സിനിമയെന്ന സ്വപ്നവുമായി 607 ദിവസമായി ഇൻസ്റ്റഗ്രാമിൽ അപ്‌ഡേറ്റുകൾ പങ്കുവെച്ചിരുന്ന ഇൻഫ്ലുവൻസർ ആഡിസ് അക്കരയ്ക്ക് ഒടുവിൽ നിർമ്മാതാവിനെ ലഭിച്ചു. ആഡിസ് സംവിധാനം ചെയ്യുന്ന ചിത്രം നടൻ ആൻ്റണി വർഗീസ് പെപ്പെ നിർമ്മിക്കും.
ഒരു സിനിമ ഉണ്ടാക്കുക എന്ന സ്വപ്നത്തിന്റെ പിറകിൽ നടനും ഇൻഫ്ലുവൻസറുമായ ആഡിസ് അക്കര നടക്കാൻ തുടങ്ങിയിട്ട് അറുന്നൂറ്റിയേഴ് ദിവസം. എല്ലാ ദിവസവും അപ്ഡേറ്റ് ഇന്റസ്റ്റഗ്രാം വഴി തന്റെ ഫോളേവേഴ്സിനെ ആഡിസ് അയിച്ചുകൊണ്ടിരുന്നു. രണ്ട് വർഷത്തോളമുള്ള ആഡിസിന്റെ ശ്രമങ്ങൾക്ക് ഇന്ന് അവസാനമാകുകയാണ്. 608മത് ദിവസം ആഡിസിന്റെ പ്രൊജക്ട് ഏറ്റെടുക്കാൻ ഒരു നിർമ്മാതാവ് എത്തിയിരിക്കുന്നു. മറ്റാരുമല്ല സാക്ഷാൽ ആന്റണി വർഗീസ് പെപ്പേ. എവിപി പ്രൊഡക്ഷൻസിന്റെ ബാനറിൽ പെപ്പെ നിർമ്മിക്കുന്ന ആദ്യ ചിത്രം ആഡിസ് സംവിധാനം ചെയ്യും.
ഇന്നത്തെ തന്റെ അപ്ഡേറ്റിൽ താൻ വീഡിയോ ഇടുന്നത് അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞാണ് ആഡിസ് തുടങ്ങുന്നത്. എന്നാൽ വിഷമിക്കേണ്ട പടം ഓണായി എന്നു പറഞ്ഞ് നിർമ്മാതാവായ പെപ്പേയെ പരിചയപ്പെടുത്തുന്നു. ആദ്യത്തെ സിനിമയാണെന്നും എല്ലാവരുടേയും പിൻതുണ വേണമെന്നും പെപ്പേയും പറയുന്നു. ഒന്നിച്ച് മാജിക്ക് സൃഷ്ടിക്കാമെന്നും പെപ്പേ കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
അതേസമയം, കാട്ടാളൻ ആണ് ആന്റണിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. മെയ് 14ന് ആണ് ചിത്രം തിയറ്ററിൽ എത്തുക. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ വമ്പൻ റിലീസുകളിൽ ഒന്നായാണ് ചിത്രം എത്തുക. ചിത്രത്തിൻ്റെ ആദ്യ ടീസർ ജനുവരി 16 ന് പുറത്ത് വരും. ആൻ്റണി വർഗീസ് നായകനായ ചിത്രം നവാഗതനായ പോൾ ജോർജ് ആണ് സംവിധാനം ചെയ്യുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓവർസീസ് ഡീലുകളിൽ ഒന്ന് ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.'മാർക്കോ' എന്ന പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആക്ഷൻ ത്രില്ലറിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രമാണിത്.



