ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥാ പൂജ വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്നു.
'തുടരും' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം മോഹൻലാൽ- തരുൺ മൂർത്തി കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ജനുവരി 23 നാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത്. ഇപ്പോഴിതാ അതിന് മുന്നോടിയായി വൈക്കം മഹാദേവ ക്ഷേത്രത്തിലെത്തി തിരക്കഥ പൂജയ്ക്ക് വച്ചിരിക്കുകയാണ് തരുൺ മൂർത്തി. തന്റെ കലയും എഴുത്തുമെല്ലാം ജനിച്ചത് വൈക്കം മഹാദേവ ക്ഷേത്രത്തിൽ നിന്നാണെന്നും, അവിടെ നിന്നും ആരംഭിക്കുന്നതിനേക്കാൾ വലിയ സന്തോഷം വേറെയില്ലെന്നും തരുൺ മൂർത്തി കുറിച്ചു.
"എന്റെ എല്ലാ സിനിമകളും ആരംഭിക്കുന്നത് വൈക്കം മഹാദേവ ക്ഷേത്രത്തിൽ നിന്നാണ്. എന്റെ കല, എഴുത്ത് എല്ലാം ജനിച്ചത് ഇവിടെയാണ്. ഈ പുണ്യസ്ഥലത്ത് നിന്ന് വീണ്ടും ആരംഭിക്കുന്നതിനേക്കാൾ വലിയ ആനന്ദം മറ്റൊന്നില്ല." തരുൺ മൂർത്തി കുറിച്ചു.
അതേസമയം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. മോഹൻലാലിനെ നായകനാക്കി നവാഗതനായ ഓസ്റ്റിൻ ഡാൻ തോമസ് സംവിധാനം ചെയ്യാനിരുന്ന ചിത്രം ഡ്രോപ്പ് ആയതിന് ശേഷമാണ് ഇതേ ബാനറിൽ പുതിയ ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിനായുള്ള ലൊക്കേഷന്‍ ഹണ്ടിംഗിനിടെ തരുണ്‍ മൂര്‍ത്തി ഇന്നലെ പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ചർച്ചയായിരുന്നു. രതീഷ് രവിയാണ് ചിത്രത്തിന്റെ കഥ.
ആഷിഖ് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്. ദൃശ്യം 3 ന് ശേഷം നായകനായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രവുമാണ്. മോഹന്‍ലാലിന്‍റെ കരിയറിലെ 365-ാം ചിത്രവുമാണ് ഇത്. ചിത്രത്തിന്‍റെ കൂടുതല്‍ അപ്ഡേറ്റുകള്‍ വരും ദിവസങ്ങളില്‍ പുറത്തെത്തും.



