ലഹരി പാര്‍ട്ടി: നടി അനന്യ പാണ്ഡെയെ ചോദ്യം ചെയ്‍ത് എന്‍സിബി; ഫോണും ലാപ്‍‍ടോപ്പും പിടിച്ചെടുത്തു

By Web TeamFirst Published Oct 21, 2021, 5:26 PM IST
Highlights

ആര്യന്‍ ഖാന്‍റെ സഹോദരി സുഹാനയുടെ അടുത്ത സുഹൃത്തുമാണ് അനന്യ. അച്ഛന്‍ ചങ്കി പാണ്ഡെയുമൊത്താണ് അനന്യ ചോദ്യംചെയ്യലിന് ഹാജരായത്.

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ (Drug Party Case) ബോളിവുഡ് നടി അനന്യ പാണ്ഡെയെ (Ananya Panday) ചോദ്യം ചെയ്‍ത് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി/ NCB). എന്‍സിബി ഓഫീസില്‍ വച്ചായിരുന്നു ചോദ്യംചെയ്യല്‍. അനന്യയുടെ വീട്ടില്‍ നടത്തിയ റെയ്‍ഡില്‍ നടിയുടെ ഫോണും ലാപ് ടോപ്പും എന്‍സിബി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുമുണ്ട്. 

'റെയ്‍ഡ് അല്ല, ഷാരൂഖിന്‍റെ വസതിയിലെത്തിയത് നോട്ടീസ് നൽകാൻ', പ്രതികരിച്ച് സമീർ വാങ്കഡേ

കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാളുടെ വാട്‍സ്ആപ്പ് ചാറ്റില്‍ അനന്യ പാണ്ഡെയുടെ പേര് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു ചോദ്യംചെയ്യലും പരിശോധനയും. കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച് 2019ല്‍ റിലീസ് ആയ 'സ്റ്റുഡന്‍റ് ഓഫ് ദ് ഇയര്‍ 2'ല്‍ നായികയായി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച അനന്യ വളരെവേഗം പ്രേക്ഷകശ്രദ്ധ നേടിയെടുത്ത നടിയാണ്. ആര്യന്‍ ഖാന്‍റെ സഹോദരി സുഹാനയുടെ അടുത്ത സുഹൃത്തുമാണ് അനന്യ. അച്ഛന്‍ ചങ്കി പാണ്ഡെയുമൊത്താണ് അനന്യ ചോദ്യംചെയ്യലിന് ഹാജരായത്.

മൂന്നാഴ്ചയായി ആര്യൻ ജയിലിൽ; ഒടുവിൽ മകനെ കാണാൻ ഷാരൂഖ് ഖാൻ എത്തി

അതേസമയം കഴിഞ്ഞ ദിവസം ജാമ്യം നിഷേധിക്കപ്പെട്ട മകന്‍ ആര്യന്‍ ഖാനെ സന്ദര്‍ശിക്കാന്‍ നടന്‍ ഷാരൂഖ് ഖാന്‍ ഇന്ന് ആര്‍തര്‍ റോഡ് ജയിലില്‍ എത്തിയിരുന്നു. അറസ്റ്റിനു ശേഷം ആദ്യമായാണ് ഷാരൂഖ് മകനെ കാണാന്‍ എത്തുന്നത്. കഴിഞ്ഞ ദിവസം ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക എന്‍ഡിപിഎസ് സെഷന്‍സ് കോടതിയാണ് തള്ളിയത്. ആര്യനൊപ്പം കൂട്ടുപ്രതികളായ മുന്‍മുന്‍ ധമേച്ച, അര്‍ബാസ് മര്‍ച്ചന്‍റ് എന്നിവരുടെ ജാമ്യാപേക്ഷകളും കോടതി തള്ളിയിരുന്നു. ആര്യനില്‍ നിന്ന് ലഹരി മരുന്ന് കണ്ടെടുക്കാത്ത സാഹചര്യം കൂടി പരിഗണിച്ച് ജാമ്യം നൽകണമെന്നാണ് രണ്ട് ദിവസം നീണ്ടുനിന്ന വാദത്തിനിടെ ആര്യന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. എന്നാൽ വാട്‍സ് ആപ്പ് ചാറ്റുകളിൽ നിന്ന് അന്താരാഷ്ട്ര ലഹരി മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന തെളിവ് കിട്ടിയതായി എൻസിബി വാദിക്കുക ആയിരുന്നു. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ആര്യന്‍ ഒരു പുതുമുഖ നടിയുമായി നടത്തിയ ചാറ്റ് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കോടതിയിൽ സമർപ്പിച്ചിരുന്നു.

ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷ മുംബൈ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും

അതേസമയം എന്‍സിബി സംഘം ഇന്നു രാവിലെ ഷാരൂഖ് ഖാന്‍റെ വസതിയായ മന്നത്തില്‍ എത്തിയിരുന്നു. പരിശോധനയ്ക്കായാണ് സംഘം എത്തിയതെന്നാണ് ആദ്യം ലഭിച്ച വിവരമെങ്കിലും നടന്നത് റെയ്‍ഡ് അല്ലെന്ന് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പിന്നീട് അറിയിച്ചു. ആര്യന്‍റെ കൈവശമുണ്ടായിരുന്ന കൂടുതൽ ഇലക്ട്രോണിക് ഉപകരണങ്ങൾ കൈമാറണമെന്ന് നോട്ടീസ് നൽകാനും ചില രേഖകൾ നൽകാനുമാണ് മന്നത്തിൽ പോയതെന്നാണ് സമീർ വാങ്കഡെ അറിയിച്ചത്. ആതേസമയം ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി അടുത്ത ചൊവ്വാഴ്ച പരിഗണിക്കും. ആര്യൻ ഖാന് ഒപ്പം അറസ്റ്റിലായ മുൻ മൺ ധമേച്ചയുടെ ഹർജിയിലും ചൊവ്വാഴ്ച വാദം കേൾക്കും.

click me!