'ദളപതി ചിത്രത്തിനായി വെയ്റ്റിംഗ്..'; വിജയിയോട് ഷാരൂഖ് ഖാൻ, മറുപടി ഏറ്റെടുത്ത് ആരാധകർ
ജവാൻ ഇതുവരെ 1050 കോടി നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.

തമിഴിലെ യുവ സംവിധായക നിരയിൽ ശ്രദ്ധേയനായ ആറ്റ്ലി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം. അതും ഷാരൂഖ് ഖാനൊപ്പം. നായികയായി എത്തുന്നത് നയൻതാരയും. ഈ ഘടകങ്ങൾ ആയിരുന്നു 'ജവാൻ' എന്ന ചിത്രത്തിലേക്ക് മലയാളികൾ ഉൾപ്പടെ ഉള്ളവരെ ആകർഷിച്ചത്. സെപ്റ്റംബർ 7ന് റിലീസ് ചെയ്ത ചിത്രം, പ്രേക്ഷക പ്രതീക്ഷകളെ കാറ്റിൽ പറത്തുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ഇന്ത്യൻ സിനിമയിലെ തന്നെ റെക്കോർഡുകൾ കടപുഴക്കി മിന്നും പ്രകടനം ബോക്സ് ഓഫീസിൽ അടക്കം 'ജവാൻ' കാഴ്ചവച്ചു. തെന്നിന്ത്യൻ സ്റ്റൈലിൽ ഷാരൂഖ് നിറഞ്ഞാടിയ ചിത്രം വിജയകരമായി പ്രദർശനം തുടരുന്നതിനിടെ വിജയിയും ഷാരൂഖ് ഖാനും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
ബോക്സ് ഓഫീസിൽ 1000 കോടി പിന്നിട്ട ജവാന് അഭിനന്ദനവുമായി 'വിജയ് സോഷ്യൽ ടീം' രംഗത്തെത്തിയിരുന്നു. എല്ലാ ദളപതി വിജയ് ആരാധകരുടെയും പേരിൽ ആശംസകൾ അറിയിക്കുന്നുവെന്നും ഇവർ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് റീട്വീറ്റ് ചെയ്ത് ഷാരൂഖ് ഖാൻ കഴിഞ്ഞ ദിവസം രംഗത്തെത്തി. 'നിങ്ങളുടെ ആശംസകൾക്ക് നന്ദി.. ദളപതിയുടെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്നു. ഐ ലവ് യു വിജയ് സാർ', എന്നാണ് ഷാരൂഖ് കുറിച്ചത്.
ഷാരൂഖിന്റെ ട്വീറ്റ് ശ്രദ്ധയിൽപെട്ട ദളപതി വിജയ് മറുപടിയുമായി എത്തുകയും ചെയ്തു. 'ബ്ലോക്ക്ബസ്റ്ററിന് അഭിനന്ദനങ്ങൾ, ആറ്റ്ലിക്കും മുഴുവൻ ജവാൻ ടീമിനും അഭിനന്ദനങ്ങൾ. ഞാനും നിങ്ങളെ സ്നേഹിക്കുന്നു ഷാരൂഖ് സാർ', എന്നാണ് വിജയ് ട്വീറ്റ് ചെയ്തത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ലിയോ ഓഡിയോ ലോഞ്ച് മിസ് ചെയ്യുന്നു എന്നാണ് ഭൂരിഭാഗം പേരും പറയുന്നത്.
അതേസമയം, ജവാൻ ഇതുവരെ 1050 കോടി നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. ഇരുപത് ദിവസം വരെയുള്ള വേൾഡ് വൈഡ് ബോക്സ് ഓഫീസ് കളക്ഷനാണിത്. ഈ വാരം തന്നെ ചിത്രം 1500 കോടി അടുപ്പിച്ച് നേടുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ലിയോ എന്ന ചിത്രമാണ് വിജയിയുടേതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രം ഒക്ടോബർ 19ന് തിയറ്ററിൽ എത്തും.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..