
നസ്‍ലെനും മമിത ബൈജുവും അടക്കമുള്ള യുവനിരയെ ചൂണ്ടിക്കാട്ടി ഇത് മലയാള സിനിമയ്ക്ക് മാത്രമുള്ള ഭാഗ്യമാണെന്ന് മറുഭാഷാ പ്രേക്ഷകരും നിരൂപകരുമൊക്കെ പലപ്പോഴും പറയാറുണ്ട്. മറുഭാഷാ സിനിമകളില്‍ പലപ്പോഴും പ്ലസ് ടു, കോളെജ് വിദ്യാര്‍ഥികളായൊക്കെ അഭിനയിക്കുക ഏറെ മുതിര്‍ന്ന താരങ്ങള്‍ ആണെങ്കില്‍ മലയാള സിനിമയില്‍ അങ്ങനെയല്ല. ഇരുപതുകളിലുള്ള അഭിനേതാക്കള്‍ ഉണ്ട് എന്ന് മാത്രമല്ല, സിനിമ ഷോള്‍ഡര്‍ ചെയ്യാനാവുന്ന, താരമൂല്യമുള്ള നസ്‍ലെനെപ്പോലുള്ളവരും അക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ ആ നിരയിലേക്ക് മറ്റൊരാള്‍ കൂടി കടന്നുവരികയാണെന്ന് നിരീക്ഷിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ സിനിമാപ്രേമികള്‍. ചുരുങ്ങിയ എണ്ണം സിനിമകളിലൂടെ മലയാളി സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയ സന്ദീപ് പ്രദീപ് ആണ് അത്.
ഫാലിമിയില്‍ ബേസില്‍ അവതരിപ്പിച്ച നായക കഥാപാത്രത്തിന്‍റെ അനുജനായാണ് സന്ദീപ് പ്രദീപ് കൂടുതല്‍ പ്രേക്ഷകരുടെ ശ്രദ്ധയിലേക്ക് എത്തിയതെങ്കിലും അദ്ദേഹത്തിന്‍റെ ആദ്യ ചിത്രം അതല്ല. പതിനെട്ടാം പടിയിലും അന്താക്ഷരിയിലും സന്ദീപ് അഭിനയിച്ചിരുന്നു. ഫാലിമിക്ക് ശേഷം തിയറ്റര്‍ വിജയം നേടിയ ആലപ്പുഴ ജിംഖാനയില്‍ നസ്‍ലെനൊപ്പം പ്രാധാന്യമുള്ള റോളിലാണ് സന്ദീപ് എത്തിയത്. ഏറ്റവുമൊടുവില്‍ പടക്കളം എന്ന ചിത്രത്തിലെ മൂന്ന് കേന്ദ്ര കഥാപാത്രങ്ങളിലൊന്നായും എത്തി. സുരാജ് വെഞ്ഞാറമൂടിനും ഷറഫുദ്ദീനുമൊപ്പം അതേ പ്രാധാന്യമുള്ള, നായകവേഷമെന്ന് പറയാവുന്ന റോള്‍ ആണ് സന്ദീപിന് ലഭിച്ചത്. അത് അദ്ദേഹം മികവുറ്റതാക്കുകയും ചെയ്തു. പടക്കളം തിയറ്ററുകളില്‍ എത്തിയപ്പോഴേ ഇത് സംബന്ധിച്ച പോസ്റ്റുകള്‍ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസിന് പിന്നാലെ സന്ദീപിന് അഭിനന്ദിച്ചുകൊണ്ടുള്ള കൂടുതല്‍ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്.
മലയാള സിനിമയിലെ യുവനിരയിലെ അടുത്ത ഹീറോ മെറ്റീരിയല്‍ എന്നാണ് സന്ദീപ് പ്രദീപിന് ലഭിക്കുന്ന പൊതു വിശേഷണം. മാസ് അപ്പീലും സ്ക്രീന്‍ പ്രസന്‍സുമൊക്കെയുള്ള നടന് ശരിയായ അവസരങ്ങള്‍ ലഭിക്കുമെങ്കില്‍ നായക നിരയിലേക്ക് ഉയരുമെന്നും വിജയങ്ങളുടെ ഭാഗമാവാന്‍ അദ്ദേഹത്തിന് കഴിയുമെന്നുമൊക്കെയാണ് കമന്‍റുകള്‍. പടക്കളത്തിന്‍റെ വിജയം സന്ദീപ് പ്രദീപിന്‍റെ ഭാവി സിനിമാ ജീവിതത്തിന് മുതല്‍ക്കൂട്ടാവാനാണ് സാധ്യത.
വിജയ് ബാബു, വിജയ് സുബ്രമണ്യം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സാഫ് (വാഴ ഫെയിം), അരുൺ അജികുമാർ, യൂട്യൂബർ അരുൺ പ്രദീപ്, നിരഞ്ജന അനൂപ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇഷാൻ ഷൗക്കത്ത്, പൂജ മോഹൻരാജ് എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലത്തുന്നു. തിരക്കഥ നിതിൻ സി ബാബു, മനു സ്വരാജ്, സംഗീതം രാജേഷ് മുരുകേശൻ (പ്രേമം ഫെയിം), ഛായാഗ്രഹണം അനു മൂത്തേടത്ത്, എഡിറ്റിംഗ് നിതിൻരാജ് ആരോൾ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ.