കലാഭവന്‍ നവാസിന് വിട; അപ്രതീക്ഷിത വിയോഗം വിശ്വസിക്കാനാവാതെ സിനിമാ ലോകം, പോസ്റ്റുമോർട്ടം ഇന്ന്

Published : Aug 02, 2025, 06:01 AM IST
actor kalabhavan navas found dead

Synopsis

ചോറ്റാനിക്കരയിലെ ഹോട്ടലിൽ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയ നവാസിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. രാവിലെ എട്ടരയ്ക്ക് ഇൻക്വസ്റ്റ് പൂർത്തിയാക്കി 10 മണിയോടെ പോസ്റ്റ്മോർട്ടം നടത്തും.

കൊച്ചി: നടൻ കലാഭവൻ നവാസിന് അന്ത്യാഞ്ജലി. ചോറ്റാനിക്കരയിലെ ഹോട്ടലിൽ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയ നവാസിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. രാവിലെ എട്ടരയ്ക്ക് ഇൻക്വസ്റ്റ് പൂർത്തിയാക്കി 10 മണിയോടെ പോസ്റ്റ്മോർട്ടം നടത്തും. പോസ്റ്റ്മോർട്ടത്തിന് ശേഷം ആലുവ ചൂണ്ടിയിലുള്ള വീട്ടിലേക്ക് മൃതദേഹം കൊണ്ടുവരും. ഇവിടെ ബന്ധുക്കൾക്ക് മാത്രം അന്ത്യാഞ്ജലി അർപ്പിക്കാൻ സൗകര്യം ഒരുക്കും. നാല് മണിയോടെ ആലുവ സെൻട്രൽ ജുമാ മസ്ജിദിലേക്ക് മൃതശരീരം എത്തിക്കും. തുടർന്ന് അഞ്ച് മണിയോടെ സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ സംസ്കാരം.

ഇന്നലെ രാത്രിയാണ് ചോറ്റാനിക്കരയിലെ ഷൂട്ടിംഗ് സെറ്റിൽ നിന്ന് ഹോട്ടൽ മുറിയിൽ എത്തിയ നവാസിനെ മരിച്ച നിലയിൽ കാണുന്നത്. ഹോട്ടൽ മുറിയിൽ നിന്ന് മിനിറ്റുകൾക്കുള്ളിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു ഇടവേളക്ക് ശേഷം അദ്ദേഹം സിനിമയിൽ വീണ്ടും സജീവമാകുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം. അഭിനേതാവ് അബൂബക്കറിന്റെ മകനാണ് നവാസ്. നടി രഹ്‌നയാണ് ഭാര്യ.

മലയാളിയെ എന്നും ചിരിപ്പിച്ച അതുല്യകലാകാരനാണ് വിട വാങ്ങിയത്. ഹോട്ടൽ മുറിയിലെത്തിയ റൂം ബോയിയാണ് നിലത്ത് വീണ നിലയിൽ നവാസിനെ ആദ്യം കണ്ടത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ജീവനുണ്ടായിരുന്നുവെന്ന് ചോറ്റാനിക്കരയിലെ ഹോട്ടൽ ഉടമ സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു. പ്രകമ്പനം സിനിമയുടെ ചിത്രീകരണത്തിന് ശേഷം ഹോട്ടലിൽ മടങ്ങിയെത്തിയപ്പോഴാണ് നവാസിന്‍റെ വിയോ​ഗം. ഇന്നും നാളെയും തന്‍റെ ഷൂട്ടിംഗ് ഇല്ലാത്തതിനാൽ വീട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു നവാസ്. പ്രിയ സുഹൃത്തിന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലായിരുന്നു ആശുപത്രിയിലെത്തിയവരൊക്കെയും.

സീരിയല്‍, സിനിമകളിലൂടെയും സ്റ്റേജ് ഷോകളിലൂടേയും മലയാളികളെ കുടുകുടാ ചിരിപ്പിച്ച് ഒടുവില്‍ കണ്ണീരിലാഴ്ത്തിയ അതുല്യ കലാകാരനാണ് കലാഭവന്‍ നവാസ്. കലാഭവനിലൂടെ മിമിക്രി രംഗത്തേക്ക് കടന്നുവന്ന നവാസ്, വൈകാതെ നടനും ഗായനുമെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരുകാലത്ത് സ്പോട്ട് കോമഡിയിലൂടെ സ്റ്റേജ് ഷോകളെ ഇളക്കിമറിച്ചും നവാസ് കയ്യടി നേടി. കൂട്ടുകാരൊത്തുള്ള ഉല്ലാസവേളയില്‍ ശബ്ദാനുകരണം നടത്തിയാണ് തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി സ്വദേശിയായ നവാസ് മിമിക്രി ലോകത്തേക്ക് കടന്നുവന്നത്. നാട്ടിലെ യുവജനമേളയില്‍ മിമിക്രിയില്‍ സ്ഥിരം ഒന്നാംസ്ഥാനം നേടിയിരുന്നയാളെ, നടി ഫിലോമിനയുടെ ശബ്ദം അനുകരിച്ച് രണ്ടാം സ്ഥാനത്താക്കി നവാസ് ചിരിമുറ്റത്ത് ഇരിപ്പുറപ്പിച്ചു.

കെ എസ് പ്രസാദിന്‍റെ കൈപിടിച്ച് ചിരിയുടെ സര്‍വകലാശാലയായ കലാഭവനിലേക്ക് കടന്നു. ആബേലച്ചന്‍റെ പിന്തുണ നവാസിനെ കലാഭവന്‍റെ സ്റ്റേജുകളില്‍ നിത്യസാന്നിധ്യമാക്കി. കുന്നംകുളത്തെ സ്റ്റേജില്‍ തുടക്കം. പാടാനുള്ള കഴിവ് ശബ്ദാനുകരണത്തില്‍ സമന്യയിപ്പിച്ചതോടെ താരങ്ങള്‍ നവാസിലൂടെ ഗായകരായി. നാടക ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്‍റെ മകന് അഭിനയിക്കാനുളള കഴിവ് ജന്മസിദ്ധമായിരുന്നു. ടെലിവിഷന്‍ ഷോകളിലൂടെ മലയാളിയുടെ വീടുകങ്ങളില്‍ സുപരിചിതനായി മാറിയ നവാസ് 1995ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെ വെള്ളിത്തരയിലെത്തി.

മാട്ടുപ്പെട്ടി മച്ചാന്‍, തില്ലാന തില്ലാന, മായാജാലം, ജൂനിയര്‍ മാന്‍ഡ്രേക്ക്, മൈ ഡിയര്‍ കരടി, ചട്ടമ്പി നാട്, ചക്കരമുത്ത് മേരാം നാം ഷാജി തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. അഭിനയിച്ചതിലേറെയും ഹാസ്യ കഥാപാത്രങ്ങള്‍. നവാസിനെ മലയാള സിനിമ വേണ്ടവിധം ഉപയോഗിച്ചില്ലെന്ന് തോന്നിപ്പിക്കും വിധമുള്ള പ്രകടനമാണ് ഈ വര്‍ഷം പുറത്തിറങ്ങിയ ഡിറ്റക്ടീവ് ഉജ്ജ്വലനില്‍ കണ്ടത്. ടെലിവിഷന്‍ കോമഡി പരിപാടികളില്‍ ജഡ്ജസിന്‍റെ റോളിലെത്തിയിരുന്ന നവാസ് അവിടെയും പ്രേക്ഷകനെ കയ്യിലെടുത്തു. സഹോദരന്‍ നിയാസ് ബക്കറിനൊപ്പം ആരംഭിച്ച കൊച്ചിന്‍ ആര്‍ട്സ് മിമിക്രി ട്രൂപ്പിലൂടെ സ്റ്റേജ് ഷോകളില്‍ സജീവ സാന്നിധ്യമായിരുന്നു. ഗൗരവമുള്ള കഥാപാത്രങ്ങളിലൂടെ സിനിമയിലേക്ക് മടങ്ങിവരാനുളള ശ്രമങ്ങള്‍ക്കിടെയാണ് നവാസിന്‍റെ അപ്രതീക്ഷിത വിയോഗം.

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു