'പോയില്ലെന്ന് വിശ്വസിക്കാനാണ് മനസ്സ് പറയുന്നത്, എൻ്റെ ഇന്നസെൻ്റ് കൂടെ ഉണ്ടാവും': ഉള്ളുലഞ്ഞ് മോഹൻലാൽ

Published : Mar 27, 2023, 07:16 AM ISTUpdated : Mar 27, 2023, 07:28 AM IST
'പോയില്ലെന്ന് വിശ്വസിക്കാനാണ് മനസ്സ് പറയുന്നത്, എൻ്റെ ഇന്നസെൻ്റ് കൂടെ ഉണ്ടാവും': ഉള്ളുലഞ്ഞ് മോഹൻലാൽ

Synopsis

ഇന്നസെന്റിന്റെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ലെന്ന് മോഹന്‍ലാല്‍. 

കേരളത്തിന്റെയും മലയാള സിനിമയുടേയും ഉള്ളുലച്ച് കൊണ്ട് പ്രിയ കലാകാരൻ ഇന്നസെന്റ് വിടവാങ്ങി. പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങൾ ബാക്കിയാക്കി അദ്ദേഹം കാലയവനിയ്ക്ക് ഉള്ളിൽ മറഞ്ഞപ്പോൾ, മലയാളത്തിന് നഷ്ടമായത് അതുല്യ കാലാകാരനെയാണ്. നിരവധി പേരാണ് കഴിഞ്ഞ ദിവസം രാത്രി മുതൽ അദ്ദേഹത്തെ ഒരു നോക്ക് കാണാനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചേർന്നത്. പലരും ഇന്നസെന്റിന് ഒപ്പമുള്ള ഓർമകൾ പങ്കുവച്ചു. ഈ അവസരത്തിൽ പ്രിയ സുഹൃത്തിനെ കുറിച്ച് സഹപ്രവർത്തകനെ പറ്റി മോഹൽലാൽ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

ഇന്നസെന്റിന്റെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ലെന്നും പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നതെന്നും മോഹൻലാൽ പറയുന്നു.  ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എൻ്റെ ഇന്നസെൻ്റ് എന്നും കൂടെത്തന്നെ ഉണ്ടാവുമെന്നും അദ്ദേഹം കുറിക്കുന്നു. 

"എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ് ... ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എൻ്റെ ഇന്നസെൻ്റ്  എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണും...", എന്നാണ് മോഹൻലാൽ കുറിച്ചത്. 

മോഹന്‍ലാല്‍ കെട്ടിപ്പിടിച്ച് ഇന്നസെന്റിനോട് പറഞ്ഞു, 'എനിക്ക് ഇഷ്‍ടം ഇങ്ങനെയുള്ള വാര്യരെയാണ്'

'ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുകയും ബഹുമാനിക്കുകയും എനിക്ക് എന്തും പറയാനുള്ള സ്വാതന്ത്യമുള്ള ഏറ്റവും ആത്മമിത്രവും സഹോദരനുമാണ് ഇന്നസെന്റ്', എന്ന് മുൻപ് പലപ്പോഴും മോഹൻലാൽ പറഞ്ഞിട്ടുണ്ട്. ഇരുവരും ഒന്നിച്ച് ബി​ഗ് സ്ക്രീനിൽ നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ചുവെങ്കിലും ദേവാസുരത്തിലെ വാര്യർ എന്ന കഥാപാത്രം മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ടതാണ്. ദേവാസുരത്തില്‍ 'നീലകണ്ഠനാ'യി മോഹൻലാല്‍ നിറഞ്ഞാടിയപ്പോള്‍ 'വാര്യരെ'ന്ന സുഹൃത്തും സഹായിയുമൊക്കെയായി ഇന്നസെന്റും തിളങ്ങിയിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ