
കേരള സമൂഹത്തെ പിടിച്ചു കുലുക്കിയ മഹാപ്രളയത്തിന്റെ കഥ വെള്ളിത്തിരയിൽ എത്തിച്ച ചിത്രമാണ് 2018. അന്ന് മലയാളികൾ അനുഭവിച്ച ആകുലതകളും പ്രതിസന്ധികളും എല്ലാം തുറന്നുകാട്ടിയ ചിത്രം ഇപ്പോൾ ഒസ്കറിലും ഇടംപിടിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രിയായാണ് ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രം ഒസ്കറിലേക്ക് എത്തുന്നത്. നിരവധി പേരാണ് ചിത്രത്തിനും ടീം അംഗങ്ങൾക്കും ആശംസകളുമായി എത്തുന്നത്. ഈ അവസരത്തിൽ ഒസ്കർ കിട്ടിയ സന്തോഷമാണ് ഇപ്പോഴെന്ന് പറയുകയാണ് ജൂഡ് ആന്റണി. ഏഷ്യാനെറ്റ് ന്യൂസിനോട് ആയിരുന്നു സംവിധായകന്റെ പ്രതികരണം.
"ഒരുപാട് സന്തോഷം. ഒട്ടും പ്രതീക്ഷിച്ച കാര്യമല്ലിത്. സിനിമ എല്ലാവർക്കും ഇഷ്ടപ്പെടണം എൻജോയ് ചെയ്യണം, ആ സമയത്ത് നമ്മൾ അനുഭവിച്ച, ഒരുമിച്ച് നിന്നതിന്റെ ഓർമപ്പെടുത്തൽ എന്ന നിലയിലാണ് സിനിമ നമ്മൾ പ്ലാൻ ചെയ്തത്. പ്രതീക്ഷിച്ചതിനെക്കാൾ ആളുകൾക്ക് സിനിമ ഇഷ്ടപ്പെടുകയും അതൊരു ഇന്റസ്ട്രി ഹിറ്റിലേക്ക് പോവുകയും ചെയ്തു. ഇതിപ്പോൾ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല. അടിച്ചു മോനെ ലോട്ടറി എന്ന് പറയുമ്പോലത്തെ അവസ്ഥയായിരുന്നു. ദൈവാനുഗ്രഹം ആയാണ് ഞാൻ ഇതിനെ കാണുന്നത്. അത്രയും മനസുകൊണ്ട് ചെയ്ത സിനിമയാണിത്. ടൊവിനോയെ ഒക്കെ 45 ദിവസം ഞാൻ വെള്ളത്തിൽ ഇട്ടിരിക്കുകയായിരുന്നു എന്ന് വേണം പറയാൻ. അതുപോലെ എല്ലാവരും നല്ല രീതിയിൽ കഷ്ടപ്പെട്ടിട്ടുണ്ട്. ഒസ്കർ എൻട്രി എന്നത് സിനിമയിലെ എല്ലാ അംഗങ്ങൾക്കും കിട്ടുന്ന ആംഗീകാരമാണ്. മലയാള സിനിമയ്ക്ക് കിട്ടുന്ന അംഗീകാരമാണ്", എന്ന് ജൂഡ് ആന്റണി പറയുന്നു.
ഒസ്കർ കിട്ടിയ സന്തോഷമാണ് ഇപ്പോഴെന്നും ജൂഡ് ആന്റണി പറയുന്നു. "ഒസ്കർ കിട്ടുമോ ഇല്ലയോ എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു വിഷയമേ അല്ല. സിനിമ വിജയിക്കുക എന്ന് മാത്രമെ ഉണ്ടായിരുന്നുള്ളൂ. എത്രയോ പ്രതിഭകൾ ഉള്ള ഇന്റസ്ട്രിയാണ് മലയാള സിനിമ. അവരുടെ എല്ലാം റെപ്രസെന്റേഷൻ ആയിട്ട് നമ്മുടെ സിനിമ എടുക്കുക എന്നത് വലിയ അംഗീകാരമാണ്", എന്നും ജൂഡ് പറഞ്ഞു. അതേസമയം, 2018ന് അഭിനന്ദനങ്ങളുമായി മമ്മൂട്ടി രംഗത്തെത്തി. സിനിമയുടെ എല്ലാ അംഗങ്ങൾക്കും അഭിനന്ദനം അറിയിക്കുന്നുവെന്ന് മമ്മൂട്ടി കുറിച്ചു.
'ദളപതി ചിത്രത്തിനായി വെയ്റ്റിംഗ്..'; വിജയിയോട് ഷാരൂഖ് ഖാൻ, മറുപടി ഏറ്റെടുത്ത് ആരാധകർ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ