നടൻ മണിയൻപിള്ള രാജുവിന് നഷ്ടപ്പെട്ട പഴ്സ് ഒരു ഓട്ടോ ഡ്രൈവർ തിരികെ നൽകി. ഈ നന്മയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിന് താഴെ വന്ന ഒരു കമന്‍റിന് താരം നൽകിയ മറുപടിയും ശ്രദ്ധ നേടുന്നു

പണവും അതിനേക്കാള്‍ വിലയുള്ള കാര്‍ഡുകളും അടങ്ങിയ തന്‍റെ പഴ്സ് കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടതായും അത് ഒരു ഓട്ടോക്കാരന് ലഭിച്ചുവെന്നും അദ്ദേഹം അത് കൊണ്ടുവന്ന് തന്നെന്നും നടന്‍ മണിയന്‍പിള്ള രാജു സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. പഴ്സ് തിരികെയെത്തിച്ച ആളിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു പോസ്റ്റ്. അയാള്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെ വന്ന ഒരു കമന്‍റിനും നടന്‍ മറുപടി നല്‍കിയിരിക്കുകയാണ്. നന്ദി മാത്രമേ ഉള്ളോ എന്നായിരുന്നു പോസ്റ്റിന് താഴെ ഒരാളുടെ ചോദ്യം. ബാക്കി എന്ത് ചെയ്തു എന്നത് പോസ്റ്റില്‍ ഇടേണ്ട കാര്യമുണ്ടോ എന്നായിരുന്നു ഇതിന് മണിയന്‍പിള്ള രാജുവിന്‍റെ മറുപടി.

മണിയന്‍പിള്ള രാജുവിന്‍റെ പോസ്റ്റ് ഇപ്രകാരം

നമസ്കാരം. ഒരു സന്തോഷം നിങ്ങളോട് പങ്കുവയ്ക്കുവാൻ തോന്നി...

കഴിഞ്ഞ ദിവസം എൻ്റെ പേഴ്സ് കളഞ്ഞു പോയി... അതിൽ കുറച്ച് പൈസയും പൈസയ്ക്കാൾ വിലയുള്ള കാർഡുകളും ഉണ്ടായിരുന്നു.

എല്ലാം നഷ്ടപ്പെട്ടെന്ന് വിചാരിച്ചിരുന്നപ്പോഴാണ് ദൈവം മണികണ്ഠ സയൂജ് (സാബു) എന്ന ഒരു ഓട്ടോകാരൻ്റെ രൂപത്തിൽ വന്നത്...

എൻ്റെ പേഴ്സ് കളഞ്ഞു കിട്ടിയത് അവർക്കാണ്.. എൻ്റെ വീട് അന്വേഷിച്ചു കണ്ടെത്തി സാബുവും ഭാര്യ ഉഷയും ചേർന്ന് എൻ്റെ വീട്ടിൽ കൊണ്ട് വന്ന് തരുകയായിരുന്നു.

വളരെയധികം സന്തോഷം നൽകിയ സമയം ആയിരുന്നു അത്..

അവരുടെ ഈ നന്മക്ക് എല്ലാവിധ നന്ദിയും കടപ്പാടും അറിയിക്കുന്നു... അവരെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ...

ഈ മാസം ആറാം തീയതി മണിയന്‍പിള്ള രാജു സഞ്ചരിച്ച കാറുമായി കൂട്ടിയിടിട്ട് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. തിരുവനന്തപുരത്ത് ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്‍പില്‍ അന്ന് രാത്രിയായിരുന്നു അപകടം. അപകടത്തിന് പിന്നാലെ രാജു വാഹനം നിര്‍ത്താതെയ പോയത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പിറ്റേന്ന് രാവിലെ നടന്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ പിന്നാലെ പുറത്തെത്തിയ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് അപകടത്തിന് ഇടയാക്കിയ അശ്രദ്ധ സംഭവിച്ചത് ബൈക്ക് യാത്രക്കാരനില്‍ നിന്നാണെന്ന് വ്യക്തമായിരുന്നു. മ്യൂസിയം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി മണിയന്‍പിള്ള രാജുവിനെ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming