'ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍'; 79ന്‍റെ നിറവില്‍ ഇന്ത്യന്‍ സിനിമയുടെ 'ബിഗ് ബി'

By Web TeamFirst Published Oct 11, 2021, 7:59 AM IST
Highlights

രണ്ടായിരത്തിനു ശേഷം ബോളിവുഡ് സിനിമാപ്രേമി സ്ക്രീനില്‍ കണ്ട ബച്ചന്‍ മറ്റൊരാളായിരുന്നു. 

ന്ത്യന്‍ വെള്ളിത്തിരയുടെ 'ബിഗ് ബി',(big B) അമിതാഭ് ശ്രീവാസ്‍തവ എന്ന അമിതാഭ് ബച്ചന്(amitabh bachchan) ഇന്ന് പിറന്നാള്‍(birthday). പ്രായത്തെ ശാരീരികമായി മറയ്ക്കാന്‍ ശ്രമിക്കാതെ, ബോളിവുഡില്‍(bollywood) തന്‍റെ വെറ്ററന്‍ ഇന്നിംഗ്‍സ് വിജയകരമായി കളിച്ചുകൊണ്ടിരിക്കുന്ന ബച്ചന്‍റെ ആരാധകരെ സംബന്ധിച്ച് തങ്ങളുടെ പ്രിയതാരത്തിന് പ്രായം വെറുമൊരു സംഖ്യ മാത്രമാണ്. അദ്ദേഹത്തിന്‍റെ അരനൂറ്റാണ്ട് പിന്നിടുന്ന കരിയറിലേക്ക് കണ്ണോടിച്ചാല്‍, സഹൃദയരൊക്കെ സമ്മതിക്കും പഴകും തോറും വീര്യമേറുന്ന വീഞ്ഞുപോലെയാണ് ബച്ചന്‍ എന്ന കാര്യം.

മലയാള സിനിമയുടെ കാരണവര്‍ മധുവിനൊപ്പമെത്തിയ, ഖ്വാജ അഹമ്മദ് അബ്ബാസിന്‍റെ 1969 ചിത്രം 'സാത്ത് ഹിന്ദുസ്ഥാനി' മുതല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 27ന് തിയറ്ററുകളിലും പിന്നാലെ ഒടിടിയിലുമെത്തിയ 'ചെഹ്‍രെ' വരെ ഒരു അഭിനേതാവിന്‍റെ വിവിധ ഘട്ടങ്ങള്‍ മനോഹരമായി പകര്‍ന്നാടിയ ജീവിതമാണ് അമിതാഭ് ബച്ചന്‍റേത്. ആദ്യ ഫിലിംഫെയര്‍ അവാര്‍ഡ് നേടിക്കൊടുത്ത 'ആനന്ദും' 'പര്‍വാന'യുമൊക്കെ അഭിനയിച്ച, താരപദവിയിലേക്ക് എത്തുന്നതിനു മുന്‍പുള്ള ഒരു കാലം. പക്ഷേ അവയില്‍ മിക്കതും ബോക്സ് ഓഫീസ് പരാജയങ്ങളായതുകൊണ്ടുതന്നെ ബച്ചനെ വരാനിരിക്കുന്ന നായക നടനായി പരക്കെ പരിഗണിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ ഇരട്ട തിരക്കഥാകൃത്തുക്കളായ സലിം-ജാവേദ് 1973ല്‍ ബച്ചനിലെ നടനെയും താരത്തെയും 'കണ്ടെത്തുന്നതോടെ' ഇന്ത്യന്‍ സ്ക്രീനിലെ മറ്റൊരു യുഗം ആരംഭിച്ചു. പ്രകാശ് മെഹ്‍റയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ആക്ഷന്‍ ത്രില്ലര്‍ 'സഞ്ജീര്‍' ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി. സിനിമയെന്നാല്‍ പ്രണയമെന്ന പതിവിനു പുറത്ത് ബിഗ് സ്ക്രീനിലെ 'ക്ഷുഭിത യൗവനം' എന്ന പ്രതിച്ഛായ കൂടിയാണ് ഈ ചിത്രം ബച്ചന് നേടിക്കൊടുത്തത്. തലയെടുപ്പുള്ള ഒരു സൂപ്പര്‍താരത്തിന്‍റെ വളര്‍ച്ചയുടെ പ്രധാന ഘട്ടവും അവിടെ ആരംഭിച്ചു.

ആദ്യകാല ബച്ചന്‍ ചിത്രങ്ങളില്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന ദീവാറിലെയും ഷോലെയിലെയുമൊക്കെ നായകന്മാര്‍ അമിതാഭ് ബച്ചനെ മനസ്സില്‍ കണ്ടുതന്നെ സലിം-ജാവേദ് കടലാസിലേക്ക് പകര്‍ത്തിയവരായിരുന്നു. 1975 ഓഗസ്റ്റ് 15ന് തിയറ്ററുകളിലെത്തിയ ഷോലെ ഇന്ത്യന്‍ സിനിമയില്‍ അതുവരെയുണ്ടായിരുന്ന മുഴുവന്‍ കളക്ഷന്‍ റെക്കോര്‍ഡുകളും മാറ്റിയെഴുതി. മന്‍മോഹന്‍ ദേശായി, പ്രകാശ് മെഹ്‍റ, യാഷ് ചോപ്ര എന്നിങ്ങനെയും ബച്ചന് വിജയകരമായ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാന്‍ സാധിച്ചു. സംവിധാനങ്ങളില്‍ അങ്ങേയറ്റം അതൃപ്‍തരായ, അവയോട് കലഹിക്കാന്‍ ആഗ്രഹിച്ച എഴുപതുകളിലെ ഇന്ത്യന്‍ യുവതയ്ക്കുവേണ്ടി തിരശ്ശീലയില്‍ സംസാരിക്കുകയായിരുന്നു അമിതാഭ് ബച്ചന്‍റെ നായകന്മാര്‍.

പിന്നീടങ്ങോട്ട് എണ്‍പതുകളുടെ അവസാനം വരെയുള്ള ഹിന്ദി സിനിമ ഒരര്‍ഥത്തില്‍ അമിതാഭ് ബച്ചന്‍റേത് മാത്രമായിരുന്നു. ആ താരപ്രഭാവത്തോടും നേടുന്ന ബോക്സ് ഓഫീസ് വിജയത്തോടും കിടപിടിക്കാനുള്ള താരങ്ങള്‍ വേറെ ഉണ്ടായിരുന്നില്ല. എഴുപതികളുടെ ആദ്യ പകുതിയിലെ 'ക്ഷോഭിക്കുന്ന യുവാവി'ല്‍ നിന്നും വിവിധ ഗണങ്ങളിലുള്ള സിനിമകളില്‍ വ്യത്യസ്‍ത സ്വഭാവക്കാരായ നായകന്മാരായി അമിതാഭ് ബച്ചന്‍ പ്രത്യക്ഷപ്പെട്ടു. പ്രിയതാരത്തെ ഒന്നിലധികം കഥാപാത്രങ്ങളായി ആരാധകര്‍ക്കു മുന്നില്‍ അവതരിപ്പിക്കാനുള്ള മുഖ്യധാരാ സിനിമയുടെ ശ്രമം ആരംഭിച്ചതും അമിതാഭ് ബച്ചനില്‍ നിന്നായിരിക്കണം. നരേന്ദ്ര ബേദിയുടെ സംവിധാനത്തില്‍ 1976ല്‍ പുറത്തെത്തിയ 'അദാലത്തി'ലെ അച്ഛനിലും മകനിലും തുടങ്ങി നിരവധി ചിത്രങ്ങളില്‍ ബച്ചന്‍ ഇരട്ട കഥാപാത്രങ്ങളായി എത്തി. അമര്‍ അക്ബര്‍ ആന്‍റണി, മുഖദ്ദര്‍ കാ സിക്കന്ദര്‍, ത്രിശൂല്‍, ഡോണ്‍, സുഹാഗ്, കാല പത്ഥര്‍, ദോസ്‍താന, മര്‍ദ് തുടങ്ങി, 1982ല്‍ 'കൂലി'യുടെ സെറ്റില്‍വച്ച് പരുക്കേറ്റ് സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുന്നതുവരെ അമിതാഭ് ബച്ചന്‍ സമം വന്‍വിജയം എന്നതായിരുന്നു ബോളിവുഡിന്‍റെ സമവാക്യം.

തൊട്ടതെല്ലാം പൊന്നാക്കിയ ആ കാലയളവിനു ശേഷം ഒരിക്കലും വന്‍ വിജയങ്ങള്‍ അമിതാഭ് ബച്ചനെ അത്രത്തോളം കടാക്ഷിച്ചിട്ടില്ല. 1988ല്‍, സിനിമയിലേക്ക് തിരിച്ചെത്തിയ 'ഷഹെന്‍ഷാ' വിജയം നേടിയെങ്കിലും തൊട്ടടുത്ത വര്‍ഷമെത്തിയ ജാദൂഗര്‍, തൂഫാന്‍ അടക്കമുള്ള ചിത്രങ്ങളൊക്കെ പരാജയമായി. അതേസമയം ബോക്സ് ഓഫീസ് പരാജയങ്ങള്‍ തന്നിലെ നടനെ നവീകരിക്കാനുള്ള അവസരമായിക്കൂടിയാണ് ബച്ചന്‍ കണ്ടത്. മുകുള്‍ എസ് ആനന്ദിന്‍റെ സംവിധാനത്തില്‍ 1990ല്‍ പുറത്തിറങ്ങിയ 'അഗ്നിപഥി'ലെ അഭിനയത്തിനാണ് അദ്ദേഹത്തിന് ആദ്യത്തെ ദേശീയ അവാര്‍ഡ് ലഭിക്കുന്നത്. എന്നാല്‍ സിനിമയ്ക്ക് താല്‍ക്കാലിക അവധി ബിസിനസ് രംഗത്തേക്ക് ചുവടു വെക്കാനായിരുന്നു അദ്ദേഹത്തിന്‍റെ തീരുമാനം. എന്നാല്‍ അമിതാഭ് ബച്ചന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (എബിസിഎല്‍) എന്ന സ്ഥാപനം കടക്കെണിയിലേക്കും നീണ്ടുപോയ നിയമ വ്യവഹാരങ്ങളിലേക്കുമാണ് ബിഗ് ബിയെ കൊണ്ടെത്തിച്ചത്.

രണ്ടായിരത്തിനു ശേഷം ബോളിവുഡ് സിനിമാപ്രേമി സ്ക്രീനില്‍ കണ്ട ബച്ചന്‍ മറ്റൊരാളായിരുന്നു. പഴയ നായകന്‍റെ കുപ്പായമൊക്കെ അഴിച്ചുവച്ച് പ്രായത്തിന്‍റേതായ ഒരു പ്രഭാവം എടുത്തണിഞ്ഞ ബിഗ് ബി അഭിനയത്തിലെ തന്‍റെ പുതിയ ഘട്ടം ആരംഭിച്ചു. 2000ല്‍ പുറത്തെത്തിയ, ആദിത്യ ചോപ്രയുടെ 'മൊഹബത്തേന്‍' ആയിരുന്നു അതിനു തുടക്കം. അമിതാഭ് ബച്ചനൊപ്പമുള്ള കൗതുകകരമായ താരക്കൂട്ടുകെട്ടുകളും ഈ ചിത്രത്തോടെ ആരംഭിച്ചു. കഭി ഖുഷി കഭി ഗം, അക്സ്, കാണ്ഡെ, ദേവ് തുടങ്ങി സ്ക്രീനിലെ 'പുതിയ ബച്ചന്‍' കാണികളുടെ മനസ്സിലും വളരുകയായിരുന്നു. സഞ്ജയ് ലീല ബന്‍സാലിയുടെ ബ്ലാക്ക്, രാം ഗോപാല്‍ വര്‍മ്മയുടെ സര്‍ക്കാര്‍, നിശബ്ദ്, ചീനീ കം, പാ, പികു, പിങ്ക് എന്നിവയൊക്കെയാണ് പില്‍ക്കാലത്തെ അമിതാഭ് ബച്ചന്‍റെ ശ്രദ്ധേയ പ്രകടനങ്ങള്‍.

നാരഗാജ് മഞ്ജുളെയുടെ 'ഝൂണ്ഡ്', അയന്‍ മുഖര്‍ജിയുടെ ബ്രഹ്മാസ്ത്ര, രമേഷ് അരവിന്ദിന്‍റെ ബട്ടര്‍ഫ്ളൈ, അജയ് ദേവ്‍ഗണ്‍ സംവിധാനം ചെയ്യുന്ന മെയ്‍ ഡേ, വികാസ് ബാലിന്‍റെ ഗുഡ്‍ബൈ എന്നിങ്ങനെ ഒട്ടേറെ കൗതുകമുണര്‍ത്തുന്ന പ്രോജക്റ്റുകളാണ് അമിതാഭ് ബച്ചന്‍റേതായി പുറത്തുവരാനുള്ളത്. 

click me!