മകള്‍ക്ക് ജന്മദിന ആശംസകളുമായി ആര്യ.

അടുത്തിടെയാണ് നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായത്. കൊറിയോഗ്രാഫറും ഡിജെയുമായ സിബിൻ ബെഞ്ചമിനാണ് വരൻ. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ആദ്യവിവാഹത്തിലെ മകൾ ഖുഷിയുടെ കൈപിടിച്ചാണ് ആര്യ വിവാഹവേദിയിലേക്കെത്തിയത്. സിബിന്‍ ആര്യയ്ക്ക് താലി ചാര്‍ത്തുമ്പോഴും വേദിയില്‍ നിറചിരിയുമായി ഖുഷി കൂടെയുണ്ടായിരുന്നു ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഇപ്പോളിതാ മകൾ ഖുഷി എന്നു വിളിക്കുന്ന റോയയുടെ ജൻമദിനത്തിൽ ഹൃദയസ്‍പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ആര്യ.

Add Asianetnews as a Preferred SourcegooglePreferred

''ഞങ്ങളുടെ ജീവിതത്തിലെ കുഞ്ഞ് അത്ഭുതത്തിന് പിറന്നാൾ ആശംസകൾ... ഈ പിറന്നാൾ തീർച്ചയായും പ്രത്യേകതകൾ നിറഞ്ഞതാണ്. അവളുടെ അമ്മയെ സന്തോഷത്തിലും ദുഖത്തിലുമെല്ലാം ചേർത്തുനിർത്താൻ കെൽപുള്ളവൾ.. അവൾക്ക് ഇന്ന് പതിനാല് തികഞ്ഞിരിക്കുന്നു. ഞാൻ ഏറ്റവും നല്ല അമ്മയല്ലായിരിക്കാം, പക്ഷേ, ഓരോ മിനിറ്റിലും അങ്ങനെയാകാൻ പരിശ്രമിക്കുന്നു എന്ന് നിന്നോട് പറയാൻ ഞാനാഗ്രഹിക്കുന്നു. ഒരു നല്ല വ്യക്തിയായി വളരുന്നതിൽ നിന്നെക്കുറിച്ചോർത്ത് ‍ഡാഡിയും മമ്മിയും അഭിമാനിക്കുന്നു, അതിരുകളില്ലാതെ നിന്നെ സ്നേഹിക്കുന്നു. ഞങ്ങളെ ചേർ‌ത്തുനിർത്തുന്ന കണ്ണിക്ക്, ഞങ്ങളുടെ ലോകത്തിന് പിറന്നാൾ ആശംസകൾ... ഞങ്ങളുടെ ഈ ജീവിതത്തെ മൂല്യമുള്ളതാക്കിത്തീർക്കുന്നത് നീയാണ്'', ആര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഖുഷിയും ആര്യയും സിബിനും ഒന്നിച്ചുള്ള ചിത്രങ്ങളും പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. ആര്യയുടെ ആദ്യഭർത്താവിന്റെ സഹോദരിയും നടിയുമായ അർച്ചന സുശീലനടക്കം നിരവധി സെലിബ്രിറ്റികളും ആരാധകരും ഖുഷിക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് കമന്റ് ചെയ്‍തിട്ടുണ്ട്.

വർഷങ്ങളായി അടുത്ത സുഹൃത്തുക്കളായിരുന്നു ആര്യയും സിബിനും. ബിഗ്‌ബോസ് സീസൺ 2 ലെ മത്സരാർത്ഥിയായിരുന്നു നടിയും അവതാരികയുമായ ആര്യ ബാബു. ബിഗ് ബോസ് സീസൺ 6 ലെ വൈൽഡ് കാർഡ് എൻട്രിയായാണ് സിബിൻ മത്സരത്തിൽ പങ്കെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക