
കൊച്ചി: സിനിമയുടെ ഹാർഡ് ഡിസ്ക് മോഷ്ടിച്ചെന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ 'അഭിലാഷം' സിനിമയുടെ സംവിധായകൻ ഷംസുദീന് ജാമ്യം. തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയാണ് ഷംസുദീന് ജാമ്യം നൽകിയത്. പ്രതി മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ച സാഹചര്യത്തിൽ എന്തിനാണ് തിരക്ക് പിടിച്ച അറസ്റ്റെന്ന് പൊലീസിനോട് കോടതി ചോദിച്ചു. ഫ്ലാറ്റിന്റെ വാതിൽ പൊളിച്ച് രാത്രി അറസ്റ്റ് രേഖപ്പെടുത്തിയ കാര്യത്തില്‍ നാളെ ഹാജരായി വിശദീകരണം നൽകാൻ തൃപ്പൂണിത്തുറ എസ്എച്ച്ഒയ്ക്ക് കോടതി നിർദേശം നല്‍കി. ഫ്ലാറ്റിന്റെ വാതിൽ പൊളിച്ച് രാത്രി അറസ്റ്റ്. ഇന്ന് മുൻകൂർ ജാമ്യം പരിഗണിക്കാൻ ഇരിക്കവേ ഇന്നലെ രാത്രിയായിരുന്നു അറസ്റ്റ്.
അഭിലാഷം എന്ന സിനിമയുടെ നിർമാതാവായ ആന്‍ സരിഗ ആന്‍റണി നല്‍കിയ പരാതിയിലായിരുന്നു ഷംസുദീന്‍റെ അറസ്റ്റ്. സംവിധായകന് പുറമേ സിനിമയുടെ അസോസിയേറ്റ് ഡയറക്ടറും എഡിറ്ററും ക്യാമറമാനും കേസിൽ പ്രതികളാണ്. നിർമ്മാതാവ് നൽകിയത് വ്യാജമായ പരാതിയാണെന്ന് ഷംസുദീൻ സെയ്ബ ആരോപിക്കുന്നു. സിനിമയുടെ ഹാർഡ് സിസ്കുകൾ കൈവശപ്പെടുത്തിയിട്ടില്ല. ഒടിടി റിലീസിന് വരെ എല്ലാ കാര്യങ്ങളും സംവിധായകൻ എന്ന നിലയിൽ ചെയ്തു കൊടുത്തിരുന്നുവെന്നും കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൗജു കുറുപ്പും തന്‍വി റാമും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് അഭിലാഷം. രണ്ട് കോടി 25 ലക്ഷം രൂപയ്ക്ക് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാം എന്നായിരുന്നു ഷംസുദീന്‍ അറിയിച്ചിരുന്നത്. പക്ഷേ ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ ഏതാണ്ട് 3 കോടി 25 ലക്ഷം രൂപ ചെലവായി എന്ന് ആന്‍ സരിഗ പറയുന്നു. തന്നെ കബളിപ്പിക്കുകയും വിശ്വാസ വഞ്ചന നടത്തുകയും ചെയ്തുവെന്നും ഇവര്‍ പറയുന്നു. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ ശേഷമുള്ള മാസ്റ്റര്‍ ഔട്ട് തന്‍റെ അനുവാദം ഇല്ലാതെ മറ്റൊരു പാര്‍ട്ടിക്ക് മറിച്ച് കൊടുത്തു എന്നും പരാതിയില്‍ പറയുന്നു. ഫെബ്രുവരി രണ്ടാം തീയതിയാണ് തൃപ്പുണ്ണിത്തുറ ഹില്‍ പാലസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റുള്ളവര്‍ക്ക് നേരെയും നടപടി ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ