സിനിമാ നടൻ ശശി കലിംഗ അന്തരിച്ചു

By Web TeamFirst Published Apr 7, 2020, 7:52 AM IST
Highlights

പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്, ഇന്ത്യന്‍ റുപ്പി, പാലേരി മാണിക്യം, ആമേന്‍, അമര്‍ അക്ബര്‍ അന്തോണി തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്

കോഴിക്കോട്: പ്രശസ്ത സിനിമ താരം കലിംഗ ശശി (59) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചയായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്, ഇന്ത്യന്‍ റുപ്പി, പാലേരി മാണിക്യം, ആമേന്‍, അമര്‍ അക്ബര്‍ അന്തോണി തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 25 വര്‍ഷം നാടകരംഗത്ത് സജീവമായിരുന്നു. പാലേരി മാണിക്യത്തിലൂടെയായിരുന്നു സിനിമ അരങ്ങേറ്റം.

വി ചന്ദ്രകുമാർ എന്നാണ് മുഴുവൻ പേര്. 25 വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ച ഇദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന്റെ മുൻഷിയിലും അഭിനയിച്ചിട്ടുണ്ട്. 500-ലധികം നാടകങ്ങളിലും 250 ഓളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 1998ലാണ് ശശി ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തുന്നത്. 'തകരച്ചെണ്ട'യെന്ന സിനിമയില്‍ ആക്രിക്കച്ചവടക്കാരനായ പളനിച്ചാമിയായിട്ടായിരുന്നു അരങ്ങേറ്റം.

പിന്നീട് ഇടവേളയ്ക്ക് ശേഷം 'പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' എന്ന രഞ്ജിത്ത് ചിത്രത്തിലൂടെ വെളളിത്തിരയിലേക്ക് തിരിച്ചെത്തി. മലയാള ചലച്ചിത്ര ലോകത്തിന്റെ ഒഴിച്ചുനിർത്താനാവാത്ത ഭാഗമായി ഇദ്ദേഹം പിന്നീട് മാറി. സഹദേവന്‍ ഇയ്യക്കാട് സംവിധാനംചെയ്ത 'ഹലോ ഇന്ന് ഒന്നാം തിയ്യതിയാണ്' സിനിമയില്‍ നായകനായി.

കോഴിക്കോട് കുന്ദമംഗലത്ത് ചന്ദ്രശേഖരന്‍ നായരുടെയും സുകുമാരി അമ്മയുടെയും മകനായാണ് കലിംഗ ശശിയുടെ ജനനം. പ്രഭാവതിയാണ് ഭാര്യ.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കുന്ദമംഗലം പിലാശ്ശേരി യിലെ വീട്ടുവളപ്പിൽ നടക്കും.

click me!