
കേരളക്കരയിൽ ഇപ്പോൾ ചർച്ചാവിഷയം മമ്മൂട്ടിയാണ്. കൊച്ചിയിൽ നടന്ന ഫിലിംഫെയർ അവാർഡിൽ മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം മമ്മൂട്ടി കാണിച്ച പ്രവർത്തിയാണ് പ്രകീർത്തപ്പെടുന്നത്. പുരസ്കാരം ഏറ്റുവാങ്ങിയ മമ്മൂട്ടി തനിക്കൊപ്പം നോമിനേഷനിൽ വന്ന ആസിഫ് അലി, ബേസിൽ ജോസഫ് എന്നിവരെ സ്റ്റേജിലേക്ക് വിളിക്കുകയും മൂവരും ചേർന്ന് അവാർഡ് പിടിക്കുകയും ചെയ്യുന്ന കാഴ്ച സോഷ്യൽ മീഡിയ ഒന്നാകെ ഏറ്റെടുത്തു. പിന്നാലെ വൻ പ്രശംസാ പ്രവാഹമാണ് ഉയർന്നത്.
മമ്മൂക്ക അല്ലാതെ മറ്റാരും ഇങ്ങനെ ചെയ്യില്ലെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. മമ്മൂട്ടിയെ പ്രശംസിച്ച് കൊണ്ട് സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് രംഗത്ത് എത്തുന്നത്. ഒരർഥത്തിലും ഇരുവരും എന്നെക്കാൾ ഒട്ടും താഴെ അല്ലെന്നും എന്തോ സംഭവിച്ച് പുരസ്കാരം തനിക്ക് ലഭിച്ചതാണെന്നും ഇരുവരും ഒരുപാട് കഴിവുള്ള യുവതാരങ്ങളാണെന്നും മമ്മൂട്ടി പറഞ്ഞു. പ്ലീസ്, വാടാ... എന്ന് പറഞ്ഞാണ് മമ്മൂട്ടി, ആസിഫ് അലിയേയും ബേസിൽ ജോസഫിനെയും വേദിയിലേക്ക് ക്ഷണിച്ചത്. ഭ്രമയുഗത്തിലെ മിന്നുന്ന പ്രകടനത്തിനാണ് മമ്മൂട്ടി അവാർഡ് നേടിയത്. ഭ്രമയുഗത്തിൽ കൂടെ അഭിനയിച്ചവരും മികച്ച പ്രകടനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം അങ്കമാലി അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ആയിരുന്നു 70-ാമത് ഫിലിംഫെയർ അവാർഡ് നടന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിലെ മികവിനുള്ള പുരസ്കാരങ്ങള്‍ വിതരണം ചെയ്യപ്പെട്ട ചടങ്ങ് താരനിബിഢമായിരുന്നു. മമ്മൂട്ടി മികച്ച നടനായപ്പോൾ ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ ലീലാമ്മയെ അവതരിപ്പിച്ച ഉര്‍വ്വശിയാണ് മികച്ച നടി.
പേട്രിയേറ്റ് എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത്. മോഹന്‍ലാലും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മഹേഷ് നാരായണനാണ്. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നയന്‍താര എന്നിവരും ചിത്രത്തിലുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ