
ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് (INS Vikrant) കാണാനായി കൊച്ചിൻ ഷിപ്പ്‌യാർഡിൽ എത്തി നടൻ മോഹൻലാൽ. നടനും സംവിധായകനുമായ മേജർ രവിയും താരത്തിനൊപ്പം ഉണ്ടായിരുന്നു. സേനയുടെ ഉന്നത ഉദ്യോഗസ്ഥൻ മോഹൻലാലിന് മൊമന്റോയും കൈമാറി.
നാവിക സേനാംഗങ്ങൾക്ക് ഒപ്പമുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് മോഹന്‍ലാല്‍ ഷിപ്പ്‌യാർഡിൽ എത്തിയത്. കഴിഞ്ഞ മാസമാണ് ഐഎൻഎസ് വിക്രാന്ത് നാവിക സേനക്ക് കൈമാറിയത്. രാജ്യം സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ വിക്രാന്ത് ഔദ്യാഗികമായി നാവികസനേയുടെ ഭാഗമാകും.
കൊച്ചിന്‍ ഷിപ്പ്‌യാർഡിൽ തന്നെയായിരുന്നു കപ്പലിന്‍റെ നിര്‍മാണം. 2009ലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 76 ശതാമനം ഇന്ത്യൻ നിർമിത വസ്തുക്കളാണ് കപ്പലിൻ്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്. ചെറുതും വലുതുമായ 30 യുദ്ധവിമാനങ്ങൾ വഹിക്കാൻ ഈ കൂറ്റൻ യുദ്ധക്കപ്പലിന് ശേഷിയുണ്ട്. 860 അടിയാണ് ഐഎൻഎസ് വിക്രാന്തിന്‍റെ നീളം. 30 യുദ്ധ വിമാനങ്ങളെയും പത്തോളം ഹെലികോപ്റ്ററുകളെയും ഒരേസമയം കപ്പലിൽ ഉൾക്കൊള്ളാനാകും.
ഐഎൻഎസ് വിക്രാന്ത് നാവികസേനയ്ക്ക് കൈമാറി; ഔദ്യോഗിക പ്രഖ്യാപനം അടുത്ത മാസം
അതേസമയം, മോഹന്‍ലാല്‍ നായകനായി എത്തുന്ന റാം എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുനഃരാരംഭിക്കുന്നുവെന്ന് സംവിധായകന്‍ ജീത്തു ജോസഫ് അറിയിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് വീണ്ടും ആരംഭിക്കുന്നത്. എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും വേണമെന്നും ജീത്തു ജോസഫ് ചിത്രീകരണ വിവരം പങ്കുവച്ച് അറിയിച്ചിട്ടുണ്ട്. ജീത്തു ജോസഫും മോഹൻലാലും ഏറ്റവും ഒടുവില്‍ ഒന്നിച്ച 'ട്വല്‍ത്ത് മാൻ' എന്ന ചിത്രം ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്‍റെ ചിത്രീകരണം ജൂലൈ 29ന് അവസാനിച്ചിരുന്നു. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നായിരുന്നു. ആശിർവാദ് സിനിമാസാണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. ഓളവും തീരവും എന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രവും മോഹന്‍ലാലിന്‍റേതായി അണിയറയില്‍ ഒരുങ്ങുകയാണ്.