ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ കൃഷ്‍ണൻകുട്ടി നായരുടെ മകൻ ശിവകുമാർ വില്ലൻ

Web Desk   | Asianet News
Published : Sep 10, 2021, 03:32 PM IST
ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ കൃഷ്‍ണൻകുട്ടി നായരുടെ മകൻ ശിവകുമാർ വില്ലൻ

Synopsis

സ്റ്റേഷൻ 5  എന്ന ചിത്രത്തിലാണ് ശിവകുമാര്‍ വില്ലനായി എത്തുന്നത്.

എൺപതുകളിലും തൊണ്ണൂറുകളിലും  മലയാള സിനിമയിൽ നിറ സാന്നിധ്യവും അവിഭാജ്യ ഘടകവുമായിരുന്നൂ കൃഷ്‍ണൻകുട്ടി നായർ എന്ന നടൻ. ജി ശങ്കരപ്പിള്ളയുടെയും കാവാലത്തിന്റെയും നാടക ങ്ങളിലൂടെ സിനിമയിലേക്കു വരുമ്പോൾ തന്നെ അദ്ദേഹം സീരിയലുകളിൽ പ്രേക്ഷകഹൃദയത്തിൽ തങ്ങുന്ന ഒട്ടേറേ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 1979-ൽ പുറത്തിറങ്ങിയ പി.പത്മരാജന്റെ ' പെരുവഴിയമ്പല 'ത്തിലൂടെ സിനിമയിൽ പ്രവേശിച്ച കൃഷ്‍ണൻകുട്ടി നായർ   'അവനവൻ കടമ്പ ' യോടെയാണ് പ്രസിദ്ധനാകുന്നത്. 

 മനസ്സിൽ തങ്ങിനിൽക്കുന്ന എത്രയെത്ര കഥാപാത്രങ്ങളെയാണ്  അദ്ദേഹം അവതരിപ്പിച്ചത്. ' മഴവിൽക്കാവടി' യിലെ ബാർബറും ' കാക്കോത്തിക്കാവി ' ലെ കാലൻ മത്തായിയും ' പൊൻമുട്ടയിടുന്ന താറാവി' ലെ തട്ടാൻ ഗോപാലനും' പെരുവഴിയമ്പല' ത്തിലെയും' ഒരിടത്തൊര ഫയൽവാനി' ലെയും ' അരപ്പട്ടകെട്ടിയ ഗ്രാമത്തിലെ' യും' വരവേൽപ്പി ' ലേയും ' കടിഞ്ഞൂൽ കല്യാണം ',' കുറ്റപത്രം ', ' ഉള്ളടക്കം' , ' മൂക്കില്ലാ രജ്യത്ത്' , ' കിഴക്കൻ പത്രോസ് ',  എന്നു വേണ്ട മിന്നിമറയുന്നിടത്തെല്ലാം ആ നടനവൈഭവത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു . 

കൃഷ്‍‌ണൻകുട്ടി നായർ വിട പറഞ്ഞിട്ട് കാൽ നൂറ്റാണ്ടാവുന്നൂ. അദ്ദേഹത്തിന്റെ പിൻഗാമിയായി മകൻ ശിവകുമാറും അഭിനേതാവായി സിനിമയിൽ തൻറേതായ സ്ഥാനം നേടുകയാണ്. അച്ഛനെപ്പോലെ തന്നെ നാടക രംഗത്തു നിന്നാണ് ശിവകുമാറിൻ്റെയും സിനിമാ പ്രവേശം. താൻ അഭിനയിച്ച 'മാറാട്ടം " എന്ന നാടകത്തിന്റെ തന്നെ ചലച്ചിത്രാവിഷ്‌ക്കാരമായ , അരവിന്ദൻ സംവിധാനം ചെയ്‍ത  'മാറാട്ട'ത്തിലൂടെ സിനിമയിലെത്തിയ ശിവകുമാർ ', ഉടോപ്യയിലെ രാജാവ് ', ' ആമി ', 'കൂടെ ', ഒറ്റാൽ' ഒഴിമുറി ' തുടങ്ങിയ ഒട്ടേറെ സിനിമകളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 

ഇതിൽ നിന്നെല്ലാം വേറിട്ട വില്ലൻ കഥാപാത്രമായി  മാറുകയാണ്  പ്രശാന്ത് കാനത്തൂർ ആദ്യമായി സംവിധാനം ചെയ്യുന്ന ഫീച്ചർ ഫിലിമായ  സ്റ്റേഷൻ 5 -ൽ . പത്തിലധികം ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്‍ത് നിരവധി  അംഗീകാരങ്ങൾ നേടി ശ്രദ്ധേയനായ പ്രശാന്ത് കാനത്തൂരിന്റെ ഈ ചിത്രത്തിൽ ഇന്ദ്രൻസാണ്  കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള  വിശദാംശങ്ങളൊന്നും അണിയറക്കാർ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ആദ്യമായി താൻ ഒരു ഗുണ്ടാ കഥാപാത്രമായി അഭിനയിച്ചതിൻ്റെ ത്രില്ലിലാണ് ശിവകുമാർ." അച്ഛനാണ് എനിക്കു പ്രചോദനം. എന്നാൽ അച്ഛന്റെ മേൽവിലാസം പറഞ്ഞ് ഞാൻ ഇന്നു വരെ അവസരങ്ങൾക്കായി ആരെയും സമീപിച്ചിട്ടില്ല. അങ്ങനെ പാടില്ലെന്നും സ്വന്തം കഴിവു കൊണ്ട് വളരണം എന്നുമാണ്  അച്ഛൻ എന്നെ ഉപദേശിച്ചത്. ആ ഉപദേശം ഇന്നും ഞാൻ പിന്തുടരുന്നു. ഓരോ സിനിമയും അതിലെ കഥാപാത്രവും ഞാൻ  ഒരു പാഠമായിട്ടാണ് കരുതുന്നത്. എന്നെ വിശ്വസിച്ച് എന്നിലെ കഴിവ് മനസ്സിലാക്കി സ്റ്റേഷൻ- 5 ൽ വ്യത്യസ്‍തമായ കഥാപാത്രം നൽകിയ പ്രശാന്തിന് നന്ദി,  ശിവകുമാർ പറഞ്ഞു.
 

PREV
click me!

Recommended Stories

നായകനും പ്രതിനായകനും നാളെ എത്തും; കേരളത്തിൽ വിറ്റഴിഞ്ഞത് 100,000+ കളങ്കാവൽ ടിക്കറ്റുകൾ
'കൊലയാളിയെ തേടി ഇന്ദ്രജിത്ത് സുകുമാരൻ'; 'ധീരം' നാളെ മുതൽ തിയേറ്ററുകളിൽ