ബോളിവുഡിന്റെ വീരു, വിട പറഞ്ഞത് തലമുറകളുടെ സൂപ്പര്‍സ്റ്റാര്‍

Published : Nov 24, 2025, 02:22 PM IST
Dharmendra

Synopsis

വിവിധ തലമുറകളെ ആവേശത്തിരയിലാഴ്‍ത്തിയ ഒട്ടനവധി ക്ലാസിക് ബോളിവുഡ് ചിത്രങ്ങളിലെ സൂപ്പര്‍ ഹീറോ വിടപറയുമ്പോള്‍ ഇന്ത്യൻ സിനിമയുടെ ഒരു യുഗത്തിന് കൂടിയാണ് അന്ത്യമാകുന്നത്.

ഇന്ത്യൻ സിനിമയുടെ വീരു. ബോളിവുഡിന്റെ ഹീമാൻ. അങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ് ധര്‍മേന്ദ്രയ്‍ക്ക്. വാക്കുകളില്‍ പകുക്കുന്ന വിശേഷങ്ങള്‍ക്കപ്പുറം ഇന്ത്യൻ വെള്ളിത്തിരയുടെ തീ ജ്വാലയായി പകര്‍ന്നുനിന്ന ഒരു കാലവുമുണ്ടായിരുന്നു ധര്‍മേന്ദ്രയ്‍ക്ക്. ഇന്ത്യൻ പ്രേക്ഷകരിലെ വിവിധ തലമുറകളെ ആവേശത്തിരയിലാഴ്‍ത്തിയ ഒട്ടനവധി ക്ലാസിക് ബോളിവുഡ് ചിത്രങ്ങളിലെ സൂപ്പര്‍ ഹീറോ വിടപറയുമ്പോള്‍ ഇന്ത്യൻ സിനിമയുടെ ഒരു യുഗത്തിന് കൂടിയാണ് അന്ത്യമാകുന്നത്.

പഞ്ചാബിലെ ലുധിയാനയിലെ ധരം സിംങ് ഡിയോള്‍ ആണ് വര്‍ഷങ്ങളോളം ബോളിവുഡ് അടക്കിവാണ ധര്‍മ്മേന്ദ്രയായി ഇന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയത്. ദേശിയ തലത്തില്‍ ഫിലിം ഫെയര്‍ മാസിക സംഘടിപ്പിച്ച ടാലന്റ് സ്‍കാനില്‍ ജേതാവായാണ് ധര്‍മ്മേന്ദ്ര ഇന്ത്യൻ സിനിമയുടെ വാതില്‍ തുറന്നു പ്രവേശിക്കാൻ ആദ്യം മുംബൈയിലെത്തുന്നത്. എന്നാല്‍ നിരാശയായിരുന്നു ഫലം. ആ സിനിമ നടക്കാതെ പോകുകയായിരുന്നു. പഞ്ചാബിലേക്ക് മടങ്ങിപ്പോകാത നിന്ന ധരം സിംങിനെ ഇന്ത്യൻ സിനിമയ്‍ക്ക് ആവശ്യമുണ്ടായിരുന്നു. ദില്‍ ഭീ തേരാ ഹംഭി തേരേ എന്ന് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചു ധരംസിങ്.

ഇന്ത്യൻ സിനിമയില്‍ ധരം സിങ് സ്വന്തം പേര് അടയാളപ്പെടുത്തുന്നത് ബോയ് ഫ്രണ്ടിലൂടെയായിരുന്നു. ഉപനായകനായിട്ടായിരുന്നു പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ധരംസിങ് എന്ന ധര്‍മേന്ദ്ര നടന്നു കയറിയത്. പിന്നീടങ്ങോട്ട് നായകനായി സ്ഥാനക്കയറ്റം കിട്ടിയ ധര്‍മ്മേന്ദ്ര തൊട്ടതെല്ലാം പൊന്നാക്കി ബോളിവുഡിന്റെ പൊന്നുംപേരുകാരനായിരുന്നു. ബോളിവുഡിൻ്റെ ഹീ-മാനായി വാഴ്ത്തപ്പെട്ട ധർമേന്ദ്രയുടെ ആദ്യകാല ചിത്രങ്ങളെല്ലാം റൊമാൻ്റിക് സിനിമകളായിരുന്നു. ധര്‍മ്മേന്ദ്രയുടെ സിനിമാ കരിയറില്‍ വഴിത്തിരിവാകുന്നത് ഫുല്‍ ഔര്‍ പാത്തര്‍ ആയിരുന്നു. അതില്‍ ആക്ഷൻ ഹീറോയായിട്ടായിരുന്നു ധര്‍മ്മേന്ദ്ര വേഷമിട്ടത്. ബോക്സ് ഓഫീസിൽ തിളങ്ങിയ ഫൂൽ ഔർ പത്താറിലൂടെ തന്നെ മികച്ച നടനുള്ള ഫിലിം ഫെയർ നോമിനേഷൻ ധർമേന്ദ്രയ്ക്ക് ലഭിച്ചു. ആശ പരേഖിനൊപ്പം നായകനായി ആയേ ദിൻ ബഹാർ കെ, ശിക്കാർ, ആയ സാവൻ ജൂം കെ, മേരാ ഗാവോ മേരാ ദേശ്, സമാധി എല്ലാം വമ്പൻ വിജയങ്ങൾ. പിന്നീട് ഹേമമാലിനിക്കൊപ്പം നിരവധി ചിത്രങ്ങളിൽ നായകൻ. അക്കാലത്ത് ഇരുവരും നിരവധി ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു.

ആറ് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിൽ അദ്ദേഹം 300ലധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഹിന്ദി സിനിമയിൽ ഏറ്റവും കൂടുതൽ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചതിൻ്റെ റെക്കോർഡും ധർമ്മേന്ദ്രയുടെ പേരിലാണ്. 1973ൽ എട്ട് ഹിറ്റുകളും 1987ൽ തുടർച്ചയായി ഏഴ് ഹിറ്റുകളും ഒമ്പത് വിജയ ചിത്രങ്ങളും നൽകി. ഇത് ഹിന്ദി സിനിമാ ചരിത്രത്തിൽ എക്കാലത്തേയും റെക്കോർഡാണ്. ചീറ്റപ്പുലിയും സിംഹവുമായെല്ലാമുള്ള സംഘട്ടന രംഗങ്ങൾ ധർമേന്ദ്രയുടെ ചിത്രങ്ങളിൽ പതിവായിരുന്നു. ബോഡി ഡബിളുകൾ ഇല്ലാതെ യഥാർഥ മൃഗങ്ങളുമായി സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുകയായിരുന്നു ധർമേന്ദ്ര. ആങ്കെൻ, മാ, ആസാദ്, കർതവ്യയെല്ലാം ഇങ്ങനെ ചിത്രീകരിച്ച സിനിമകളാാണ്. റൊമാൻ്റിക് ആക്ഷൻ ചിത്രങ്ങൾക്ക് പുറമെ ചുപ്കെ ചുപ്കെ പോലുള്ള സിനിമകളിലെ ധർമേന്ദ്രയുടെ കോമഡി ടൈമിങ്ങും പ്രശംസിക്കപ്പെട്ടു.

രമേശ് സിപ്പിയുടെ ഷോലെയിലൂടെയാണ് ധർമ്മേന്ദ്ര പുതിയ ഉയരങ്ങളിലെത്തുന്നത്. അമിതാഭ് ബച്ചനുമായുള്ള അദ്ദേഹത്തിന്റെ കെമിസ്ട്രിയും വീരു എന്ന കഥാപാത്രവും സിനിമയ്ക്കൊപ്പം ഐക്കണിക് ആയി മാറി. യാദോം കി ബാരാത്ത്, സീത ഔർ ഗീത, ഡ്രീം ഗേൾ, ക്രാന്തി തുടങ്ങിയ വമ്പൻ ഹിറ്റുകളുമായി 1970 കളും 1980 കളും അദ്ദേഹത്തിന്റെ സുവർണ്ണ കാലമായിരുന്നു. അൻഖേൻ, ശിക്കാർ, ആയാ സാവൻ ഝൂം കെ, ജീവൻ മൃത്യു, മേരാ ഗാവ് മേരാ ദേശ്, സീതാ ഔർ ഗീത, രാജാ ജനി, ജുഗ്നു, യാദോൻ കി ബാരാത്, ദോസ്ത്, ഛാസ്, പ്രതിഗ്ഗ്, ഗുലാമി, ഹുകുമത്, ആഗ് ഹി ആഗ്, എലാൻ-ഇ-ജംഗ്, തഹൽക്ക, അൻപദ്, ബന്ദിനി, ഹഖീഖത്ത്, അനുപമ, മംമ്ത, മജ്‌ലി ദീദി, സത്യകം, നയാ സമന, സമാധി, ദോ ദിശയെൻ, ഹത്യാർ തുടങ്ങിയവ അദ്ദേഹത്തിൻറെ ഏറെ ശ്രദ്ധേയമായ സിനിമകളാണ്. 1990-കളുടെ അവസാനം മുതൽ നിരവധി ക്യാരക്ടർ റോളുകളിൽ ധർമേന്ദ്ര എത്തി. 1997ൽ ബോളിവുഡിന് നൽകിയ സംഭാവനകൾക്ക് ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡും അദ്ദേഹത്തെ തേടി എത്തിയിരുന്നു.

2012ൽ, ഇന്ത്യയിലെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു. മുൻ എംപി കൂടിയാണ് ധർമേന്ദ്ര. 1954ൽ ആയിരുന്നു ആദ്യ ഭാര്യയായ പ്രകാശ് കൗറുമായുള്ള വിവാഹം. പിന്നീട് 1980ൽ ഹേമമാലിനിയെ വിവാഹം കഴിച്ചു. സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ, അഹാന ഡിയോൾ എന്നിവരും ആ പാത പിന്തുടർന്ന് സിനിമയിലെത്തി. അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദ പ്രധാന വേഷത്തിൽ എത്തുന്ന ഇക്കിസ് ആണ് ധർമേന്ദ്രയുടെ വരാനിരിക്കുന്ന റിലീസ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മുപ്പതും കടന്ന് മുന്നോട്ട്; മേളയുടെ മൂന്ന് പതിറ്റാണ്ടുകൾ ഓർത്തെടുത്ത്
'മെല്ലെപ്പോക്ക് പ്രതിഷേധാര്‍ഹം'; പി ടി കുഞ്ഞുമുഹമ്മദിന് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് ഡബ്ല്യുസിസി