Asianet News MalayalamAsianet News Malayalam

മോഹന്‍ലാല്‍ കെട്ടിപ്പിടിച്ച് ഇന്നസെന്റിനോട് പറഞ്ഞു, 'എനിക്ക് ഇഷ്‍ടം ഇങ്ങനെയുള്ള വാര്യരെയാണ്'

'ദേവാസുരം' എന്ന ഹിറ്റ് സിനിമയിലെ 'വാര്യര്‍' ഇന്നസെന്റിന്റെ കരിയറിലെ വേറിട്ട വേഷമായിരുന്നു.

Actor Innocent about Varrier charecter in Devasuram hrk
Author
First Published Mar 27, 2023, 12:26 AM IST

'വാര്യരേ എന്താടോ ഞാൻ നന്നാവത്തേ'.. നീലകണ്ഠന്റെ ആ ചോദ്യം മലയാളികള്‍ ഏറ്റെടുത്തതാണ്. അന്നോളം ചിരി കഥാപാത്രങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന ഇന്നസെന്റിന്റെ വേറിട്ട വേഷമായിരുന്നു 'വാര്യര്‍'. 'ദേവാസുര'ത്തില്‍ 'നീലകണ്ഠനാ'യി മോഹൻലാല്‍ നിറഞ്ഞാടിയപ്പോള്‍ 'വാര്യരെ'ന്ന സുഹൃത്തും സഹായിയുമൊക്കെയായി ഇന്നസെന്റും പ്രേക്ഷകരുടെ പ്രിയങ്കരനായി. ഇന്നസെന്റിലേക്ക് ആ കഥാപാത്രം എത്തുന്നതും മോഹൻലാല്‍ വഴിയായിരുന്നു.

'വാര്യര്‍' എന്ന കഥാപാത്രം തന്നിലേക്ക് എത്തിയത് എങ്ങനെയെന്ന് ഇന്നസെന്റ് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ഒരു ദിവസം മോഹന്‍ലാല്‍ മുറിയില്‍ വന്ന് മുഖവുരയൊന്നുമില്ലാതെ എന്നോടു പറഞ്ഞു. ശശി സാര്‍ എന്നെവച്ച് ഒരു സിനിമ ചെയ്യുന്നു. 'ദേവാസുര'മെന്നാണ് പേര്. രഞ്ജിത്താണ് തിരക്കഥാകൃത്ത് അതിലൊരു വേഷമുണ്ട്. അത് നിങ്ങള്‍ ചെയ്‍താല്‍ നല്ലതായിരിക്കുമെന്നുമായിരുന്നു പറഞ്ഞത്. ഇത്രയും പറഞ്ഞിട്ട് 'ദേവാസുര'ത്തിന്റെ തിരക്കഥ മോഹന്‍ലാല്‍ തനിക്ക് തരുകയുമായിരുന്നുവെന്നാണ് ഇന്നസെന്റ് പറയുന്നത്.  തിരക്കഥ വായിച്ചശേഷം ഞാന്‍ മോഹന്‍ലാലിനെ കാണാന്‍ അദ്ദേഹത്തിന്റെ മുറിയിലേക്ക് പോയി. 'ദേവാസുര'ത്തിന്റെ സ്‍ക്രിപ്റ്റ് അയാളെ തിരിച്ചേല്‍പ്പിച്ചുകൊണ്ട് പറഞ്ഞു. ഞാന്‍ 'വാര്യരു'ടെ വേഷം ചെയ്യുന്നു, 'നീലകണ്ഠാ'. മോഹന്‍ലാല്‍ ഉടനെ വന്ന് എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.  ഇങ്ങനെയുള്ള 'വാര്യരെ'യാണ് എനിക്ക് ഇഷ്‍ടം.

അടുത്ത സുഹൃത്തുക്കളുമായിരുന്നു മോഹൻലാലും ഇന്നസെന്റും. തനിക്ക് ഭ്രാന്ത് വരരുതെന്നേയെന്ന് മോഹന്‍ലാല്‍ പ്രാര്‍ഥിക്കുന്ന കഥയും ഇന്നസെന്റ് ഒരിക്കല്‍ പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് അങ്ങനെ പ്രാര്‍ഥിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ മോഹന്‍ലാലിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'എന്റെ ബുദ്ധിമോശംകൊണ്ട് പല കാര്യങ്ങളും നിങ്ങളോടു തുറന്നുപറഞ്ഞിട്ടുണ്ട്. നിങ്ങള്‍ക്ക് ഭ്രാന്തെങ്ങാനും വന്നാല്‍ അതെല്ലാം ലോകമറിയുമല്ലോ എന്നാണെന്റെ ഭയം. അതുകൊണ്ട് ഞാന്‍ ദൈവത്തോട് ഇപ്പോള്‍ സ്ഥിരമായി ആവശ്യപ്പെടാറുള്ളത് നിങ്ങള്‍ക്ക് ഭ്രാന്ത് വരരുതേ എന്നാണ്'.

'നാടോടിക്കാറ്റ്', 'കിലുക്കം', 'ചന്ദ്രലേഖ', 'അയാള്‍ കഥയെഴുതുകയാണ്', 'നമ്പര്‍ 20 മദ്രാസ് മെയില്‍', 'വിയറ്റ്‍നാം കോളനി', 'കാക്കകുയില്‍' തുടങ്ങി ഒട്ടേറെ ഹിറ്റുകളിലായിരുന്നു മോഹൻലാലും ഇന്നസെന്റും ഒന്നിച്ചഭിനയിച്ച് പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചത്.

Read More: നടൻ ഇന്നസെന്‍റ് അന്തരിച്ചു; പൊതുദർശനവും സംസ്‍കാരവും തിങ്കളാഴ്‍ച

Follow Us:
Download App:
  • android
  • ios