
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. ജൂനിയർ ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച് ഇന്ന് മലയാള സിനിമയുടെ നെടുംതൂണുകളിൽ ഒരാളായി മാറി നിൽക്കുന്ന മമ്മൂട്ടി, സിനിമാസ്വാദകർക്ക് ഇതിനകം സമ്മാനിച്ചത് മറ്റാരാലും പകർന്നാടാനാകാത്ത ഒട്ടനവധി സിനിമകളും കഥാപാത്രങ്ങളുമാണ്. ഇന്നും വ്യത്യസ്തതകൾക്ക് പുറകെ പോകുന്ന മമ്മൂട്ടിയുടെ എഴുപത്തി നാലാം പിറന്നാളാണിന്ന്. ആരോഗ്യം വീണ്ടെടുത്ത് മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മൂക്ക തിരിച്ചുവന്ന പിറന്നാൾ ആഘോഷമാക്കുകയാണ് മലയാളികൾ. ഈ അവസരത്തിൽ അഞ്ച് പതിറ്റാണ്ടിലേറെയായി പ്രേക്ഷകരുടെ മനം കവർന്നു മുന്നേറുന്ന മലയാള സിനിമയുടെ നിത്യഹരിത ഐക്കണായ മമ്മൂട്ടിയുടെ ആസ്തിയും പ്രതിഫലവും വരാനിക്കുന്ന പ്രോജക്ടറുകളെ കുറിച്ചുമൊരു തിരനോട്ടം.
മണികൺട്രോളിന്റെ റിപ്പോർട്ട് പ്രകാരം 340 കോടിയാണ് മമ്മൂട്ടിയുടെ ആസ്തി. പ്രതിഫലം കൂടാതെ ബിസിനസുകൾ, പരസ്യങ്ങൾ തുടങ്ങി അദ്ദേഹം പങ്കാളിയായ നിരവധി മേഖലകളിൽ നിന്നും സമ്പാദ്യം വരുന്നുണ്ട്. മമ്മൂട്ടി കമ്പനിയുടെ പ്രൊഡക്ഷനുകൾ, ഡിസ്ട്രിബ്യൂഷൻ ബാനറുകൾ എന്നിവയുടെ ഉടമസ്ഥാവകാശവും അദ്ദേഹത്തിൻ്റെ ബിസിനസ്സ് സംരംഭങ്ങളിൽ ഉൾപ്പെടുന്നുണ്ട്. ഒരു സിനിമയ്ക്ക് മമ്മൂട്ടി വാങ്ങിക്കുന്ന പ്രതിഫലം 10 കോടിയാണെന്നാണ് റിപ്പോർട്ട്. അതിഥി വേഷങ്ങളൊക്കെ ചെയ്യുമ്പോൾ പ്രതിഫലത്തിൽ ഏറ്റകുറച്ചിലുകൾ വരും.
മമ്മൂട്ടിയുടെ വരാനിരിക്കുന്ന പ്രോജക്ടുകൾ
കളങ്കാവൽ: മമ്മൂട്ടി നെഗറ്റീവ് വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കളങ്കാവൽ. വിനായകനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിതിൻ കെ ജോസ് ആണ്. സൈക്കോളജിക്കൽ ആക്ഷൻ-ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണ്. ഈ വർഷം ഒക്ടോബറിൽ കളങ്കാവൽ റിലീസ് ചെയ്യപ്പെടുമെന്നാണ് കരുതുന്നത്.
എംഎംഎംഎൻ- പാട്രിയേറ്റ്: മഹേഷ് നാരായണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് പാടിയേറ്റ്. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അതുകൊണ്ട് തന്നം ഹൈപ്പും ധാരാളമാണ്. ഇരുവർക്കും ഒപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര അടക്കമുള്ളവർ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഈ വർഷാവസാനത്തോടെ സിനിമ തിയറ്ററുകളിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്.
അമൽ നീരദിനൊപ്പമുള്ളൊരു പടവും മമ്മൂട്ടിയുടേതായി വരാനിരിക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ഔദ്യോഗിക വിശദീകരണങ്ങളൊന്നും തന്നെ ഇക്കാര്യത്തിൽ വന്നിട്ടില്ല. വരും ദിവസങ്ങളിൽ പടത്തിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നും വിവരമുണ്ട്.