Women's day 2022 : 'നിങ്ങള്‍ തകര്‍ത്തെറിഞ്ഞത് ഞാൻ വീണ്ടെടുക്കുമ്പോള്‍', വനിതാ ദിന ആശംസയുമായി ഭാവന

By honey R KFirst Published Mar 8, 2022, 2:56 PM IST
Highlights

ലോക വനിതാ ദിന (Women's day 2022) ആശംസകളുമായി ഭാവന.

ഇന്ന് ലോക വനിതാദിനം ആഘോഷിക്കുകയാണ് എല്ലാവരും. സ്‍ത്രീകളുടെ സാമൂഹികവും സാമ്പത്തികവും സാംസ്‍കാരികവും രാഷ്‍‍ട്രീയവുമായ നേട്ടങ്ങൾ അംഗീകരിക്കുന്നതിനാണ് അന്താരാഷ്‍ട്ര വനിതാ ദിനം ആഘോഷിക്കുന്നത്. ലോക വനിതാദിനത്തില്‍ താരങ്ങളടക്കമുള്ളവര്‍ ആശംസകളുമായി രംഗത്ത് എത്തി. നടി ഭാവനയും ഫോട്ടോകള്‍ പങ്കുവെച്ച് എല്ലാവര്‍ക്കും വനിതാദിന ആശംസകള്‍ (Women's day 2022 ) നേര്‍ന്നു.

'ഗ്രേസ് അനാട്ടമി' എന്ന ടീവി സീരിസിലെ ഒരു സംഭാഷണമാണ് പ്രതീകാത്മകമായി ഭാവന കുറിച്ചിരിക്കുന്നത്. നിങ്ങള്‍ തകര്‍ത്തെറിഞ്ഞത് താൻ എങ്ങനെ വീണ്ടെടുക്കുന്നുവെന്ന കാര്യത്തില്‍ ക്ഷമാപണത്തിന് ഞാൻ ഒരുക്കമല്ല എന്നാണ് ഭാവന എഴുതിയിരിക്കുന്നത്. താന്‍ നേരിടേണ്ടിവന്ന അതിക്രമത്തെക്കുറിച്ചും അതിനു ശേഷം നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ചും തുറന്നു പ്രതികരിച്ച് ഭാവന രംഗത്ത് എത്തിയിരുന്നു.വനിതാ ദിനവുമായി ബന്ധപ്പെട്ട് 'വി ദ വിമെന്‍ ഓഫ് ഏഷ്യ' കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് നടത്തുന്ന 'ഗ്ലോബല്‍ ടൗണ്‍ ഹാള്‍' പരിപാടിയില്‍ പങ്കെടുത്താണ് ഭാവനയുടെ പ്രതികരണം.
 

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തിന്‍റെ ചോദ്യങ്ങള്‍ക്കാണ് ഭാവന മറുപടി പറഞ്ഞത്. തന്‍റെ ജീവിതത്തെ കീഴ്‍മേല്‍ മറിച്ച സംഭവങ്ങളാണ് ഉണ്ടായതെന്നും വളരെ ബുദ്ധിമുട്ടേറിയ യാത്രയിലാണ് താനെന്നും ഭാവന പറഞ്ഞു. ഇരയല്ല, അതിജീവിതയാണ് താനെന്ന് അടിവരയിട്ട ഭാവന അന്തിമഫലം കാണും വരെ പോരാട്ടം തുടരുമെന്നും അറിയിച്ചു. കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ കേസിന്‍റെ വിശദാംശം പറയുന്നില്ലെന്നുമായിരുന്നു ഭാവനയുടെ പ്രതികരണം.

കോടതിയില്‍ 15 ദിവസം പോയി. അഞ്ച് വര്‍ഷത്തെ യാത്ര ബുദ്ധിമുട്ട് ഏറിയതായിരുന്നു. ഇരയില്‍ നിന്ന് അതിജീവിതയിലേക്കായിരുന്നു ആ യാത്ര. സമൂഹ മാധ്യമങ്ങളില്‍ എനിക്കെതിരെ ഉണ്ടായ നെഗറ്റീവ് പ്രചരണം വേദനിപ്പിച്ചു. ചിലര്‍ മുറിവേല്‍പ്പിക്കുകയും അപവാദ പ്രചരണം നടത്തുകയും ചെയ്‍തു. ഞാന്‍ നുണ പറയുകയാണെന്നും ഇത് കള്ളക്കേസ് ആണെന്നുമൊക്കെ പ്രചരണം നടന്നു. ചിലര്‍ കുറ്റപ്പെടുത്തി. വ്യക്തിപരമായ തകര്‍ന്നുപോയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. എനിക്ക് ഇത് മതിയായി എന്ന് ഒരു ഘട്ടത്തില്‍ സുഹൃത്തുക്കളോട് പറഞ്ഞു. തീര്‍ച്ഛയായും കുറേ വ്യക്തികള്‍ എന്നെ പിന്തുണച്ചു. ഡബ്ല്യുസിസി ധൈര്യം നല്‍കി. എനിക്കൊപ്പം നിന്നവര്‍ക്ക് നന്ദി. ഞാന്‍ പോരാടും. ചെയ്തത് ശരിയെന്ന് തെളിയിക്കും. എനിക്ക് എന്‍റെ മാന്യത തിരിച്ചുകിട്ടണം. വ്യക്തിപരമായി ഇപ്പോഴും ഭയത്തിലാണ്. പക്ഷേ അത് എന്തിനെന്ന് കൃത്യമായ ഉത്തരമില്ല. തൊഴില്‍ നിഷേധിക്കപ്പെട്ട സാഹചര്യം ഉണ്ടായി. എന്നാല്‍ കുറച്ചുപേര്‍ അവസരങ്ങള്‍ വാഗ്‍ദാനം ചെയ്‍തു. എന്നാല്‍ ഞാനത് വേണ്ടെന്നുവച്ചു, ഭാവന പ്രതികരിച്ചു.

Read More : 'കള്ളക്കേസ് എന്നുവരെ പ്രചരണമുണ്ടായി'; അന്തിമഫലം വരെ പോരാടുമെന്നും ഭാവന

ലോക വനിതാ ദിനത്തിന് ഒരുപാട് പ്രത്യേകതകള്‍ ഉണ്ട്. നാനാതുറകളിലുമുള്ള സ്‍ത്രീകൾ സ്വന്തമാക്കിയ നേട്ടങ്ങൾ ഈ ദിനം പ്രശംസിക്കപ്പെടും. വിദ്യാഭ്യാസം, ആരോഗ്യം,തൊഴിൽ,കുടുംബം തുടങ്ങിയ കാര്യങ്ങളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തൽ ആണ്. ഈ ദിനത്തിന് ഒരുപാട് ചരിത്ര ഓർമകൾ കൂട്ടുണ്ട്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി വനിതകൾ നടത്തിയ മുന്നേറ്റത്തിന്റെ പിൻബലവും, വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേൽ വിയർപ്പും ശക്തിയും കൊണ്ട് സ്‍ത്രീകൾ വരിച്ച വിജയത്തിന്റെ കഥയും അവയിൽ പ്രധാനപ്പെട്ടവ. ലിംഗസമത്വം (ലിംഗനീതി തുടങ്ങിയ ആശയങ്ങൾ ഇതുമായി ബന്ധപെട്ടു ഉയർത്തിപ്പിടിക്കാറുണ്ട്. വിവേചനവും അതിക്രമങ്ങളും അവസാനിപ്പിക്കുക എന്നതും അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്നാണ്. ഐക്യരാഷ്‍‍ട്രസഭയാണ് മാർച്ച് എട്ടിന് അന്താരാഷ്‍ട്ര വനിതാ ദിനം ആഘോഷിക്കാൻ  1975ൽ തീരുമാനിച്ചത്. പർപ്പിൾ നിറമാണ് ഈ ദിനത്തെ സൂചിപ്പിക്കാനായി ലോകം മുഴുവൻ ഉപയോഗിക്കുക. ഈ വർഷവും അന്താരാഷ്ട്ര വനിതാ ദിനത്തിന് ഒരു തീം ഉണ്ട്. ഐക്യരാഷ്‍ട്രസഭയാണ് ഇത് തീരുമാനിക്കുക. "സുസ്ഥിരമായ നാളേക്കായി ഇന്ന് ലിംഗ സമത്വം" എന്നതാണ് ഈ വർഷത്തെ വനിതാ ദിനത്തിന്റെ പ്രമേയം.

click me!