
സമീപകാലത്ത് റിലീസ് ചെയ്ത് ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയ മലയാള ചിത്രമാണ് 'റോഷാക്ക്'. മലയാള സിനിമ ഇന്നുവരെ കാണാത്ത ആഖ്യാനവും കഥപറച്ചിലുമായി എത്തിയ ചിത്രത്തിൽ ലൂക്ക് ആന്റണി ആയി മമ്മൂട്ടി നിറഞ്ഞാടിയപ്പോൾ അത് പ്രേക്ഷകന് പുത്തൻ അനുഭവമായി മാറി. നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഏറെ പ്രശംസ അർഹിക്കുന്നുണ്ട്. എന്നാൽ തന്നെയും എടുത്ത് പറയേണ്ടുന്ന ഒരു കഥാപാത്രം ബിന്ദു പണിക്കർ അവതരിപ്പിച്ച സീതയാണ്. ഒരിടവേളയ്ക്ക് ശേഷം തനിക്ക് കിട്ടിയ ശക്തമായ വേഷം അതിന്റെ തന്മയത്വത്തോടെ തന്നെ പ്രേക്ഷകരിൽ എത്തിക്കാൻ ബിന്ദു പണിക്കർക്ക് സാധിച്ചു. ഇപ്പോഴിതാ ചിത്രത്തിന്റെ വിജാഘോഷ വേളയിൽ ബിന്ദുവിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
മമ്മൂട്ടി കമ്പനിയാണ് വിജയ ആഘോഷത്തിന്റെ വീഡിയോ പുറത്തുവിട്ടത്. "ഒരുപാട് കാലത്തിന് ശേഷം ഇങ്ങനെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചതില്‍ മമ്മൂക്ക നന്ദി. ഒരു നടി എന്ന നിലയില്‍ ഇനി എനിക്ക് ഒന്നും വേണ്ട. അത്രയും സന്തോഷത്തിലാണ് ഞാന്‍. ഈ കഥാപാത്രത്തെ കുറിച്ച് ആദ്യം കേട്ടപ്പോള്‍ വളരെയധികം സന്തോഷം തോന്നി. കഥ കേട്ടപ്പോള്‍ തന്നെ ഇതൊരു വല്ലാത്ത കഥ എന്നാണ് ഞാന്‍ പറഞ്ഞത്. ഏതൊരു ആര്‍ട്ടിസ്റ്റിനും കൊതി തോന്നുന്ന കഥാപാത്രമാണ് സീത. അത് ചെയ്യാന്‍ എന്നെ വിളിച്ചതിന് ഒരുപാട് സന്തോഷം"എന്നായിരുന്നു ബിന്ദു പണിക്കർ പറഞ്ഞത്. പിന്നാലെ നടിയെ പ്രശംസിച്ച് മമ്മൂട്ടിയും രംഗത്തെത്തി.
"ഞാന്‍ ആദ്യം ബിന്ദുവിന്‍റെ പേര് പറഞ്ഞിരുന്നു. പിന്നീട് വേറൊരു ചോയിസ് വന്നപ്പോള്‍ പലരോടും ചോദിച്ചെങ്കിലും എല്ലാവര്‍ക്കും മടിയായിരുന്നു. അങ്ങനെയാണ് ഈ സിനിമയിലെ ഏറ്റവും വലിയൊരു ഭാഗമാകാന്‍ അവര്‍ക്ക് സാധിച്ചത്. സാധാരണ സ്ത്രീകളുടെ ശക്തമായ കഥാപാത്രം എന്ന് പറയുമ്പോള്‍ ഈ ഗുസ്തിപിടിക്കുന്ന ശക്തി അല്ല. കഥാപാത്രത്തിന്‍റെ ശക്തിയാണ്. ഇത്രയും കാലത്തിന് ഇടയ്ക്ക് ആരെങ്കിലും ഇങ്ങനെ ഒരു വേഷം ചെയ്തിട്ടുണ്ടോ എന്ന് എനിക്കറിയില്ല. നമ്മള്‍ കാണിക്കുന്ന ധൈര്യത്തെക്കാള്‍, ആവേശത്തെക്കാള്‍ കൂടുതല്‍ ഈ സിനിമയിൽ അഭിനയിക്കാന്‍ ബിന്ദു കാണിച്ച ധൈര്യം തന്നെയാണ് റോഷാക്കിന്റെ വിജയവും", എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.
'ഇനി അത്തരം പ്രയോഗങ്ങൾ ആവർത്തിക്കില്ല': ജൂഡ് ആന്റണി വിഷയത്തിൽ മമ്മൂട്ടി
ഒക്ടോബർ 7നാണ് നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്ക് തിയറ്ററുകളിൽ എത്തിയത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ സംഗീത വിഭാഗം കൈകാര്യം ചെയ്‍തിരിക്കുന്നത് മിഥുന്‍ മുകുന്ദന്‍ ആയിരുന്നു. അതേസമയം ക്രിസ്റ്റഫർ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ