
അങ്ങനെ മലയാള സിനിമയിലേക്ക് മറ്റൊരു താരപുത്രി കൂടി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. മനോജ് കെ ജയന്റെയും ഉർവശിയുടേയും മകൾ തേജലക്ഷ്മി എന്ന കുഞ്ഞാറ്റയാണ് ആ താരോദയം. ഇന്നായിരുന്നു കുഞ്ഞാറ്റയുടെ സിനിമയുടെ ലോഞ്ച്. 'സുന്ദരിയായവൾ സ്റ്റെല്ല'എന്നാണ് ചിത്രത്തിന്റെ പേര്. രണ്ട് വർഷം മുൻപാണ് സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം കുഞ്ഞാറ്റ പറയുന്നതെന്നും ഉർവശിയുടെ അനുവാദം വാങ്ങണമെന്നാണ് ആദ്യം താൻ പറഞ്ഞതെന്നും മനോജ് പറയുന്നു. മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ അദ്ദേഹം കണ്ണുനീര് അണിയുന്നുണ്ടായിരുന്നു.
മനോജ് കെ ജയന്റെ വാക്കുകൾ
ഏഴാമത്തെ വയസിൽ കുഞ്ഞിനെയും കൊണ്ട് ചെന്നൈയിൽ നിന്നും വരുമ്പോൾ, ഒരിക്കലും ഇങ്ങനെ ഒരു കാര്യം ഞാൻ ചിന്തിച്ചിട്ടില്ലായിരുന്നു. നന്നായി പഠിപ്പിക്കുക, നല്ലൊരു ജോലിയൊക്കെ കിട്ടി, നല്ലൊരു പയ്യനെ കൊണ്ട് കല്യാണം ഒക്കെ കഴിപ്പിച്ച്, സന്തോഷമായി പറഞ്ഞയക്കുക എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം. അവളുടെ ഇഷ്ടത്തിന് അനുസരിച്ച് ഞാൻ ജീവിച്ചു എന്നുള്ളതാണ്. എന്റെ കരിയറിൽ ഒരുപാട് ബ്രേക്ക് വരാൻ കാരണം എന്റെ മോളേ അതുപോലെ പുന്നാരിച്ച് നോക്കിയത് കൊണ്ടാണ്. പ്ലസ് ടു കഴിഞ്ഞപ്പോൾ ബാംഗ്ലൂരിൽ പോയി പഠിക്കണമെന്നതായിരുന്നു അവളുടെ ആദ്യത്തെ ആഗ്രഹം. ശേഷം നാട്ടിൽ ജോലി നോക്കണമെന്നായി. 'അച്ഛാ എനിക്ക് ഒരാളെ ഇഷ്ടമാണ് കല്യാണം കഴിച്ച് തരോ' എന്ന് പറയുന്ന ലാഘവത്തോട് കൂടി രണ്ട് വർഷം മുൻപ് 'അച്ഛാ എനിക്ക് സിനിമ ഇഷ്ടമാണ്. അഭിനയിച്ചാൽ കൊള്ളാമെന്നുണ്ട്' എന്ന് പറയുന്നത്. ഞാൻ ഒരിക്കലും നോ പറഞ്ഞില്ല. മകളുടെ ആഗ്രഹം നിറവേറ്റി കൊടുക്കുക എന്നതാണ് ഏതൊരു പിതാവിന്റേയും ആഗ്രഹം. ആദ്യം ഞാൻ പറഞ്ഞത് മോളുടെ അമ്മയെ അറിയിക്കണം. അതിനായി ചെന്നൈയിൽ പോയാലും കുഴപ്പമില്ല. ഉർവശിയോട് പോയി ഈ കാര്യം പറയണം. അവരുടെ അനുഗ്രഹമാണ് ആദ്യം വാങ്ങിക്കേണ്ടത്. ദക്ഷിണേന്ത്യ കണ്ട് ഏറ്റവും മികച്ച നടിയാണ് അവർ(കരയുന്നു). അങ്ങനെ അവളുടെ അമ്മ വളരെ സന്തോഷത്തോട് കൂടി അത് സ്വീകരിച്ചു. ഇന്നിവിടം വരെ എത്തി. ഒരു കഥ വന്നു. ആദ്യം ഉർവശിയെ കഥ കേൾപ്പിക്കാൻ ഞാൻ പറഞ്ഞു. അവരാണ് തീരുമാനിക്കേണ്ടത്. അവരുടെ അത്ര എക്സ്പീരിയൻസ് വച്ച് ക്യാരക്ടർ ചൂസ് ചെയ്യാൻ നമുക്ക് അറിയില്ലല്ലോ. ഉർവശി കഥ കേട്ട ശേഷമാണ് ഞാൻ കേൾക്കുന്നത്. എനിക്ക് ഇഷ്ടപ്പെട്ടു. മോൾക്കും ഇഷ്ടപ്പെട്ടു. എന്റെ അച്ഛന്റെ ഏറ്റവും വലിയ സ്വപ്നം കൂടിയായിരുന്നു ഇത്.