
ഒരു സിനിമാ താരത്തെ സംബന്ധിച്ചിടത്തോളം ജയ-പരാജയങ്ങൾ നേരിടേണ്ടി വരും. എന്നാൽ സൂപ്പർ താരങ്ങളെ സംബന്ധിച്ചിടത്തോളം പരാജയങ്ങളുടെ ആഘാതം വലുതായിരിക്കും. വിമർശനങ്ങൾക്കും ട്രോളുകൾക്കും വരെ അവർ പാത്രമാകുന്നതാണ് അതിന് കാരണം. എന്നാൽ ഒരൊറ്റ സിനിമ മതിയാലും ഈ വമിർശനങ്ങളെ എല്ലാം കാറ്റിൽ പറത്താൻ. അവയ്ക്ക് ഉദാഹരണങ്ങളും നിരവധിയാണ്. അത്തരത്തിൽ മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിൽ വൻ വഴിത്തിരിവായി മാറിയൊരു സിനിമയുണ്ട്. ന്യൂഡെല്‍ഹി. കാലങ്ങൾ എത്ര കഴിഞ്ഞാലും ഈ സിനിമയും കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. തുടരെയുള്ള പരാജയങ്ങളിൽ പെട്ടുകിടന്ന മമ്മൂട്ടിയുടെ വൻ തിരിച്ചുവരവായിരുന്നു 1987ൽ റിലീസ് ചെയ്ത ഈ ചിത്രം.
'ന്യൂഡെല്‍ഹി'യുടെ വിജയ ശേഷം തന്നെയും സംവിധായകൻ ജോഷിയെയും മമ്മൂട്ടി കെട്ടിപിടിച്ച് കരഞ്ഞിട്ടുണ്ടെന്ന് അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് മുൻപൊരിക്കൽ പറഞ്ഞിരുന്നു. കാരണം അക്കാലത്ത് ഇറങ്ങിയ എല്ലാ മമ്മൂട്ടി ചിത്രങ്ങളും അത്രത്തോളം പരാജയങ്ങൾ നേരിട്ടിരുന്നു.
"മമ്മൂട്ടിയുടെ പരാജയം എല്ലാതരത്തിലും ബാധിക്കുന്നുണ്ട്. നാട്ടില്‍ സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ മമ്മൂട്ടി അസ്വസ്ഥനാണ്. ഈ സമയങ്ങളില്‍ പല സിനിമകളും റിലീസ് ചെയ്യുന്നുണ്ട്. എല്ലാം പൊളിയുകയാണ്. ചിത്രത്തിലേക്ക് ആദ്യം സത്യരാജിനെ ആണ് ഉദ്ദേശിച്ചത്. ഒടുവില്‍ നടന്‍ ത്യാഗരാജനില്‍ എത്തുക ആയിരുന്നു. അദ്ദേഹവും മമ്മൂട്ടിയുടെ അതേ അവസ്ഥയില്‍ ഔട്ട് ആയി നില്‍ക്കുന്ന സമയവുമായിരുന്നു. 'ന്യൂഡെല്‍ഹി'ക്ക് ശേഷം തമിഴില്‍ വീണ്ടുമൊരു വരവ് ത്യാഗരാജന്‍ വരികയുമൊക്കെ ചെയ്തിരുന്നു. ചിത്രത്തിന്‍റെ ഷൂട്ടിംഗ് കഴിഞ്ഞ് എഡിറ്റിംഗ് നടക്കുകയാണ്. എല്ലാ ദിവസവും രാവിലെ എഡിറ്റ് ചെയ്യും വീണ്ടും റി- എഡിറ്റ് ചെയ്യും. എനിക്കും ജോഷിക്കും ഇത് കണ്ടിട്ടും കണ്ടിട്ടും കോണ്‍ഫിഡന്‍സ് ഇല്ല. ഈ അവസരത്തിൽ നായർ സാബ് എന്ന ചിത്രത്തിന്റെ ഷൂട്ടിനായി നമ്മൾ കശ്മീരിലേക്ക് പോകുകയാണ്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പകുതി ആയ സമയത്താണ് ന്യൂഡെല്‍ഹി റിലീസ് ചെയ്യുന്നത്. റിലീസ് വൈകാൻ കാരണമുണ്ട്. സിനിമയുടെ ഫുൾ വെർഷൻ ഞങ്ങൾ പലതവണ കാണുന്നുണ്ട്. പുറത്തുനിന്നും ആരയും കാണിക്കുന്നുമില്ല. ഒടുവിൽ എനിക്ക് വിശ്വാസമുള്ള ഒരാളുണ്ട്. അയാളെ വിളിച്ച് സിനിമ കാണിക്കട്ടോന്ന് ജോഷിയോട് ചോദിച്ചു. പ്രിയദർശൻ ആണെന്നും പറഞ്ഞു. പുറത്തുനിന്നും റിലീസിന് മുൻപ് ന്യൂഡെല്‍ഹി കണ്ട ഏക ആൾ പ്രിയദർശനാണ്. സിനിമ കണ്ടിറങ്ങിയ പുള്ളി നേരെ മോഹൻലാലിനെ വിളിച്ച് പറഞ്ഞു, മമ്മൂട്ടി വീണ്ടും തിരിച്ചു വരികയാണ്. അദ്ദേഹമാണ് സിനിമ സൂപ്പർ ഹിറ്റാവുമെന്ന് പറഞ്ഞതും. സെൻസറിംഗ് കടമ്പകൾ കഴിഞ്ഞ് ഒടുവിൽ റിലീസ്. മാറ്റിനി കഴിഞ്ഞ ജോയ് വിളിച്ചു പറഞ്ഞു പടം സൂപ്പർ ഹിറ്റാണ്. ആനന്ദ് തിയറ്ററിലെ ചില്ല് ആരാധകർ പൊളിച്ചു എന്നൊക്കെ പറഞ്ഞു. അത്രയും തിരക്കായിരുന്നു. ഞങ്ങൾക്ക് സന്തോഷം കൊണ്ട് ശ്വാസം മുട്ടി. ഫസ്റ്റ് ഷോ കൂടി കഴിഞ്ഞ് പടം സൂപ്പർ ഹിറ്റായെന്ന് അറിഞ്ഞ മമ്മൂട്ടി എന്നെയും ജോഷിയെയും കെട്ടിപിടിച്ച് കരഞ്ഞു", എന്നാണ് ഡെന്നിസ് ജോസഫ് അന്ന് പറഞ്ഞത്.
ഗോകർണത്തേക്ക് പോയാലോ? അതും സൗജന്യമായി ! എങ്കിൽ 'ഫാറി'ന് ടിക്കറ്റെടുത്തോളൂ
തമിഴ്നാട്ടിലെ ചിത്രത്തിന്റെ റിലീസിനെ പറ്റിയും ഡെന്നിസ് പറഞ്ഞിരുന്നു. "ശേഷം ന്യൂഡെല്‍ഹി ചെന്നൈയിൽ റിലീസ് ആയി. എത്ര സൂപ്പർ ഹിറ്റ് പടമാണെങ്കിലും ഒരു മലയാള സിനിമ സാധാരണ ഇവിടെ റിലീസ് ചെയ്യുന്നത് കുറവാണ്. റിലീസ് ചെയ്താലും അധികം നാൾ കാണില്ല. ചെന്നൈയിലെ ഏറ്റവും വലിയ തിയറ്ററായ സഫയറിൽ ആണ് ന്യൂഡെല്‍ഹി റിലീസ് ചെയ്തത്. ഇന്നതില്ല. നൂറ് ദിവസം അവിടെ ചിത്രത്തിന്റെ റെഗുലർ ഷോ ഓടി. തമിഴ്നാട്ടുകാർ സിനിമ ഏറ്റെടുത്തു", എന്നാണ് അദ്ദേഹം പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..