
സ്‍നേഹത്തിന്റെ ഹിറ്റ്‍മേക്കറായിരുന്നു സിദ്ദിഖെന്ന് ഹരിശ്രീ അശോകൻ അനുസ്‍മരിക്കുന്നു. മിമിക്രി എന്ന കലയില്‍ എന്നും തന്റെ റോള്‍ മോഡലായിരുന്നു. തുടര്‍ച്ചയായി ഹിറ്റുകള്‍ സൃഷ്‍ടിക്കുകയെന്നത് നിസാരമല്ല. വ്യക്തി ജീവിതത്തിലെ നിരവി പ്രശ്‍നങ്ങള്‍ക്കും താൻ സിദ്ദിഖിന്റെ ഉപദേശം തേടുമായിരുന്നു എന്നും ഹരിശ്രീ അശോകൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഹരിശ്രീ അശോകന്റെ വാക്കുകള്‍
ആശുപത്രിയിലായി കുറേ നാള്‍ കഴിഞ്ഞാണ് വിവരം ഞാൻ അറിഞ്ഞത്. ആശുപത്രിയില്‍ കാണാൻ കഴിയില്ല എന്ന് പറഞ്ഞതിനാലാണ് ഞാൻ പോകാതിരുന്നത്. അദ്ദേഹത്തിന്റെ അനിയനോട് കാര്യങ്ങള്‍ തിരക്കുമായിരുന്നു. വിളക്കുവയ്‍ക്കുമ്പോള്‍ പ്രാര്‍ഥിക്കും. സിദ്ധിഖ് എന്ന് പറയുന്ന മനുഷ്യൻ അല്ലെങ്കില്‍ സുഹൃത്തിനെപ്പോലെ ഒരാളെ ഞാൻ വേറെ കണ്ടിട്ടില്ല. അങ്ങനെ സ്‍നേഹിക്കുന്ന, കഴിവുള്ള ഒരാളെ താൻ കണ്ടിട്ടില്ല. സ്‍നേഹത്തിന്റെ ഹിറ്റ് മേക്കറായിരുന്നു സിദ്ദിഖ്. മിമിക്രി എന്ന കലയില്‍ എന്നും തന്റെ റോള്‍ മോഡലായിരുന്നു സിദ്ദിഖും ലാലും. അവരെ കണ്ടാണ് മിമിക്രി പഠിക്കുന്നത്. അവരോടൊപ്പം കലാഭവനിലും ഹരിശ്രീയിലുമെത്തിയപ്പോഴും സ്‍നേഹമായിരുന്നു. ഞങ്ങളൊക്കെ വേദിയില്‍ പ്രോഗ്രാം ചെയ്യുമ്പോള്‍ സിദ്ദിഖ് പിന്നില്‍ നിന്ന് അത് ചെയ്യും. സിദ്ദിഖ് ഞങ്ങളുടെ ഡയലോഗുകള്‍ പറയുമായിരുന്നു. അത്രയ്‍ക്കും ടെൻഷൻ ആയിരുന്നു അദ്ദേഹത്തിന്. സിദ്ദിഖും ലാലും തമ്മില്‍ കൗണ്ടര്‍ പറയുന്നത് കണ്ടാണ് ഞാനൊക്കെ തമാശ പഠിച്ചത്. എന്റെ ജീവിതത്തിലെ ഒരുപാട് പ്രശ്‍നങ്ങള്‍ക്ക് താൻ ഉപദേശം തേടിയിട്ടുണ്ട്. സിദ്ദിഖ് സ്‍നേഹിച്ചുകൊണ്ടേ മറുപടി പറയൂ.
സംവിധായകൻ ഫാസിലിന്റെ സഹായിയായിട്ടായിരുന്നു സിദ്ദിഖിന്റെ സിനിമാ പ്രവേശം. സിദ്ദിഖ് - ലാല്‍ കോമ്പോ മോഹൻലാല്‍ ചിത്രമായ 'പപ്പൻ പ്രിയപ്പെട്ട പപ്പനി'ലൂടെ സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിലൂടെയാണ് ആദ്യമായി തിരക്കഥാകൃത്തുക്കളാകുന്നത്. മോഹൻലാലിന്റെ 'നാടോടിക്കാറ്റ്' എന്ന ചിത്രത്തിന്റെ കഥാകൃത്തുക്കളായും സിദ്ദിഖും ലാലും ശ്രദ്ധയാകര്‍ഷിച്ചു. സംവിധായകര്‍ എന്ന നിലയില്‍ ആദ്യ ചിത്രം 'റാംജി റാവു സ്‍പീക്കിംഗ് ആയിരുന്നു. സിദ്ദിഖും ലാലുമായിരുന്നു ചിത്രത്തിന്റെ തിരക്കഥയും. തുടരെ ഹിറ്റുകളുമായി സിദ്ധിഖും ലാലും സംവിധായകരായി തിളങ്ങി. 'ഇൻ ഹരിഹര്‍ നഗര്‍', 'ഗോഡ് ഫാദര്‍' . 'വിയറ്റ്‍നാം കോളനി', 'കാബൂളിവാല' എന്നീ ഹിറ്റുകളിലൂടെ പ്രേക്ഷകര്‍ സിദ്ദിഖ് - ലാല്‍ കോമ്പോയെ ആരാധകര്‍ ഏറ്റെടുത്തു. സിദ്ദിഖ്- ലാല്‍ കൂട്ടുകെട്ട് പിരിഞ്ഞതിനു ശേഷവും ഇരുവരും തുടര്‍ച്ചയായി ഹിറ്റുകളില്‍ പങ്കാളിയായി. സുഹൃത്ത് ലാലുമായി പിരിഞ്ഞ സിദ്ദിഖ് സംവിധാനം ചെയ്‍തത് മമ്മൂട്ടി നായകനായ 'ഹിറ്റ്‍ലെര്‍' ആയിരുന്നു. ചിത്രത്തിന്റെ നിര്‍മാണത്തില്‍ ലാലും പങ്കാളിയായി. മലയാളത്തിന്റെ ചിരിവിരുന്നായ 'ഫ്രണ്ട്‍സ്' സിദ്ദിഖിന്റെ സംവിധാനത്തില്‍ തമിഴിലും ഹിറ്റായി.
Read More: സംവിധായകൻ സിദ്ദിഖ് അന്തരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക