സർക്കാരിന്റെ നവ കേരള സർവ്വേ ഹൈക്കോടതി റദ്ദാക്കി. ബജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ലാത്ത പദ്ധതി നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. ഇത് 20 കോടിയുടെ ധൂർത്താണെന്ന് നടൻ ജോയ് മാത്യൂ പ്രതികരിച്ചു.

കൊച്ചി: സർക്കാരിന്‍റെ നവ കേരള സർവ്വേ ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ രൂക്ഷപ്രതികരണവുമായി നടൻ ജോയ് മാത്യൂ. നാട്ടുകാരുടെ നികുതിപ്പണമെടുത്ത് നവകേരള സർവ്വേ എന്ന ഉഡായിപ്പുമായി സ്വന്തം പാർട്ടിക്കാർക്ക് പുട്ടടിക്കാനും വോട്ടർമാരെ ചാക്കിലാക്കാനുമായി 20 കോടി ധൂർത്തടിക്കാൻ ഇറങ്ങിത്തിരിച്ചവരുടെ തലമണ്ട നോക്കിയാണ് ഹൈക്കോടതി വക ചുറ്റികയടിയെന്ന് ജോയ് മാത്യൂ ഫേസ്ബുക്കിൽ കുറിച്ചു. കെഎസ്‍യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് നൽകിയ ഹർജിയിലാണ് ഉത്തരവ്. ഈ വിഷയത്തിൽ കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറിനെ ജോയ് മാത്യൂ അഭിനന്ദിച്ചിട്ടുമുണ്ട്. അലോഷ്യസ് ചുറ്റിക കണ്ടെത്തിയത് ചുമ്മാ ഒരു മദ്രാവാക്യം വിളിയിൽ നിന്നല്ല, സാമ്പത്തിക ശാസ്ത്രത്തിൽ താൻ കൈവരിച്ച അറിവ് കൊണ്ടുകൂടിയാണ്. പിഎച്ച്ഡി അലങ്കാരമായി കൊണ്ടുനടക്കുവാനുള്ളതല്ല എന്ന് അലോഷി തെളിയിച്ചിരിക്കുന്നു എന്നാണ് ജോയ് മാത്യൂവിന്‍റെ പ്രശംസ.

സർക്കാരിന് കനത്ത തിരിച്ചടി

സർക്കാരിന് കനത്ത തിരിച്ചടിയാണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. പരിപാടി നിയമവിരുദ്ധമെന്നാണ് ഹൈക്കോടതി നിരീക്ഷണം. ബജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ല എന്നും കോടതി വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ, വികസനം തുടങ്ങിയ കാര്യങ്ങൾ ജനങ്ങളിൽ നിന്ന് ചോദിച്ചറിയുന്നതിന് വേണ്ടിയാണ് നവകേരള സർവ്വേ എന്ന പേരിൽ ഒരു പരിപാടി നടത്താൻ തീരുമാനിച്ചത്. ഈ സർവേക്ക് വേണ്ടി നിരവധിയായ പ്രവർത്തകരെ ഒരു പോർട്ടൽ വഴി കണ്ടെത്തുകയും ചെയ്തു. ശേഷം, വീടുകൾ കയറി പരിപാടി നടത്തുകയും ചെയ്തു.

സിപിഎം പ്രവർത്തകരെ ഉപയോ​ഗിച്ചുകൊണ്ട് ഒരു രാഷ്ട്രീയ പരിപാടിയാണ് നടത്തുന്നത് എന്നായിരുന്നു ഹർജിക്കാർ കോടതിയിൽ പറ‍ഞ്ഞത്. കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് നൽകിയ ഹർജിയിൽ കോടതി നിരവധി തവണ വാദം കേട്ടിരുന്നു. അതിനുശേഷമാണ് ഇതിൽ ബജറ്റ് അലോക്കെഷനോ ധനകാര്യ വകുപ്പിന്റെ അനുമതിയോ ഈ പരിപാടിക്ക് ഇല്ല എന്ന് കണ്ടെത്തിക്കൊണ്ടാണ് ഹൈക്കോടതി പദ്ധതി റദ്ദാക്കിയിരിക്കുന്നത്. ഇത് സർക്കാരിന് വലിയൊരു തിരിച്ചടിയാണ്.

2026 ജനുവരി 1 മുതൽ 2026 ഫെബ്രുവരി 28 വരെ 80 ലക്ഷത്തോളം വീടുകൾ കയറിയിറങ്ങി വിവരശേഖരണം നടത്തുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. കോളേജ് വിദ്യാർത്ഥികളെ സർവ്വേക്ക് ഉപയോഗിക്കാനും ഉത്തരവ് ഇറക്കിയിരുന്നു. പദ്ധതിക്കായി പോർട്ടൽ തയാറാക്കുകയും ചെയ്തു. ആ പോർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ വോളന്റിയർമാരോട് ആവശ്യപ്പെടുകയും ചെയ്തു. അത് സിപിഎം പ്രവർത്തകർ ആണെന്നായിരുന്നു ഹർജിയിലെ ആരോപണം.