ഇന്നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. 

റോഷാക്ക് സംവിധായകന്‍ നിസാം ബഷീറിന്‍റെ അടുത്ത ചിത്രത്തില്‍ പൃഥ്വിരാജ് നായകന്‍, പാര്‍വതി തിരുവോത്ത് നായിക. ഐ നോബഡി എന്ന ചിത്രത്തിന്‍റെ യുഎസ്പി ഇതായിരുന്നു. പ്രൊമോഷണല്‍ മെറ്റീരിയലുകളിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം ഇന്നാണ് തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ ചിത്രം ആദ്യ ദിനം തന്നെ കണ്ട് അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ അനുരാഗ് കശ്യപ്. സിനിമാപ്രേമികളുടെ സോഷ്യല്‍ നെറ്റ്‍വര്‍ക്കിംഗ് സര്‍വ്വീസ് ആയ ലെറ്റര്‍ബോക്സ്ഡില്‍ ആണ് അനുരാഗ് തന്‍റെ ഐ നോബഡി റിവ്യൂ പങ്കുവച്ചിരിക്കുന്നത്.

“എനിക്ക് വളരെ ഇഷ്ടപ്പെട്ടു. തുടക്കം മുതല്‍ ഒടുക്കം വരെ നിങ്ങളെ പിടിച്ചിരുത്തുന്നു. കൂടുതല്‍ മുഖ്യധാരയില്‍ ഉള്ളതും ത്രില്ലിംഗുമാണ് ഇത്. എന്നെ അലോസരപ്പെടുത്തിയ ഒരേയൊരു കാര്യം ഒരു സാധാരണക്കാരന്‍ ഒരേ സമയം ഇത്രയധികം ഗുണ്ടകളുമായി ഫൈറ്റ് ചെയ്യുന്നതാണ്. പക്ഷേ പ്രേക്ഷകര്‍ അത് ആസ്വദിക്കുമെന്ന് ഞാന്‍ കരുതുന്നു. മൊത്തത്തില്‍ പറഞ്ഞാല്‍ ആര്‍ത്തി, സമൂഹം, മാധ്യമ വിചാരണ, പൊലീസിംഗ്, രാഷ്ട്രീയം എന്നിവയുടെയൊക്കെ ചുറ്റുമുള്ള ഒരു ടോട്ടല്‍ റൈഡ്”, അനുരാഗ് കശ്യപ് ലെറ്റര്‍ബോക്സ്ഡില്‍ കുറിച്ചു.

പൃഥ്വിരാജിനും പാര്‍വ്വതിക്കുമൊപ്പം ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രൻ, സന അൽതാഫ്, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനേശ് ആലപ്പുഴ, റോണി വർഗീസ്, മനോജ് കെ യു, ഇർഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രൻ, ആൽബിൻ അലക്സ്, ജിതിൻ മദനൻ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ 4 എക്സ്പെരിമെന്റസിന്റെയും ബാനറുകളില്‍ സുപ്രിയ മേനോനും മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്നാണ് 'ഐ നോബഡി' നിർമ്മിക്കുന്നത്. റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സമീര്‍ അബ്ദുളാണ് ഐ, നോബഡിയുടെയും രചന നിർവഹിക്കുന്നത്. എന്ന് നിന്റെ മൊയ്തീൻ, കൂടെ തുടങ്ങിയ സൂപ്പർഹിറ്റുകൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. വാനിക്ക് ബെൻ, കലൈ കിംഗ്സ്റ്റൺ, അമിത് ജോളി ബാസ്റ്റിൻ എന്നിവർ ഒരുക്കുന്ന 5 ഹൈ വോൾട്ടേജ് ആക്ഷൻ രംഗങ്ങളും കാർ ചേസ് രംഗങ്ങളും ചിത്രത്തിലുണ്ട്.

Asianet News Live | Malayalam Live News | Wayanad Landslide | Breaking News | HD News Streaming