Asianet News MalayalamAsianet News Malayalam

ഹൃദയം തുടിക്കും, അറിയാതെ കണ്ണീര്‍ അണിയും : മനസ് തൊട്ട് '2018’- റിവ്യൂ

മലയാളി മറന്നിട്ടില്ല കാഴ്ചകള്‍ അതിന്‍റെ വൈകാരിത തീവ്രത ഒട്ടും ചോരാതെ ബിഗ് സ്ക്രീനില്‍ എത്തിക്കാന്‍ സംവിധായകനും അണിയറക്കാരും പരിശ്രമിച്ചുവെന്നത് ചിത്രത്തിലെ ഒരോ ഫ്രൈയിമും വ്യക്തമാക്കുന്നുണ്ട്. 

2018 movie review
Author
First Published May 5, 2023, 2:03 PM IST

കേരളം കണ്ട മഹാപ്രളയം ഇന്നും ഓര്‍മ്മായായി ഒരോ മലയാളിക്ക് മുന്നിലും ഉണ്ട്. 2018 ആഗസ്റ്റ് മാസം മലയാളിക്ക് മുകളില്‍ മഴ ഒരു ശാപം പോലെ പെയ്തിറങ്ങിയ. എന്നാല്‍ മഹാപ്രളയത്തിന്‍റെ പ്രതിസന്ധിയെ ചങ്കൂറ്റം കൊണ്ടും, ഒത്തൊരുമയാലും മറികടന്ന വലിയൊരു ഇതിഹാസം തന്നെ മലയാളിക്ക് പറയാനുണ്ട്. ആ യഥാര്‍ത്ഥ സംഭവത്തെ ഒരു ചലച്ചിത്രമായി മലയാളിക്ക് സമ്മാനിക്കുകയാണ്  ജൂഡ് ആന്തണി '2018 എവരിവണ്‍ ഈസ് എ ഹീറോ’എന്ന ചിത്രത്തിലൂടെ.

മലയാളി മറന്നിട്ടില്ല കാഴ്ചകള്‍ അതിന്‍റെ വൈകാരിത തീവ്രത ഒട്ടും ചോരാതെ ബിഗ് സ്ക്രീനില്‍ എത്തിക്കാന്‍ സംവിധായകനും അണിയറക്കാരും പരിശ്രമിച്ചുവെന്നത് ചിത്രത്തിലെ ഒരോ ഫ്രൈയിമും വ്യക്തമാക്കുന്നുണ്ട്. ഒരു യഥാര്‍ത്ഥ സംഭവത്തെ ചലച്ചിത്ര വത്കരിക്കുക എന്നത് തീര്‍ത്തും വെല്ലുവിളി നിറഞ്ഞ ഒരു കാര്യമാണ്. പ്രത്യേകിച്ച്  കേരളം മൊത്തം ക്യാന്‍വാസായ ഒരു വിഷയം. അതിനാല്‍ തന്നെ ഇത്തരം സംഭവങ്ങള്‍ ഒരു ഡോക്യൂമെന്‍ററി രീതിയിലായി പോകാനുള്ള സാധ്യതകളും കാണുന്നുണ്ട്. എന്നാല്‍ '2018 എവരിവണ്‍ ഈസ് എ ഹീറോ’ എന്ന ചിത്രം ഇത്തരം പരിമിതികളെ അതി മനോഹരമായി ഭേദിക്കുന്നുണ്ട്.

വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ടൊവിനോ, കുഞ്ചാക്കോ ബോബന്‍, ആസിഫലി, ലാല്‍, നരേന്‍ ഇങ്ങനെ നീളുന്നു നിര. എന്നാല്‍ ചിത്രത്തിന്‍റെ പേര് പോലെ തന്നെ 'എവരിവണ്‍ ഈസ് എ ഹീറോ’എന്ന തലത്തില്‍ തന്നെയാണ് ഈ താരനിരയെ ചിത്രത്തില്‍ ഉടനീളം ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്‍റെ മിനിയേച്ചര്‍ പോലെ എല്ലാം കുത്തിനിറയ്ക്കാനുള്ള ശ്രമം എന്ന നിലയില്‍ അല്ല, ഇമോഷണലി പ്രേക്ഷകനുമായി കണക്ട് ആകുന്ന രീതിയില്‍ പ്രളയത്തിന്‍റെ ദുരിതം കേരളത്തിലെ ഒരു ഗ്രാമത്തില്‍ സംഭവിക്കും പോലെയാണ് തിരക്കഥ പോകുന്നത്.

ഒരോ കഥാപാത്രത്തിനും വ്യക്തമായ ഒരു ഫ്ലാഷ്ബാക്ക് നല്‍കാനും തിരക്കഥയ്ക്ക് സാധിക്കുന്നുണ്ട്. കേരളം പ്രളയ മുഖത്തേക്ക് എങ്ങനെ അപ്രതീക്ഷിതമായി വീണുവെന്നത് അതിന്‍റ നാടകീയതയോടെ മെനഞ്ഞെടുക്കുന്ന ആദ്യ പകുതിയാണ് ചിത്രത്തിനുള്ളത്. രണ്ടാം പകുതിയിലാണ് കേരളത്തിന്‍റെ ദുരിതവും അതില്‍ നിന്ന് സ്വയം കൈപിടിച്ചുള്ള അതിജീവനവും കാണിക്കുന്നത്. പ്രളയകാലത്തെ പത്രവാര്‍ത്തകള്‍, നമ്മുടെ കണ്ണ് നനയിച്ച അനുഭവങ്ങള്‍ ഇവയെല്ലാം  നന്നായി തന്നെ പറഞ്ഞ് പോകുന്നുണ്ട് ചിത്രം. 

പ്രളയകാലത്തെ വിവാദ കാര്യങ്ങളിലേക്കോ, രാഷ്ട്രീയ ചര്‍ച്ചകള്‍ക്കോ ഇടം കൊടുക്കുന്ന രീതിയില്‍ ചിത്രത്തില്‍ ഒരു ഇടപെടലും ഇല്ല. പരസ്പരം ചേര്‍ത്ത് പിടിക്കുന്ന. ദുരന്തത്തെ ഒന്നിച്ച് നേരിടുന്ന മനുഷ്യരുടെ കഥയാണ്. അതില്‍ മലയാളിയെ മാത്രം ഉള്‍കൊള്ളിക്കുന്നില്ല. മലയാളിയോട് താല്‍പ്പര്യമില്ലാഞ്ഞിട്ടും ഇവിടെക്ക് പ്രളയ ലോഡുമായി എത്തുന്ന തമിഴന്‍ മുതല്‍ ഒടുവില്‍ മലയാളിയെ കെട്ടിപ്പിടിച്ച് മടങ്ങുന്ന പോളണ്ടുകാരന്‍വരെ കഥാപാത്രങ്ങള്‍ ഏറെയാണ്. അതിനാല്‍ തന്നെയാണ് മനുഷ്യരുടെ കഥയാണ് ഈ ചിത്രം എന്ന് പറയുന്നത്.

ചിത്രത്തിന്‍റെ മേയ്ക്കിംഗ് എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്. സാങ്കേതികമായി അടുത്ത കാലത്ത് ഇറങ്ങിയ മികച്ച മലയാള ചിത്രം തന്നെയാണ് '2018 എവരിവണ്‍ ഈസ് എ ഹീറോ'. ചിത്രത്തിലെ പ്രളയരംഗങ്ങള്‍ ചിത്രീകരണത്തിലും, അതിന്‍റെ വിഎഫ്എക്സിലും അടുത്തകാലത്ത് മലയാളത്തിലെ മികച്ചത് എന്ന് തന്നെ പറയാം. 

സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയനായ യുവ നോവലിസ്റ്റ് അഖിൽ പി ധർമജനാണ് ചിത്രത്തിന്‍റെ സഹ രചിതാവ്. വളരെ വൈകാരികമായ രംഗങ്ങളുടെ സൃഷ്ടിയില്‍ അഖിലിന്‍റെ പങ്കും ഉള്‍പ്പെട്ടുവെന്ന് തന്നെ പറയാം. അഖില്‍ ജോര്‍ജിന്‍റെ ഛായഗ്രഹണം ചിത്രത്തിന് വലിയ മുതല്‍ക്കൂട്ടാണ്. നോബിന്‍ പോളിന്‍റെ പാശ്ചത്തല സംഗീതം പല രംഗങ്ങളെയും വേറെ നിലയില്‍ തന്നെ എത്തിക്കുന്നുണ്ടെന്ന് പറയണം. ചമൻ ചാക്കോയുടെ എഡിറ്റിംഗ്, വിഷ്ണു ഗോവിന്ദിന്‍റെ  സൗണ്ട്ഡിസൈനിങ്ങ് എല്ലാ ചിത്രത്തെ മികച്ചതാക്കുന്നു.

മലയാളി കണ്ട, അനുഭവിച്ച ഒരു 2018 ഉണ്ട്. എങ്ങും പ്രളയജലം നിറഞ്ഞകാലത്ത് നമ്മെ കൈപിടിച്ച് കയറ്റിയ പല മനുഷ്യകരങ്ങള്‍. കേരളത്തിന്‍റെ രക്ഷ മാലാഖമാരായി വന്ന മുക്കുവര്‍, എന്നും ഫോണില്‍ തൊണ്ടിക്കളിക്കുന്നവര്‍ എന്ന് അധിക്ഷേപിച്ചിട്ടും ദുരിതാശ്വാസ ക്യാമ്പുകളില്‍ രാത്രിയും പകലും പണിയെടുത്ത കൌമരക്കാര്‍, രാവും പകലും പണിയെടുത്ത സര്‍ക്കാര്‍ സംവിധാനം. എല്ലാവരും ഒന്നായി നിന്ന ദിനങ്ങള്‍. ചിലപ്പോള്‍ നിങ്ങളുടെ കണ്ണുകള്‍ ഈ ചിത്രം കാണുമ്പോള്‍ അറിയാതെ പല കാഴ്ചയിലും കണ്ണീര്‍ പൊഴിക്കും. കാരണം '2018 എവരിവണ്‍ ഈസ് എ ഹീറോ’ കേരളം സ്വയം കണ്ടറിഞ്ഞ ഒരു അനുഭവമാണ്. ആ കാലത്ത് ഒന്നിച്ച് നിന്ന മനുഷ്യര്‍ക്കുള്ള സമര്‍പ്പണമാണ്.

തിയറ്ററുകളിലേക്ക് പ്രേക്ഷകരെ തിരിച്ചെത്തിക്കുമോ '2018'? ആവേശം പകര്‍ന്ന് ആദ്യ പ്രതികരണങ്ങള്‍

തിയറ്ററുകളിലേക്ക് ഈ വാരം അഞ്ച് ചിത്രങ്ങള്‍; പുതിയ റിലീസുകള്‍

Follow Us:
Download App:
  • android
  • ios