
'ദൃശ്യം രണ്ടി'ന് ശേഷം മോഹൻലാലും(Mohanlal) ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നുവെന്ന നിലയിൽ ശ്രദ്ധനേടിയ ചിത്രമാണ് ട്വൽത്ത് മാൻ(12th Man). അതുകൊണ്ട് തന്നെയാണ് പ്രഖ്യാപന സമയം മുതൽ ചിത്രത്തിനായി പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്നതും. ഏറെ സസ്പെൻസും നിഗൂഢതകളും നിറഞ്ഞതാകും ചിത്രമെന്ന് ട്രെയിൽ ഉറപ്പ് നൽകിയിരുന്നു. ഇപ്പോഴിതാ ഏവരും കാത്തിരുന്ന ചിത്രം ആമസോൺ പ്രൈമിലൂടെ സ്ട്രീമിംഗ് ആരംഭിച്ചു കഴിഞ്ഞു. മികച്ചൊരു സസ്പെൻ ത്രില്ലർ ചിത്രമാണ് ട്വൽത്ത് മാൻ എന്ന് പറയുകയാണ് പ്രേക്ഷകർ.
"ഒരു സിനിമ.. പല കഥകൾ.. വ്യത്യസ്ത നിറങ്ങൾ.. നിഴലുകളുടെ അനാവരണം.. ഒരു നിഗൂഢ കുറ്റകൃത്യം, സസ്പെൻസ് ത്രില്ലർ. "നിങ്ങൾക്കറിയാം, പക്ഷേ നിങ്ങൾക്കറിയില്ല". സംവിധായകൻ ജിത്തു ജോസഫ് വീണ്ടും ഞെട്ടിച്ചു.. ലാലേട്ടൻ സമാനതകളില്ലാത്തയാൾ. അടിപൊളി 11-1+1=12-ാമത്തെ മനുഷ്യൻ"
"ഈ കോംബോ ഒരിക്കലും പരാജയപ്പെടില്ല. സെക്കന്റ് ഹാഫ് ഏതാണ്ട് ഒരു കോടതിമുറി നാടകം പോലെയുള്ളതിനാൽ ചിലർക്ക് ചെറിയ ലാഗ് തോന്നിയേക്കാം. എന്നാൽ മേക്കിംഗ് അതിനെ മറികടക്കുന്നു.. കോമ്പോ നാലിന് അഭിനന്ദനങ്ങൾ, അവസാന നിമിഷം വരെ ആകർഷകമായ ത്രില്ലർ. തിരക്കഥയും ജീത്തുവിന്റെ ക്രാഫ്റ്റും പ്രശംസനീയമാണ്, ജീത്തു വീണ്ടും ഞെട്ടിച്ചു", എന്നിങ്ങനെ പോകുന്നു പ്രേക്ഷക പ്രതികരണങ്ങള്‍.
ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. കെ ആർ കൃഷ്‍ണകുമാറിന്റേതാണ് തിരക്കഥ. അനുശ്രീ, അദിതി രവി, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ട്വല്‍ത്ത് മാനില്‍ അഭിനയിക്കുന്നുണ്ട്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാജീവ് കോവിലകമാണ് ചിത്രത്തിന്റെ കലാസംവിധായകൻ. ലിന്റ ജീത്തുവാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈൻ.
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന ചിത്രമാണ് മോഹൻലാലിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ബി ഉണ്ണികൃഷ്‍ണനാണ് ചിത്രം സംവിധാനം ചെയ്‍തത്. ബി ഉണ്ണികൃഷ്‍ണൻ സംവിധാനം ചെയ്‍ത ചിത്രത്തിന് തിരക്കഥ എഴുതിയത് ഉദയ് കൃഷ്‍ണയായിരുന്നു. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തില്‍ പ്രധാന സ്‍ത്രീ കഥാപാത്രമായിഎത്തിയത്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരന്നത്. കെജിഎഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജു ചിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു.