
കഥാപാത്രങ്ങളില്‍ നിന്ന് കഥാപാത്രങ്ങളിലേക്ക് കൂടുമാറി അഞ്ച് പതിറ്റാണ്ടായി സജീവമാണ് മമ്മൂട്ടി. തന്റെ അഭിനയസിദ്ധിയും സ്വരഗാംഭീര്യവും കൊണ്ട് ഓരോ കഥാപാത്രത്തിനും പൂര്‍ണത നല്‍കിയ ഈ അഭിനേതാവ് എന്നും പുതുമയുടെ സഹയാത്രികനാണ്. 20-ാം വയസ്സിൽ ആദ്യമായി സിനിമാ ക്യാമറയുടെ മുന്നിലെത്തി, ശേഷം മലയാളികളുടെ അഭിമാനത്തിന് മാറ്റ് കൂട്ടിയ അൻപത് വർഷങ്ങളിലധികമായി മമ്മൂട്ടി ചലച്ചിത്രലോകത്ത് മുൻനിരയിലെ ഇരിപ്പടത്തിലുണ്ട്. ഇന്ന് 74-ാം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ മെഗാസ്റ്റാറിന് ഇതൊരു പുതിയ വരവാണ്. ആരോഗ്യം വീണ്ടെടുത്ത് മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മൂക്ക തിരിച്ചെത്തിയ നാൾ.
'മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം'. ഏതാനും നാളുകൾക്ക് മുൻപ് മുപ്പത്തിമുക്കോടി ദൈവങ്ങൾക്ക് മുന്നിൽ മലയാളി ഒന്നടങ്കം സമർപ്പിച്ച പ്രാർത്ഥനയുടെ മേൽവിലാസമായിരുന്നു ഇത്. ഒടുവിൽ പ്രാർത്ഥനകൾക്ക് ഫലം കണ്ടു. ലാലേട്ടന്റെ ഇച്ചാക്ക നമ്മുടെ മമ്മൂക്ക അവസാന ടെസ്റ്റും പാസായി. 'ഞങ്ങൾക്ക് അറിയാം മമ്മൂക്ക. നിങ്ങൾ പാസാകുമെന്ന്' എന്ന് മലയാളികളും ഒന്നടങ്കം പറഞ്ഞു. സിനിമയിൽ നിന്നുള്ള ഇടവേള നൽകിയ അത്ര വേദന, രോഗം മമ്മൂട്ടിക്ക് നൽകികാണില്ല. അത്രമാത്രമുണ്ട് സിനിമയോടുള്ള അദ്ദേഹത്തിന്റെ സമർപ്പണം.
പ്രായം മമ്മൂട്ടിക്ക് മുന്നില്‍ സലാം വച്ച് നില്‍ക്കാന്‍ തുടങ്ങിയിട്ട് 74 വർഷങ്ങള്‍ പിന്നിടുകയാണ്. അരനൂറ്റാണ്ട് ക്യാമറയ്ക്ക് മുന്നിൽ പിന്നിടുമ്പോഴും മടുക്കാതെ മങ്ങാതെ നല്ല കഥകള്‍ക്ക് ചെവികൊടുത്ത്, തന്നിലെ നടനെ തേച്ചുമിനുക്കി കൊണ്ടേയിരിക്കുകയാണ് അദ്ദേഹം. വൈവിധ്യങ്ങള്‍ കൊണ്ട് സ്വയം പുതുക്കിക്കൊണ്ടേയിരിക്കുന്നു.
1971ല്‍ സത്യന്‍ മാഷിന്റെ കാല്‍തൊട്ട് വന്ദിച്ച് തുടക്കം. പിന്നെ ചെറുവേഷങ്ങളിലൂടെ അമരത്തേക്ക്. പിന്നീട് അഭിനയത്തികവ് കൊണ്ട് മലയാള സിനിമയുടെ നെടുംതൂണായ പതിറ്റാണ്ടുകള്‍. എം ടിയുടെ കഥാപാത്രങ്ങളെ മമ്മൂട്ടിയോളം അനശ്വരമാക്കിയ മറ്റാരുണ്ട് മലയാള സിനിമയിൽ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്. അങ്ങനെ പലഭാഷകള്‍, പല മൊഴിഭേദങ്ങള്‍, ഒരേയൊരു മമ്മൂട്ടി നിറഞ്ഞാടി. അഭ്രപാളിയില്‍ മിന്നി തെളിയുമ്പോഴും, സാധാരണക്കാരന്റെ നോവ് കാണുന്ന നക്ഷത്രമായി, വേദനിക്കുന്നവരെ ചേർച്ചുപിടിച്ച് മമ്മൂട്ടിയുടെ ജീവാകരുണ്യ കൈകളും നീളുകയാണ്. അഭ്രപാളിയില്‍ മിന്നി തെളിയുമ്പോഴും നോവ് കാണുന്ന നക്ഷത്രമായി മമ്മൂട്ടി ഇനിയും നിറയും.
തന്നിലെ നടനെ തേച്ചു മിനുക്കി മുന്നോട്ട് പോകുന്ന മമ്മൂട്ടിയുടെ പുതിയ പകർന്നാട്ടത്തിന് കാത്തിരിക്കുകയാണ് മലയാളികളികൾ. കളങ്കവൽ എന്നാണ് ചിത്രത്തിന്റെ പേര്. കളങ്കാവലിൽ നെഗറ്റീവ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. മുൻപ് പലപ്പോഴും നെഗറ്റീവ് ഷെയ്ഡ് കഥാപാത്രങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ടെങ്കിലും കളങ്കാവലിലേത് അല്പം സ്പെഷ്യലാണ്. വിസ്‍യമിപ്പിക്കുന്ന പ്രകടനമായിരിക്കും മമ്മൂട്ടി ചിത്രത്തില്‍ നടത്തുകയെന്ന് വ്യക്തമാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ