കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന വാങ്ചുക്കിന് ജ്യോത്സന രാധാകൃഷ്ണൻ പിന്തുണയറിയിച്ചു. കുട്ടികളുടെ ഭാവിക്കും അടിസ്ഥാന അവകാശങ്ങൾക്കും വേണ്ടി ഒരാൾക്ക് ജീവൻ പണയപ്പെടുത്തേണ്ടി വരുന്നത് നിരാശാജനകമാണെന്ന് പറഞ്ഞു.

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ സോനം വാങ്ചുക്കിന് പിന്തുണയുമായി ​ഗായിക ജോത്സന രാധാകൃഷ്ണൻ. കുട്ടികളുടെ മെച്ചപ്പെട്ട ഭാവിക്കായി ശ്രമിക്കുന്ന ഒരാൾക്ക് സ്വന്തം ജീവൻ തന്നെ പണയം വയ്ക്കേണ്ടി വരുന്നത് അങ്ങേയറ്റം നിരാശാജനകമാണെന്ന് ജ്യോത്സന പറയുന്നു. അടിസ്ഥാന അവകാശങ്ങൾ നേടി എടുക്കേണ്ടതിന് ആരും മരിക്കേണ്ടി വരരുതെന്നും സോനം വാങ്ചുക്കിനൊപ്പമാണ് താനെന്നും ജ്യോത്സന പറഞ്ഞു.

"എന്റെയും നിങ്ങളുടെയും കുട്ടികൾക്കായി ഭാവി അല്പമെങ്കിലും മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതിനും, തങ്ങളുടെ ശബ്ദം അധികാരികളിൽ എത്തിക്കുന്നതിനും വേണ്ടി ഒരാൾക്ക് സ്വന്തം ജീവൻ തന്നെ പണയം വെക്കേണ്ടി വരുന്നു എന്ന തിരിച്ചറിവ്, അങ്ങേയറ്റം നിരാശാജനകമാണ്. പ്രത്യേകിച്ച് ഒരു അമ്മ എന്ന നിലയിൽ", എന്നായിരുന്നു ജ്യോത്സനയുടെ വാക്കുകൾ.

"നിങ്ങൾ ഏത് ഐഡിയോളജിയിൽ ഇള്ളവരോ, ഏത് രാഷ്ട്രീയ പാർട്ടിയിലോ മതവിഭാഗത്തിലോ വിശ്വസിക്കുന്നവരോ ആയാലും, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ഒട്ടും ശരിയായ കാര്യങ്ങളല്ല. അതിനും മുകളിലുള്ള കാര്യങ്ങളാണ് നടക്കുന്നത്. ഞാൻ ദേശവിരുദ്ധയല്ല. പ്രതിഷേധിക്കുന്ന നിരവധി കുട്ടികളും മാതാപിതാക്കളും ദേശവിരുദ്ധരല്ല. മെച്ചപ്പെട്ടൊരു വ്യവസ്ഥിതി ആവശ്യപ്പെടുക എന്നത് ജനാധിപത്യത്തിൽ ഒരു അടിസ്ഥാന അവകാശമാണ്. അതിനുവേണ്ടി ആരും മരിക്കേണ്ടി വരരുത്. ആരും തന്നെ. ഞാൻ സോനം വാങ്ചുക്കിനൊപ്പം", എന്നും ജ്യോത്സന കൂട്ടിച്ചേർത്തു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming