
സിനിമകൾ തിയറ്ററിൽ പോയി തന്നെ കാണണമെന്നും സിനിമാ വ്യവസായത്തെ പിന്തുണയ്ക്കണമെന്നും നടൻ മോഹൻലാൽ(Mohanlal). സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലാണ് അഭ്യർത്ഥനയുമായി മോഹൻലാൽ എത്തിയത്. സിനിമയുടെ മാജിക് തിയറ്ററുകളിൽ തന്നെ അനുഭവിച്ചറിയണം എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ കുറിപ്പ് പങ്കുവച്ചത്.
ഹൃദയമടക്കമുള്ള സിനിമകൾ തിയറ്ററിൽ പ്രദർശിപ്പിക്കുന്നുണ്ടെന്നും തന്റെയും പ്രിയന്റെയും ശ്രീനിവാസന്റെയുമൊക്കെ മക്കൾക്കൊപ്പം ഒട്ടേറെ യുവതാരങ്ങളും മികച്ച സാങ്കേതിക വിദഗ്ദരും ഹൃദയപൂർവം ഒത്തുചേരുന്ന സിനിമയെന്ന നിലയ്ക്ക് തങ്ങളുടെയൊക്കെ ഹൃദയത്തിൽ ഒരു പ്രത്യേക ഇടം തന്നെയുള്ള ഈ സിനിമ സഹൃദയരായ പ്രേക്ഷകരെ ആനന്ദിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്നും മോഹൻലാൽ കുറിക്കുന്നു. നല്ല സിനിമകൾക്കായി കൈകോർക്കാമെന്നും മോഹൻലാൽ കുറിച്ചു
മോഹൻലാലിന്റെ വാക്കുകൾ
എല്ലാ പ്രിയപ്പെട്ടവർക്കും എന്റെ നമസ്കാരം
മഹാമാരിക്കിടയിലും നമ്മുടെ നഗരങ്ങൾ ആശങ്കയുടെ നിയന്ത്രണങ്ങളിൽ നിന്ന് പതിയേ പുറത്ത് വരികയാണ്. കേരളത്തിലെ നഗരങ്ങളെല്ലാം സി കാറ്റഗറിയിൽ നിന്ന് മാറിയതോടെ തീയേറ്ററുകളും ജിമ്മുകളുമടക്കമുള്ള പൊതുഇടങ്ങൾ നിയന്ത്രണത്തോടെയെങ്കിലും തുറക്കുന്നതിൽ നിങ്ങൾക്കൊപ്പം എനിക്കും സന്തോഷമുണ്ട്. സമ്മർദ്ദങ്ങൾ എല്ലാത്തിനും അൽപം ഇടവേള നൽകി, തീയേറ്ററിൽ പോയി സിനിമ കാണാനും പുറത്ത് നിന്ന് ഭക്ഷണം കഴിക്കാനുമൊക്കെ സാധിക്കുകയെന്നത് ഇപ്പോഴത്തെ നിലയ്ക്ക് വലിയ സ്വാതന്ത്രൃമാണ്. അതിലേറെ സാന്ത്വനവും.
സിനിമാക്കാരൻ എന്ന നിലയ്ക്ക് എന്നെ ഇഷ്ടപ്പെടുന്ന നിങ്ങളോട് എനിക്ക് പറയാനുള്ളത് നിങ്ങൾ എല്ലാവരും സാധ്യമാവും വിധം തീയേറ്ററുകളിൽ പോയി സിനിമ കണ്ട് കലാകാരന്മാരെയും സാങ്കേതിക വിദഗ്ദരെയും ഈ വ്യവസായത്തെ തന്നെയും ഈ നിർണായക ഘട്ടത്തിൽ പിന്തുണയ്ക്കണമെന്നാണ്.
ഹൃദയമടക്കമുള്ള സിനിമകൾ നിങ്ങളെ ആനന്ദിപ്പിക്കാൻ തീയേറ്ററുകളിൽ തന്നെ റിലീസാകണമെന്ന നിർബന്ധത്തോടെ ഇപ്പോൾ പ്രദർശിപ്പിക്കുന്നുണ്ട്. എന്റെയും പ്രിയന്റെയും ശ്രീനിവാസന്റെയുമൊക്കെ മക്കൾക്കൊപ്പം ഒട്ടേറെ യുവതാരങ്ങളും മികച്ച സാങ്കേതിക വിദഗ്ദരും ഹൃദയപൂർവം ഒത്തുചേരുന്ന സിനിമയെന്ന നിലയ്ക്ക് ഞങ്ങളുടെയൊക്കെ ഹൃദയത്തിൽ ഒരു പ്രത്യേക ഇടം തന്നെയുള്ള ഈ സിനിമ സഹൃദയരായ നിങ്ങളെയെല്ലാം ആനന്ദിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
തീയേറ്ററുകളിൽ പോയി സിനിമകൾ കാണുക ആസ്വദിക്കുക..നല്ല സിനിമകൾക്കായി നമുക്ക് കൈകോർക്കാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ