
കാലങ്ങളായി മലയാളത്തിന്റെ വെള്ളിത്തിരയില്‍ നിറഞ്ഞങ്ങ് നില്‍ക്കുകയാണ് മമ്മൂട്ടി. പ്രായത്തെ വെല്ലുന്ന സൗന്ദര്യമെന്നൊക്കെയുള്ള വിശേഷണങ്ങള്‍ പറഞ്ഞു പഴകിയെങ്കിലും അതുതന്നെ ആവര്‍ത്തിക്കാൻ പ്രേരിപ്പിക്കുന്ന ലുക്കിലാണ് മമ്മൂട്ടിയെ എന്നും കാണാനാകുക. മമ്മൂട്ടി പങ്കുവെച്ച പുത്തൻ ഫോട്ടോയും അത്തരത്തിലുള്ളതു തന്നെ. വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ചുള്ള ഫോട്ടോ പങ്കുവെച്ച് കേരളപ്പിറവി ആശംസകളുമായി മമ്മൂട്ടി രംഗത്ത് എത്തിയത് ആഘോഷിക്കുകയാണ് ആരാധകര്‍.
സൈക്കോളജിക്കല്‍ ത്രില്ലറായ 'റോഷാക്കാ'ണ് മമ്മൂട്ടി ചിത്രമായി ഇപ്പോള്‍ തിയറ്ററിലുള്ളത്. നിസാം ബഷീര്‍ സംവിധാനം ചെയ്‍ത ചിത്രം റിലീസ് ചെയ്‍ത് 25 ദിവസം പിന്നിടുകയാണ്. ആദ്യ ദിനം തന്നെ 'റോഷാക്കി'ന് പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കാൻ കഴിഞ്ഞിരുന്നു. വേറിട്ട ഒരു സിനിമാനുഭവം എന്ന് പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തിയ 'റോഷാക്ക്' ഇപ്പോഴും തിയറ്ററുകളില്‍ ആളുകളെ നിറയ്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടേതായി റീലിസ് ചെയ്യുന്ന ആദ്യ ചിത്രമാണ് ഇത്. ചിത്രത്തിൽ മമ്മൂട്ടിക്ക് പുറമേ സഞ്‍ജു ശിവ്‍റാം, ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു. ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനർ ബാദുഷയാണ്. ചിത്രം ദുല്‍ഖറിന്‍റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് തിയറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. കൊച്ചിയിലും ദുബൈയിലുമായിട്ടായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്. കലാ സംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചമയം റോണക്സ് സേവ്യർ & എസ്സ് ജോർജ്, പിആർഒ പ്രതീഷ് ശേഖര്‍ എന്നിവരാണ്.
മമ്മൂട്ടി നായകനായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം 'ക്രിസ്റ്റഫറാ'ണ്. ബി ഉണ്ണികൃഷ്‍ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉദയ് കൃഷ്‍ണയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. പൊലീസ് ഓഫീസറായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്.
Read More: 'ആര്‍ആര്‍ആറി'നു ശേഷം ജൂനിയര്‍ എൻടിആറിന്റെ വമ്പൻ സിനിമ, ആവേശത്തിലാക്കി അപ്‍ഡേറ്റ്