
മോഹൻലാല്‍ നായകനായ ചിത്രം ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടാ'ണ്. 'ആറാട്ട്' എന്ന ചിത്രം വൻ വിജയമായി തിയറ്റററുകളില്‍ തുടരുമ്പോള്‍ തന്റെ ആദ്യ സംവിധാന സംരഭമായ 'ബറോസി'ന്റെ തിരക്കിലാണ് മോഹൻലാല്‍. 'ബറോസി'ന്റെ വിശേഷങ്ങൾ മോഹൻലാല്‍ തന്നെ ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ 'ബറോസ്' ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള തന്റെ ഒരു ഫോട്ടോ (Barroz Location Click) പങ്കുവെച്ചിരിക്കുകയാണ് മോഹൻലാല്‍.
'ബറോസ്' എന്ന ചിത്രം പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധയിലുള്ളതാണ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കുന്നത്. നടൻ പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ടെന്ന് ആദ്യം വാര്‍ത്തയുണ്ടായിരുന്നു. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു.
ആശിർവാദ് സിനിമാസാണ് ചിത്രം നിർമ്മിക്കുന്നത്.2019 ഏപ്രിലിലാണ് ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. പല കാരണങ്ങളാല്‍ ചിത്രം ഷൂട്ടിംഗ് നീണ്ടുപോയിരുന്നു. ഒടുവില്‍ കൊവിഡ് കാരണം ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവയ്‍ക്കേണ്ടി വന്നപ്പോള്‍ കണ്ടിന്യൂറ്റി നഷ്‍ടമാകുമെന്ന് പറഞ്ഞ് ചില ഭാഗങ്ങള്‍ ഒഴിവാക്കുമെന്നും മോഹൻലാല്‍ പറഞ്ഞിരുന്നു.
വീണ്ടും 'ബറോസ്' ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയ മോഹൻലാല്‍ സംവിധായകനായുള്ള തുടക്കം ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ്. 'ബറോസ്' എന്ന ചിത്രത്തില്‍ മൊട്ടയടിച്ചുള്ള ലുക്കിലാണ് മോഹൻലാലിനെ കാണാനാകുക. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അനീഷ് ഉപാസനയാണ് ചിത്രത്തിന്റെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍.
ബി ഉണ്ണികൃഷ്‍ണൻ സംവിധാനം ചെയ്‍ത മോഹൻലാല്‍ ചിത്രം 'നെയ്യാറ്റിൻകര ഗോപന്റെ ആറാ'ട്ട് തിയറ്ററുകളില്‍ മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. മികച്ച മാസ് എന്റര്‍ടെയ്‍നറാണ് ചിത്രമെന്നാണ് പരക്കെയുള്ള അഭിപ്രായങ്ങള്‍. ഒരു കംപ്ലീഷ് മോഹൻലാല്‍ ഷോയാണ് ചിത്രം. ലോകമാകമാനം 2700 സ്‍ക്രീനുകളിലാണ് 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' എറിലീസ് ചെയ്‍തത്.
ബി ഉണ്ണികൃഷ്‍ണൻ സംവിധാനം ചെയ്‍ത ചിത്രത്തിന് തിരക്കഥ എഴുതിയത് ഉദയ് കൃഷ്‍ണയായിരുന്നു. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തില്‍ പ്രധാന സ്‍ത്രീ കഥാപാത്രമായിഎത്തിയത്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരന്നു. കെജിഎഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യം.
'ആറാട്ട്' എന്ന ചിത്രം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് മോഹന്‍ലാല്‍ ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നു. 'ആറാട്ട്' എന്ന സിനിമയെ രണ്ട് കൈയും നീട്ടി സ്വീകരിച്ച എല്ലാ പ്രേക്ഷകര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി. ഒരു അണ്‍റിയലിസ്റ്റിക് എന്റര്‍ടെയ്‍നര്‍ എന്നാണ് ആ സിനിമയെക്കുറിച്ച് നമ്മള്‍ പറഞ്ഞിരിക്കുന്നത്. അതുപോലെ തന്നെയാണ്. വലിയ അവകാശവാദങ്ങളൊന്നുമില്ല. എല്ലാവര്‍ക്കും ഇഷ്‍ടപ്പെടുന്ന ഒരു സിനിമ. 'ആറാട്ട്' എന്ന പേര് തന്നെ ഒരു ഉത്സവാന്തരീക്ഷം വച്ചിട്ടാണ് നമ്മള്‍ ഇട്ടിരിക്കുന്നത്. അത് വളരെയധികം ആളുകളിലേക്ക് എത്തി. രണ്ടുകൈയും നീട്ടി സ്വീകരിച്ചു. ഒരുപാട് സന്തോഷം, ഒരുപാട് നന്ദി. കൊവിഡ് മഹാമാരിയൊക്കെ കഴിഞ്ഞ് തിയറ്ററുകള്‍ വീണ്ടും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന സമയമാണ്. ഈ സമയത്തേക്ക് എന്നെ ഇഷ്‍ടപ്പെടുന്ന, മലയാള സിനിമയെ ഇഷ്‍ടപ്പെടുന്ന നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ തയ്യാറാക്കി തന്നിരിക്കുകയാണ്. വളരെയധികം നല്ല റിപ്പോര്‍ട്ടുകളാണ് കിട്ടുന്നത്. ഒരുപാട് പേര്‍ക്ക് നന്ദി പറയാനുണ്ട്.
എ ആര്‍ റഹ്‍മാനോട് വളരെയധികം നന്ദി പറയുന്നു. കൊവിഡ് ഏറ്റവും മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കുന്ന സമയത്താണ് ഞങ്ങള്‍ ഇത് ഷൂട്ട് ചെയ്‍തത്. പക്ഷേ ഈശ്വരകൃപകൊണ്ട് എല്ലാം ഭംഗിയായി. ആ സിനിമ തിയറ്ററിലെത്തി. ഒരുപാട് സന്തോഷം. വളരെ നല്ല പ്രതികരണങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ബി ഉണ്ണികൃഷ്‍ണന്‍ ചെയ്‍ത വളരെ വ്യത്യസ്‍തമായ ഒരു എന്‍റര്‍ടെയ്‍നര്‍ ആണിത്. 'ആറാട്ട്' എല്ലാവര്‍ക്കും ഇഷ്‍ടപ്പെട്ടുവെന്ന് അറിഞ്ഞതില്‍ വളരെയധികം സന്തോഷം. സിനിമയുടെ പിറകില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി എന്‍റെ നന്ദി. കൂടുതല്‍ നല്ല സിനിമകളുമായി വീണ്ടും വരുമെന്നുമായിരുന്നു മോഹൻലാല്‍ പറഞ്ഞത്.
Read More : 'ബ്രോ ഡാഡി'യെ അനുകരിച്ച് ഒരു കൊച്ചുമിടുക്കൻ, വീഡിയോ ഏറ്റെടുത്ത് മോഹൻലാല്‍