
ഓണ ചിത്രങ്ങളിൽ മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു 'ഒരു തെക്കൻ തല്ല് കേസ്'. നവാഗതനായ ശ്രീജിത് എൻ സംവിധാനം ചെയ്‍ത ചിത്രം ജി ആർ ഇന്ദുഗോപന്റെ 'അമ്മിണിപ്പിള്ള വെട്ടുകേസ്' എന്ന കഥയെ ആസ്‍പദമാക്കിയായിരുന്നു ഒരുക്കിയത്. ഇപ്പോഴിതാ ബിജു മേനോനും റോഷൻ മാത്യുവും തിയറ്ററുകളിൽ കയ്യടി നേടിയ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ഒക്ടോബർ ആറ് മുതലാണ് സിനിമ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെ ആകും സ്ട്രീമിംഗ്. എൺപതുകളുടെ പശ്ചാത്തലത്തിൽ പറയുന്ന കഥയിൽ കേന്ദ്ര കഥാപാത്രമായ അമ്മിണിപ്പിള്ളയെ വളരെ രസകരമായിട്ടായിരുന്നു ബിജു മേനോൻ അവതരിപ്പിച്ചത്. ഹാസ്യവും ആക്ഷനും ഇടകലർത്തിയ ഒരു മുഴുനീള എന്റർടെയ്‍നറാണ് 'ഒരു തെക്കൻ തല്ലു കേസെ'ന്ന് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞിരുന്നു. റോഷൻമാത്യു അവതരിപ്പിക്കുന്ന പൊടിയൻ എന്ന കഥാപാത്രവും അമ്മിണിപ്പിള്ളയും തമ്മിൽ ഉണ്ടാകുന്ന ഒരു പ്രശ്നവും അതിനെ തുടർന്നുള്ള സംഘട്ടനങ്ങളും ആയിരുന്നു ചിത്രത്തിന്റെ പ്രമേയം.
ഇ ഫോർ എന്റർടെയ്ൻമെന്റസിന്റെ ബാനറിൽ മുകേഷ് .ആർ. മേത്തയും സി.വി. സാരഥിയും ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ എ.കെ. സുനിലും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രാജേഷ് പിന്നാടന്റേതാണ് തിരക്കഥ. മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‍ത 'ബ്രോ ഡാഡി'യുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് സംവിധായകൻ ശ്രീജിത്ത് എന്‍. ഏറെ നാളുകള്‍ക്ക് ശേഷം പത്മപ്രിയ മലയാളത്തില്‍ അഭിനയിച്ച ചിത്രം കൂടിയാണ് തെക്കന്‍ തല്ലു കേസ്. നിമിഷ സജയനാണ് മറ്റൊരു നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്.
'ആദിപുരുഷ് ഒരുക്കിയത് ചെറിയ സ്ക്രീനിന് വേണ്ടിയല്ല'; ട്രോളുകളിൽ പ്രതികരിച്ച് സംവിധായകൻ
അതേസമയം, ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ മികച്ച സഹനടനായി തെരഞ്ഞെടുത്തത് ബിജു മേനോനെയാണ്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്കാരം. സച്ചിയെയാണ് മികച്ച സംവിധായകനായും ജൂറി തെരഞ്ഞെടുത്തത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ