്ങൾ ഉന്മൂലനം ചെയ്യപ്പെടുന്ന ഗുരുതരമായ പാരിസ്ഥിതിക ദുരന്തത്തെ നവീനമായ ഒരു ചലച്ചിത്ര ഭാഷയിലൂടെ തീവ്രമായി ആവിഷ്കരിക്കുന്ന ചിത്രം. നർമരസമാർന്ന ആഖ്യാനരീതി അവലംബിക്കുമ്പോഴും ആവാസ വ്യവസ്ഥയുടെ ആസന്നമായ പതനത്തെക്കുറിച്ചുള്ള ആശങ്കകളെ ഒട്ടും ഗൗരവം ചോരാതെ അവതരിപ്പിച്ച വിസ്മയകരമായ ദൃശ്യാനുഭവം', എന്നായിരുന്നു ജൂറിയുടെ വാക്കുകള്‍.

ALSO READ : യുഎസിലും ബിഗ് റിലീസുമായി 'പാപ്പന്‍'; 58 നഗരങ്ങളില്‍ 62 സ്ക്രീനുകള്‍

പ്രകൃതിയുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും അവയിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലാണ് കൃഷാന്ദ് ആവാസവ്യൂഹം തയ്യാറാക്കിയിരിക്കുന്നത്. പ്രകൃതിയിലേക്കുള്ള കടന്നുകയറ്റങ്ങളെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. പ്രകൃതിയിലെ ആവാസവ്യവസ്ഥയിലെ ജീവികളുടെ പ്രത്യേകതയും സ്വഭാവവും ഈ പ്രതികാരകഥയിലെ കഥാപാത്രങ്ങളുമായി ബന്ധപ്പെടുത്താൻ പ്രേക്ഷകനെ പ്രേരിപ്പിക്കുകയാണ് ചിത്രം. ഒരു ഡോക്യുമെന്ററിയെന്നോണം തുടങ്ങി ഫാന്റസിയുടെ പുതിയ ഉയരങ്ങൾ തേടുകയാണ് ചിത്രം. പരിഷ്കൃത മനുഷ്യരുടെ മുഖ്യധാരാ സമൂഹം ചെയ്തു കൂട്ടുന്ന അസംബന്ധങ്ങളും ക്രൂരതകളും നർമത്തിന്റെ മേമ്പൊടിയോടെ രസകരമായി അവതരിപ്പിച്ചുകൊണ്ട് ഒരു പരീക്ഷണാത്മക ചിത്രത്തിന്റെ അടിത്തറയൊരുക്കിയ രചനാ മികവിനാണ് മികച്ച തിരക്കഥക്കുള്ള പുരസ്കാരം കൃഷാന്ദിനെ തേടിയെത്തിയത്. മലയാള സിനിമകളുടെ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധ പുലര്‍ത്തുന്നതെന്ന് ഇതിനകം പേരെടുത്ത ഒടിടി പ്ലാറ്റ്‍ഫോം ആണ് സോണി ലിവ്. ചുരുളിയും ഭൂതകാലവുമൊക്കെയുള്ള അവരുടെ മലയാളം ലൈബ്രറിയിലേക്ക് അവസാനം എത്തുന്ന ചിത്രമാണ് ആവാസവ്യൂഹം.

click me!