
ഒരുകാലത്ത് സിനിമ- ടെലിവിഷൻ രംഗത്ത് തിളങ്ങി നിന്ന താരമായിരുന്നു കനകലത. ഏതാനും ദിവസങ്ങൾക്ക് മുൻപ് അവരുടെ ആരോഗ്യാവസ്ഥയുമായി ബന്ധപ്പെട്ട് വന്ന വാർത്ത മലയാളികളെ ദുഃഖത്തിൽ ആഴ്ത്തിയിരുന്നു. പാര്‍ക്കിൻസണ്‍സും ഡിമെൻഷ്യയും ബാധിച്ച് അവശനിലയിലാണ് കനകലത ഇപ്പോൾ. ഈ അവസരത്തിൽ നിരവധി ഷോകളിലും സീരിയലുകളിലുമൊക്കെ കനകലതയ്ക്ക് ഒപ്പം അഭിനയിച്ച അനീഷ് രവി, നടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
കഴിഞ്ഞ ദിവസം കനകലതയുടെ വീട്ടിൽ പോയ വിവരമാണ് അനീഷ് രവി പങ്കുവയ്ക്കുന്നത്. തന്റെ അമ്മയായും ചേച്ചിയായും ഒക്കെ സ്‌ക്രീൻ പങ്കിട്ട നിമിഷങ്ങളെ കുറിച്ചും അനീഷ് ഓർക്കുന്നുണ്ട്. വിജയകുമാരി ചേച്ചിയും അപ്പുണ്ണിയും ചേച്ചിയെ പൊന്നുപോലെ നോക്കുന്നത് കണ്ടപ്പോ സന്തോഷമായെന്നും അനീഷ് രവി കുറിക്കുന്നു.
അനീഷ് രവിയുടെ വാക്കുകൾ ഇങ്ങനെ
ഷൂട്ട് കഴിഞ്ഞ് നേരെ പൊറ്റയിലേയ്ക്ക് (മങ്കാട്ടു കടവിന് സമീപം ) അവിടെ കനകം എന്ന വീട്ടിലേയ്ക്ക് .. ഉള്ളിലുള്ളത് പറഞ്ഞാലല്ലേ അറിയൂ എന്ന് ചിലർ ചിലപ്പോ പറയാറുണ്ട് എന്നാൽ .....എത്രപറഞ്ഞാലും മറ്റുള്ളവർക്ക് മനസിലാകാത്ത ചില ബന്ധങ്ങൾ കൂടി ഉണ്ട് ..!
പരസ്പരം കാണുമ്പോ ...ഒന്നും പറയാതെ തന്നെ ...കണ്ണുകളിൽ നിറയുന്ന നനവിന്റെ സ്നേഹ ജലം അലിഞ്ഞിറങ്ങുന്നത് ...ഇന്നലെ ഞാൻ കണ്ടു ....ജീവിതത്തിന്റെ പകുതി മുക്കാലും കുടുംബത്തിനായി മാറ്റിവച്ച് ചെയ്തു തീർക്കണമെന്ന് മനസ്സിലാഗ്രഹിച്ച കാര്യങ്ങളൊക്കെ ചെയ്തു തീർത്ത്..പിന്നെ ഒന്നുമറിയാത്ത ബാല്യത്തിലേയ്ക്കൊരു തിരിഞ്ഞു പോക്ക്
എങ്കിലും ...എന്നെ കണ്ടതും വിറയ്ക്കുന്ന ചുണ്ടുകളോടും നനയുന്ന മിഴികളോടുമായി ചിതറിയ ശബ്ദത്തിൽ ചേച്ചി പറയുന്നുണ്ടായിരുന്നു..അ നീ ..ശ് ഷ് എന്റെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി ...ചേച്ചിയെ ഞാനും അപ്പുണ്ണിയും ചേർന്ന് പിടിച്ചെഴുന്നേല്പിച്ചു.
പുറത്തു കൊണ്ട് വന്നിരുത്തി കുറെ നേരം ഞങ്ങൾ നോക്കിയിരുന്നു ...നിശബ്ദ മായ കുറെ നിമിഷങ്ങൾ.രാവിലെ എല്ലാവരോടും വാതോരാതെ ചിരിച്ചും തമാശകൾ പറഞ്ഞുമൊക്കെ ഇരുന്ന എന്റെ നാവുകൾ ഈ ദിവസത്തിന്റെ രണ്ടാം പകുതിയിൽ വറ്റി വരണ്ടത് പോലെ തോന്നി .......കണ്ണുകൾ തുളുമ്പുന്നത് കൊണ്ടാവും ഇടയ്ക്കിടയ്ക്ക് എനിയ്ക്ക് ചേച്ചിയുടെ മുഖം വ്യക്തമാകുന്നുണ്ടായിരുന്നില്ല ...
ഒന്നും പറയാതെ മിണ്ടാതിരിയ്ക്കുമ്പോഴും എന്റെ ഓർമ്മകൾ വര്ഷങ്ങള്ക്കു പിന്നിലേയ്ക്ക് ഓടിനടക്കുകയായിരിന്നു. ഞാൻ ആദ്യമായി ഒരു മെഗാ ഷോയ്ക്ക് അവതാരകന്റെ വേഷം കെട്ടുന്നത്. സ്റ്റേജിൽ ഡാൻസ് കളിയ്ക്കുന്നത്, സ്കിറ്റ് കളിയ്ക്കുന്നതൊക്കെ കൈരളി കലാമന്ദിർ ടീമിനൊപ്പമാണ്. അതിന്റെ അമരക്കാരാണ് ഗുരു തുല്യരായ കാര്യവട്ടം ശശികുമാറും കനക ലതചേച്ചിയും ...
അന്ന് പാപ്പനം കോടുള്ള അവരുടെ മനോഹരമായ വീട്ടിലായിരുന്നു ഞങ്ങളെല്ലാം ...സായിചേട്ടനും (സായ്കുമാർ ) കല്പനച്ചേച്ചിയും തുടങ്ങി പത്തിരുപതോളം പേർ. എത്ര എത്ര യാത്രകൾ വേദികൾ ....ഓർമ്മകൾ തിരികെ എത്തുമ്പോ ...വന്ന നേരം മുതൽ ചേച്ചി ചോദിച്ച ചോദ്യം വീണ്ടും ആവർത്തിച്ചു എങ് ങി നെ യാ വന്നേ .... ഞാൻ വീണ്ടും പറഞ്ഞു കാറിൽ ... ഇടക്കിടയ്ക്ക് പരിശ്രമിച്ചുയർത്തിയ കൈ കൊണ്ട് എന്റെ കവിളിൽ തൊട്ട് ഉമ്മ വയ്ക്കും ...എൻറെ അമ്മയായും ചേച്ചിയായും ഒക്കെ സ്‌ക്രീനിൽ വന്നു മാഞ്ഞ് പോയെങ്കിലും മനസിൽ മായാതെ നിൽക്കുന്ന അതിലും വലിയ ഒരു ആത്മ ബന്ധം ഉള്ളതുപോലെ എനിയ്ക്കു തോന്നുന്നു ..അതാണ് ഇന്നലെ എന്നെ അവിടെ എത്തിച്ചത് ...
'കണ്ണൂർ സ്ക്വാഡി'ന്റെ പടയോട്ടം, താളമൊരുക്കിയ സുഷിൻ ശ്യാം; 'കാലൻ പുലി' ലിറിക് എത്തി
എത്രയോ ഇടങ്ങളിൽ എനിയ്ക്കവസരം നേടിത്തന്ന ആളാണ് ....വിജയകുമാരി ചേച്ചിയും അപ്പുണ്ണിയും ചേച്ചിയെ പൊന്നുപോലെ നോക്കുന്നത് കണ്ടപ്പോ ഒരുപാട് സന്തോഷമായി. യാത്ര പറഞ്ഞിറങ്ങുമ്പോ ഓറഞ്ച് വാങ്ങാനായി ഞാൻ കൊടുത്ത പൈസ വാങ്ങാൻ കൂട്ടാക്കാതെ തിരികെ തരാൻ ശ്രമിയ്ക്കുന്നുണ്ടായിരുന്നു. മുടിമുറിച്ച നരകൾ വീണു തുടങ്ങിയ തലയിൽ ഉമ്മ വച്ചു കൊണ്ട് ഞാൻ പറഞ്ഞു.എന്ത് മാത്രം പൈസ തന്ന കൈ ആണ് ഇത് ...വീണ്ടും വരും എന്ന് പറഞ്ഞിറങ്ങുമ്പോ എന്റെ ശബ്ദവും ചേച്ചിയുടേതെന്നപോലെ ചിതറുന്നുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ