Asianet News MalayalamAsianet News Malayalam

രജനികാന്തും ആവര്‍ത്തിച്ചു കാണുന്നത് കമല്‍ഹാസൻ ചിത്രങ്ങള്‍, കാരണം വെളിപ്പെടുത്തി സ്റ്റൈല്‍ മന്നൻ

കമല്‍ഹാസൻ നായകനായ ചിത്രം ആവര്‍ത്തിച്ചുകാണുന്നതിനെ കുറിച്ച് രജനികാന്ത്.

Rajinikanth reveals he repeatedly watching Kamal Haasan starrer film
Author
First Published Nov 7, 2022, 11:01 AM IST

രാജ്യത്ത് തന്നെ വേറിട്ട വേഷപകര്‍ച്ചകളാല്‍ വിസ്‍മയിപ്പിക്കുന്ന രണ്ട് നടൻമാരാണ് തമിഴകത്തിന്റെ സ്വന്തം കമല്‍ഹാസനും രജനികാന്തും. മലയാളത്തിന് മമ്മൂട്ടിയും മോഹൻലാലുമെന്ന വര്‍ഷങ്ങളായി തമിഴ് സിനിമയുടെ രണ്ട് പ്രധാന തൂണുകളാണ് ഇവര്‍. ഹിറ്റുകള്‍ എണ്ണത്തില്‍ ഏറെയാണ് കമല്‍ഹാസനും രജനികാന്തിനും. ഇവരുടെ സൗഹൃദവും ഒരു സിനിമാക്കാഴ്‍ച പോലെ ഏവരെയും ആകര്‍ഷിക്കുന്നതാണ്. ഒട്ടേറെ മികച്ച ഹിറ്റ് സിനിമകളില്‍ ഇവര്‍ ഒന്നിച്ചിട്ടുമുണ്ട്. താൻ ആവര്‍ത്തിച്ച് കാണുന്ന സിനിമകളില്‍ ഒന്ന് കമല്‍ഹാസന്റേതാണ് എന്നാണ് രജനികാന്ത് പലതവണ പറഞ്ഞിട്ടുണ്ട്. ഓരോ തവണ കാണുമ്പോഴും കമല്‍ഹാസൻ ചിത്രത്തില്‍ നിന്ന് തനിക്ക് പുതിയ കാര്യങ്ങളാണ് കിട്ടുന്നതെന്നായിരുന്നു രജനികാന്ത് പറഞ്ഞ കാരണം.

ചെറുതെങ്കിലും 'അപൂര്‍വരാഗങ്ങള്‍' എന്ന സിനിമയിലൂടെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി കമല്‍ഹാസനോടൊപ്പമായിരുന്നു രജനികാന്തിന്റെ അരങ്ങേറ്റം തന്നെ. 'അന്തുലേനി കഥ', 'മൂണ്ട്രു മുടിച്ച്', 'അവര്‍ഗള്‍', '16 വയതിനിലെ', 'ആടു പുലി ആട്ടം', 'ഇളമൈ ഊഞ്ഞാല്‍ ആടുകിരത്', 'തപ്പു താളങ്ങള്‍', 'അവള്‍ അപ്പടിതാൻ', 'അലാവുദ്ദിനും അത്ഭുതവിളക്കും',  'നിനൈത്താലെ എനിക്കും' തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളായി ഇവര്‍ ഒന്നിച്ചിട്ടുണ്ട്. സിനിമക്ക് പുറത്തും ഇവരുടെ സൗഹൃദം എല്ലാവര്‍ക്കും മാതൃകയുമായി. കമല്‍ഹാസൻ നായകനായി അഭിനയിച്ച ചിത്രങ്ങളെ കുറിച്ച് പറയുമ്പോള്‍ പലപ്പോഴും രജനികാന്തിന് നൂറ് നാവാണ്. താൻ ആവര്‍ത്തിച്ച് കാണുന്ന സിനിമകള്‍ 'ഗോഡ്‍ഫാദറും', 'ഹേ റാമു'മാണ് എന്ന് പലപ്പോഴും രജനികാന്ത് പറയാറുണ്ട്. ഓരോ തവണ കാണുമ്പോഴും ഓരോ പുതിയ കാര്യങ്ങളാണ് തനിക്ക് 'ഹേ റാമി'ല്‍ നിന്ന് കിട്ടുന്നത് എന്നാണ് രജനികാന്ത് പറയാറുള്ളത്.

കമല്‍ഹാസൻ സംവിധാനം ചെയ്‍ത ചിത്രം 2000ത്തിലാണ് പ്രദര്‍ശനത്തിന് എത്തിയത്. കമല്‍ഹാസൻ തന്നെയാണ് തിരക്കഥയെഴുതിയതും ചിത്രം നിര്‍മിച്ചതും. ഇന്ത്യാവിഭജനത്തിന്റെയും വർഗ്ഗീയലഹളകളുടെയും ഗാന്ധിവധത്തിന്റെയും മറ്റും പശ്ചാത്തലമാണ് 'ഹേ റാമി'ന്റേത്. 89കാരനായ സാകേത് രാമായിരുന്നു ചിത്രത്തില്‍ കമല്‍ഹാസന്റെ കഥാപാത്രം. ഗാന്ധിജിയെ വധിക്കാൻ നിയോഗിക്കപ്പെടുന്ന സാകേത് രാം  മഹാത്‍മയെ അടുത്തറിയുകയും തീരുമാനം മാറ്റുകയും തികഞ്ഞ ഗാന്ധിയനായി മാറുകയും ചെയ്യുന്നതാണ് ഹേ റാം പറയുന്നത്.

കമല്‍ഹാസനും രജനികാന്തും വീണ്ടും ഒന്നിക്കുന്നതിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഇരുവരും ഒന്നിക്കുന്നുവെന്ന തരത്തില്‍ ഇടയ്‍ക്ക് വാര്‍ത്തകള്‍ വരാറുുണ്ട്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ചിത്രമായ 'വിക്രം ആണ് കമല്‍ഹാസന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.  കമല്‍ഹാസൻ നായകനായ ചിത്രം വൻ വിജയമായി മാറുകയും ചെയ്‍തിരുന്നു.

Read More: ശ്രീനിവാസൻ വീണ്ടും ക്യാമറയ്‍ക്ക് മുന്നില്‍, 'കുറുക്കൻ' ചിത്രീകരണം തുടങ്ങി

Follow Us:
Download App:
  • android
  • ios