
കൊച്ചി: കേരളം നേരിട്ട മഹാപ്രളയത്തിന്റെ കഥ പറഞ്ഞ ചിത്രമാണ് 2018. ഏറെ നാളുകൾക്ക് ശേഷം ജൂഡ് ആന്റണി ചിത്രം കഴിഞ്ഞ ദിവസം തിയറ്ററുകളിൽ എത്തിയപ്പോഴത് പുതു ചരിത്രം കുറിക്കുക ആയിരുന്നു. നിസ്സഹായതയുടെ, നഷ്ടപ്പെടലുകളുടെ, മാനവികതയുടെ, പേടിപ്പെടുത്തുന്ന ഒരായിരം ഓർമ്മകൾ മനസ്സിൽ നിന്നും തികട്ടി വന്ന ചിത്രത്തെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. സിനിമയെയും അണിയറ പ്രവർത്തകരെയും പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഈ അവസരത്തിൽ ആദ്യ ദിനം 2018 നേടിയ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
1.85 കോടിയാണ് ചിത്രം ആദ്യദിനം നേടിയതെന്ന് ട്രേഡ് അനലിസ്റ്റുകളും ബോക്സ് ഓഫീസ് ട്രാക്കേഴ്സും ട്വീറ്റ് ചെയ്യുന്നു. വരും ദിവസങ്ങളിൽ മികച്ച ടിക്കറ്റ് ബുക്കിംഗ് ആണ് തിയറ്ററുകളിൽ ഉള്ളത്. അതുകൊണ്ട് തന്നെ മികച്ചൊരു വാന്ത്യം ജൂഡ് ആന്റണി ചിത്രത്തിന് ലഭിക്കുമെന്നും ഇവർ വിലയിരുത്തുന്നു.
പ്രേക്ഷകനെ വൈകാരികമായി പിടിച്ചിരുത്തുന്ന കഥ പറച്ചില്‍ രീതിയാണ് ചിത്രത്തെ മനോഹരമാക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പല കാണികളും പല രംഗത്തും തങ്ങളുടെ കണ്ണീര്‍ അടക്കാന്‍ സാധിക്കാതെ കരയുന്നുണ്ട്. അത്തരം ഒരു വീഡിയയാണ് 2018ലെ നായകന്മാരില്‍ ഒരാളായ ആസിഫലി പങ്കുവച്ചത്.
It's an Emotion എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ ആസിഫലി പങ്കുവച്ചത്. പടം കഴിഞ്ഞിട്ടും തന്‍റെ കണ്ണീര്‍ അടക്കാന്‍ കഴിയാതെ തീയറ്ററില്‍ ഇരിക്കുന്ന ഒരു പ്രേക്ഷകനാണ് വീഡിയോയില്‍. നിരവധി ആരാധകര്‍ ഇതായിരുന്നു ഞങ്ങളുടെയും അവസ്ഥ എന്ന് പറഞ്ഞ് ഈ വീഡിയോയ്ക്ക് കമന്‍റ് ചെയ്യുന്നുണ്ട്.
സമീപ കാലത്തെ മലയാള സിനിമകളിൽ ഏറ്റവും കൂടുതൽ മുൻനിര താരങ്ങൾ അണിനിരന്ന ചിത്രം കൂടിയാണ് 2018. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി തുടങ്ങി വൻ താരനിര ചിത്രത്തിൽ ഉണ്ടായിരുന്നു.
കാവ്യ ഫിലിംസ്, പികെ പ്രൈം പ്രൊഡക്ഷൻസ് എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഖിൽ പി ധർമജൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം അഖിൽ ജോർജ്ജും ചിത്രസംയോജനം ചമൻ ചാക്കോയുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നോബിൻ പോളിന്റെതാണ് സംഗീതം, വിഷ്ണു ഗോവിന്ദിന്റേതാണ് സൗണ്ട് ഡിസൈൻ.
ഹൃദയം തുടിക്കും, അറിയാതെ കണ്ണീര്‍ അണിയും : മനസ് തൊട്ട് '2018’- റിവ്യൂ
കുറഞ്ഞ പ്രമോഷനും ഹൈപ്പും; എന്നിട്ടും '2018'ന് ആളുകൾ ഒഴുകിയെത്തി, ആദ്യദിനം നേടിയത്