
അറുപത്തി എട്ടാം പിറന്നാൾ ആഘോഷിക്കുകയാണ് ഉലകനായകൻ കമൽഹാസൻ. സമാനതകളില്ലാതെ ഇന്നും സിനിമാസ്വാദകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന നടന് വിശേഷണങ്ങൾ ഏറെയാണെങ്കിലും മലയാളത്തിന് കമൽഹാസൻ എന്നും പ്രിയപ്പെട്ട പ്രണയ നായകനാണ്. റൊമാന്റിക് ഹീറോ ആയി മലയാളത്തിൽ വിസ്മയം തീർത്ത കമൽഹാസൻ ചിത്രങ്ങൾ നിരവധിയാണ്. മലയാളികൾ ഇന്നും പാടിനടക്കുന്ന പ്രണയഗാനങ്ങളിൽ ഒട്ടുമിക്കതിലും കമൽ തന്നെ ആയിരുന്നു നായകൻ. അവയെല്ലാം ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയം തന്നെ.
ചെറുപ്പം മുതൽ തന്നെ മലയാള സിനിമയുമായി അഭേദ്യമായ ബന്ധമുണ്ട് കമൽഹാസന്. 'കണ്ണും കരളും' എന്ന ചിത്രത്തിലൂടെയാണ് കമൽ മലയാള സിനിമയിൽ ആദ്യമായി എത്തുന്നത്. ചിത്രത്തിൽ വയലാര്‍ – എം ബി ശ്രീനിവാസന്‍ കൂട്ട് കെട്ടിൽ പിറന്ന "താത്തെയ്യം കാട്ടിലെ..” എന്ന പാട്ടാണ് കമൽ ആദ്യമായി മലയാളത്തില്‍ അഭിനയിച്ച ഗാനരംഗം. അന്ന് ഏറെ ശ്രദ്ധനേടിയ ഈ ഗാനം ഇന്നും പലരുടെയും മനസ്സിൽ തിങ്ങിനിൽക്കുന്നുണ്ട്.
1974ല്‍ പുറത്തിറങ്ങിയ 'കന്യാകുമാരി' എന്ന ചിത്രത്തില്‍ ആദ്യമായി കമൽഹാസൻ നായികനായി. ചിത്രത്തിലെ അഭിനയത്തിന് ആദ്യത്തെ പ്രാദേശിക ഫിലിം ഫെയർ പുരസ്‍കാരവും കമലിനെ തേടിയെത്തി. ബാലതാരത്തിൽ നിന്ന് പതിറ്റാണ്ടുകൾ നീണ്ടുനിന്ന റൊമാന്റിക് നായകനിലേക്കുള്ള, കമലിന്റെ യാത്ര ആരംഭിച്ചത് അവിടെ നിന്നായിരുന്നു. ശങ്കരന്‍ നായരുടെ സംവിധാനത്തിൽ 1974ൽ തന്നെ റിലീസ് ചെയ്‍ത 'വിഷ്‍ണുവിജയം' എന്ന ചിത്രത്തിലും നായകനായി കമൽ തിളങ്ങി. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളിൽ മാസ്‍മരിക പ്രകടനം നടത്തിയ കമൽഹാസൻ സിനമാരംഗത്ത് തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ചിത്രത്തിൽ ഷീല ആയിരുന്നു കമലിന്റെ നായിക.
കെ. ബാലചന്ദര്‍ ഒരുക്കിയ 'അവള്‍ ഒരു തുടര്‍ക്കഥ' എന്ന വിജയ ചിത്രത്തോടെയായിരുന്നു യുവതാരനിരയിലെ ഏറ്റവും ശ്രദ്ധേയനായ നായകനായി സിനിമാ പ്രേമികൾ കമൽഹാസനെ നെഞ്ചേറ്റിയത്. ഇതോടൊപ്പം തന്നെ മറ്റൊരു സീത, തിരുവോണം തുടങ്ങിയ വിജയ ചിത്രങ്ങളിലും കമൽ നായകനായി. 'ഞാൻ നിന്നെ പ്രേമിക്കുന്നു' എന്ന സിനിമയിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തിലൂടെയാണ് കമൽ ആദ്യമായി പിന്നണി ഗായകനാകുന്നത്.
1975ൽ ശങ്കരന്‍ നായർ ഒരുക്കിയ രാസലീല എന്ന ചിത്രത്തിലെ ബുദ്ധിമാന്ദ്യമുള്ള നായക വേഷം കമലിന്റെ കരിയറിലെ മറ്റൊരു വഴിത്തിരിവായി. പിന്നീട് ശിവതാണ്ഡവം, മദനോത്സവം, ശ്രീദേവി തുടങ്ങിയ വിജയ ചിത്രങ്ങളും കമൽ- ശങ്കരൻ കൂട്ടുകെട്ടിൽ പിറന്നു. 1976ൽ പുറത്തിറങ്ങിയ 'സ്വിമ്മിംഗ് പൂൾ' എന്ന സിനിമയിലൂടെ കമൽഹാസൻ ആദ്യമായി പൊലീസ് വേഷം അണിഞ്ഞു.
നടി വിധുബാലയാണ് മലയാളത്തിൽ ഏറ്റവും കൂടുതൽ തവണ കമലിന്റെ നായികയായി അഭിനയിച്ചത്. ഓര്‍മ്മകള്‍ മരിക്കുമോ, കാത്തിരുന്ന നിമിഷം, അനുമോദനം, ആശിര്‍വാദം, അഷ്‌ടമംഗല്യം തുടങ്ങി നിരവധി സിനിമകളിൽ ഇരുവരും ജോഡികളായി. കമലിനെ യുവാക്കളുടെ ഹരമാക്കി മാറ്റുന്നതിൽ മുഖ്യ പങ്കുവഹിച്ച ചിത്രം കൂടിയായിരുന്നു മദനോത്സവം.
1979ല്‍ പുറത്തിറങ്ങിയ 'അലാവുദീനും അത്ഭുതവിളക്കും' എന്ന ചിത്രത്തിന് ശേഷം തമിഴില്‍ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച നടൻ, മാറ്റുവിൻ ചട്ടങ്ങളെ, അന്തിവെയിലിലെ പൊന്ന്, വ്രതം എന്നിങ്ങനെ ചുരുക്കം ചില മലയാള ചിത്രങ്ങളിലാണ് പിന്നീട് അഭിനയിച്ചത്. 1988ല്‍ പ്രതാപ് പോത്തൻ സംവിധാനം ചെയ്‍ത ഡെയ്‌സിയിൽ നായികയുടെ സഹോദരനായി ശ്രദ്ധേയമായ വേഷം ചെയ്തു. പിന്നീട് രാജീവ് കുമാര്‍ സംവിധാനം ചെയ്‍ത ചാണക്യന്‍ എന്ന സിനിമയിലും കമൽ അഭിനയിച്ചു.
ശേഷം മലയാളത്തിൽ സജീവമല്ലെങ്കിലും പുന്നകൈ മന്നൻ, മൂന്നാംപിറ, ഗുണ, നായകൻ, ഇന്ത്യൻ, അവ്വൈ ഷണ്മുഖി, വിശ്വരൂപം തുടങ്ങി കമൽ അഭിനയിച്ച ചിത്രങ്ങൾ കേരളത്തിൽ ഹിറ്റായി മാറി. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ വിക്രം എന്ന ചിത്രം കമൽഹാസനെ കൂടുതൽ മലയാളികളോട് അടുപ്പിക്കുക ആയിരുന്നു. 1996-ലെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്ന ഇന്ത്യൻ 2വിനായുള്ള കാത്തിരിപ്പിലാണ് നിലവിൽ സിനിമാസ്വാദകർ. ചിത്രത്തിൽ എന്ത് മാസ്മരികതയാണ് കമൽ പ്രേക്ഷകർക്ക് സമ്മാനിക്കുകയെന്നറിയാൻ തമിഴ് സിനിമാസ്വാദകരെ പോലെ കേരളക്കരയും കാത്തിരിക്കുന്നു.
അഭിനയത്തിന് പുറമെ ഗായകൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, രാഷ്‍ട്രീയനേതാവ് തുടങ്ങി വ്യത്യസ്‍ത റോളുകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഉലകനായകന്റെ വെള്ളിത്തിരയിലെ ജൈത്രയാത്ര തുടരുകയാണ്. തന്റെ അഭിനയപാടവം കൊണ്ട് എപ്പോഴും പ്രേക്ഷകരെ ത്രസിപ്പിച്ച് കൊണ്ടിരിക്കുന്ന കമൽഹാസന്റെ പിറന്നാൾ, തമിഴ്‍ സിനിമാ മേഖലയെ പോലെ ആഘോഷമാക്കുകയാണ് മലയാളികളും.
രജനികാന്തും ആവര്‍ത്തിച്ചു കാണുന്നത് കമല്‍ഹാസൻ ചിത്രങ്ങള്‍, കാരണം വെളിപ്പെടുത്തി സ്റ്റൈല്‍ മന്നൻ