കൊരടാല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

'ആര്‍ആര്‍ആര്‍' എന്ന മെഗാ ഹിറ്റിന് ശേഷം ജൂനിയര്‍ എൻടിആര്‍ രാജ്യമൊട്ടാകെ ആരാധകരെ സ്വന്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ ജൂനിയര്‍ എൻടിആറിന്റെ പുതിയ സിനിമയുടെ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. 'എൻടിആര്‍ 30' എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിലാണ് താരം ഇനി നായകനാകുന്നത്. കൊരടാല ശിവ സംവിധാനം ചെയ്യുന്ന സിനിമയെ കുറിച്ച് പുതിയ അപ്‍ഡേറ്റ് വന്നിരിക്കുകയാണ് ഇപ്പോള്‍.

'എൻടിആര്‍ 30'ന്റെ ചിത്രീകരണം വൈകാതെ തുടങ്ങുമെന്നാണ് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനര്‍ സാബു സിറിലാണ്. ഛായാഗ്രാഹണം രത്‍നവേലുവും. ഇവര്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികളിലാണെന്നും 'എൻടിആര്‍ 30'ന്റെ പ്രവര്‍ത്തകര്‍ ട്വീറ്റ് ചെയ്യുന്നു.

Scroll to load tweet…

കരുത്തുറ്റ കഥകളാല്‍ വെള്ളിത്തിരയില്‍ വിസ്‍മയം തീര്‍ക്കുന്ന തമിഴ് സംവിധായകൻ വെട്രിമാരനുമായി ജൂനിയര്‍ എൻടിആര്‍ കൈകോര്‍ക്കുന്നുവെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജൂനിയര്‍ എൻടിആര്‍ സമ്മതം മൂളി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ജൂനിയര്‍ എൻടിആര്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. എന്തായാലും കൊരടാല ശിവ, പ്രശാന്ത് നീല്‍ എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പം വെട്രിമാരന്റെ സംവിധാനത്തിലും ഒരു പാൻ ഇന്ത്യൻ സിനിമയില്‍ ജൂനിയര്‍ എൻടിആര്‍ അഭിനയിച്ചേക്കുമെന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

ജൂനിയര്‍ എൻടിആറിന്റെ ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു പ്രശാന്ത് നീലിന്റെ ചിത്രത്തിന്റെ പ്രഖ്യാപനം. ഇതാദ്യമായിട്ടാണ് ജൂനിയര്‍ എൻടിആറും പ്രശാന്ത് നീലും ഒന്നിക്കുന്നത്. ഒരു പാൻ ഇന്ത്യൻ ചിത്രമാണ് ജൂനിയര്‍ എൻടിആറിനെ നായകനാക്കി പ്രശാന്ത് നീല്‍ ഒരുക്കുക. ചിത്രത്തിന്റെ പ്രമേയം എന്തായിരിക്കും എന്ന് പുറത്തുവിട്ടിട്ടില്ല. മൈത്രി മൂവി മേക്കേഴ്‍സും എൻടിആര്‍ ആര്‍ട്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഓർക്കേണ്ട ഒരേയൊരു മണ്ണ് രക്തത്തിൽ കുതിർന്ന മണ്ണാണ് എന്ന ടാഗ്‍ലൈനോടെയായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്റര്‍. എപ്പോഴായിരിക്കും പുതിയ ചിത്രങ്ങളുടെ ചിത്രീകരണമെന്നും ഇതുവരെ അറിയിച്ചിട്ടില്ല.

Read More: കുതിപ്പ് തുടര്‍ന്ന് 'സര്‍ദാര്‍', കാര്‍ത്തി ചിത്രം നേടിയത് 85 കോടി