International Women's Day : 'മുന്നേറി നാം', വനിതാദിന ഗാനവുമായി ബിജിബാല്‍

By Web TeamFirst Published Mar 8, 2022, 12:17 PM IST
Highlights

ബിജിബാലിന്റെ സംഗീത സംവിധാനത്തില്‍ വുമണ്‍സ് ഡേ ആന്തം (International Women's Day).

ലോക വനിതാ ദിനം ആഘോഷിക്കുകയാണ് ഇന്ന് (International Women's Day). 'നാളത്തെ സുസ്ഥിരതയ്‌ക്ക്‌ ഇന്ന് ലിംഗസമത്വം'എന്നതാണ് ഈ വർഷത്തെ അന്താരാഷ്‍ട്ര വനിതാ ദിനാഘോഷത്തിന്റെ മുദ്രാവാക്യം. ലിംഗഭേദമില്ലാതെ തുല്യനീതി നടപ്പാകുന്ന ഒരു ലോകമാണ് വിഭാവനം ചെയ്യുന്നത്. ഇതാ വനിതാ ദിനത്തില്‍ ഒരു ഗാനവുമായി എത്തിയിരിക്കുകയാണ് പ്രമുഖ സംഗീത സംവിധായകൻ ബിജിബാല്‍.

ലിംഗപരമായ മുൻവിധികളില്ലാത്ത ഒരു തലമുറയെ വാർത്തെടുക്കുക എന്നത് വനിതാ ദിനത്തിന്റെ ലക്ഷ്യമാണ്. കുടുംബത്തിലും രാഷ്‌ട്രീയ- സാമൂഹ്യ- സാമ്പത്തിക സ്ഥാനങ്ങളിലും സ്‌ത്രീകളുടെ നേതൃത്വം പ്രോൽസാഹിപ്പിക്കുക. സുസ്ഥിരവികസനത്തിനായി പ്രവർത്തിക്കുന്ന സ്‌ത്രീകളെ ആദരിക്കുക തുടങ്ങിയവ വനിതാ ദിന ആചരണത്തിന്റെ ഭാഗമാണ്. മാർച്ച് എട്ട്  അന്താരാഷ്‍ട്ര വനിതാ ദിനമായി ആചരിക്കുന്ന വേളയിൽ മലയാളത്തിൽ ഈ ആശയങ്ങളെ സന്നിവേശിപ്പിച്ച് വനിതാ ദിന ഗാനം അവതരിപ്പിച്ചിരിക്കുകയാണ് ബിജിബാൽ. ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് വി എസ് ശ്യാം. പാടിയത് നിഷി.

ഗാനത്തിന്റെ വരികള്‍

മുന്നേറിയീ വഴി നീളെ നാം 
കൈകോർക്കയായ് നാമൊരുമയായ് 
കനൽ പാതയിൽ കരൾ കോർത്തു നാം
കനിവോടെയീ പൊരുൾ ചേർത്തു നാം

നാമുണരുമീ പുതുവെയിലിനാൽ 
പ്രഭചൊരിയുമീ ലോകം, നിറയെ 
നാം പകരുമീ സമഭാവനം 
കടപുഴകുമീ കദനം, തനിയെ 

പുതു നഭസ്സിൽ പുതിയ മണ്ണിൽ ചരിതമെഴുതാൻ 
ഉയരുവാനായി പടയണി ചേർന്നു വരൂ       

വേർതിരിവുകൾ, വീൺവാക്കുകൾ 
വെന്നീടുമീ പെൺബലം, അകലെ   
നാമണയുമീ പെൺവഴികളിൽ 
വിടരുവതോ ഒരു പുതുയുഗം,അരികെ     
   
പുതു നഭസ്സിൽ പുതിയ മണ്ണിൽ ചരിതമെഴുതാൻ 
ഉയരുവാനായി പടയണി ചേർന്നു വരൂ

അഭിഷേക് കണ്ണനാണ് വീഡിയോ സംവിധാനം ചെയ്‍തിരിക്കുന്നത്. ലിതിൻ പോള്‍ വീഡിയോയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നു. സുമേഷ് സുബ്രഹ്‍മണ്യനാണ് വിഡിയോയുടെ കണ്‍സെപ്റ്റ്, ശ്യാം ശശിധരനാണ് ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്.

മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകനായ ബിജിബാല്‍ സംസ്ഥാനതലത്തിലും ദേശീയ തലത്തിലും ആദരിക്കപ്പെട്ടിട്ടുണ്ട്. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ അവാര്‍ഡായിരുന്നു ബിജിബാലിന് ലഭിച്ചത്. 'കളിയച്ഛൻ' എന്ന സിനിമയിലൂടെയാണ് ബിജിബാലിനെ തേടിയ ദേശീയ അംഗീകാരം എത്തിയത്. 'കളിയച്ഛൻ', 'ഒഴിമുറി' എന്നീ സിനിമകളുടെ പശ്ചാത്തലസംഗീതത്തിന് ബിജിബാല്‍ സംസ്ഥാന തലത്തിലും അംഗീകരിക്കപ്പെട്ടു. 'ബാല്യകാലസഖി', 'ഞാൻ', 'പത്തേമാരി', 'ആമി' തുടങ്ങിയ സിനിമകളുടെ പശ്ചാത്തല സംഗീതത്തിനും ബിജിബാലിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു.

Read More :  ഇന്ന് ലോക വനിതാ ദിനം, യുക്രൈൻ അമ്മമാർ മുതൽ അതിജീവിത വരെ, ഈ ദിവസം പോരാട്ടത്തിന്റേത്

ലോക വനിതാ ദിനത്തിന്റെ പ്രാധാന്യം

സ്‍ത്രീകളുടെ സാമൂഹികവും സാമ്പത്തികവും സാംസ്‍കാരികവും രാഷ്‍്രീയവുമായ നേട്ടങ്ങൾ അംഗീകരിക്കുന്നതിനാണ് അന്താരാഷ്‍ട്ര വനിതാ ദിനം ആഘോഷിക്കുന്നത്.നാനാതുറകളിലുമുള്ള സ്‍ത്രീകൾ സ്വന്തമാക്കിയ നേട്ടങ്ങൾ ഈ ദിനം പ്രശംസിക്കപ്പെടും സ്‍ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു വലിയ ദിനമാണ് അന്താരാഷ്‍ട്ര വനിതാദിനാചരണം. വിദ്യാഭ്യാസം, ആരോഗ്യം,തൊഴിൽ,കുടുംബം തുടങ്ങിയ കാര്യങ്ങളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തൽ ആണ് ദിവസം.ലോകത്തിലെ എല്ലാ വനിതകൾക്കുമായി ഒരു ദിവസം എന്ന ആശയത്തിൽ നിന്നാണ് വനിതാ ദിനാചരണം ഉരുത്തിരിഞ്ഞത്. 

ഈ ദിനത്തിന് ഒരുപാട് ചരിത്ര ഓർമകൾ കൂട്ടുണ്ട്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി വനിതകൾ നടത്തിയ മുന്നേറ്റത്തിന്റെ പിൻബലവും, വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേൽ സ്‍ത്രീകൾ വരിച്ച വിജയത്തിന്റെ കഥയും അവയിൽ പ്രധാനപ്പെട്ടവ. 

ലിംഗസമത്വം, ലിംഗനീതി തുടങ്ങിയ ആശയങ്ങൾ ഇതുമായി ബന്ധപെട്ടു ഉയർത്തിപ്പിടിക്കാറുണ്ട്. വിവേചനവും  അതിക്രമങ്ങളും അവസാനിപ്പിക്കുക എന്നതും അന്താരാഷ്‍ട്ര വനിതാദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്നാണ്.ഐക്യരാഷ്‍ട്രസഭയാണ് മാർച്ച് എട്ടിന് അന്താരാഷ്‍ട്ര വനിതാ ദിനം ആഘോഷിക്കാൻ 1975ൽ തീരുമാനിച്ചത്. പർപ്പിൾ നിറമാണ് ഈ ദിനത്തെ സൂചിപ്പിക്കാനായി ലോകം മുഴുവൻ ഉപയോഗിക്കുക. ഈ വർഷവും അന്താരാഷ്‍ട്ര വനിതാ ദിനത്തിന് ഒരു തീം ഉണ്ട്. ഐക്യരാഷ്‍ട്രസഭയാണ് ഇത് തീരുമാനിക്കുക. 'നാളത്തെ സുസ്‍ഥിരതയ്‍ക്ക് ഇന്ന് ലിംഗ സമത്വം' എന്നതാണ് ഈ വർഷത്തെ വനിതാ ദിനത്തിന്റെ പ്രമേയം.

click me!