
ഏറ്റവും ചര്‍ച്ചയായി മാറിയ ഒരു സിനിമാ പ്രഖ്യാപനമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹൻലാല്‍ അഭിനയിക്കുന്നുവെന്നത്. ആരാധകര്‍ കാത്തിരുന്ന പ്രഖ്യാപനത്തിന് മോഹൻലാല്‍ തന്നെയായിരുന്നു സ്‍ഥിരീകരണം നല്‍കിയിരുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും കഴിവുറ്റ സംവിധായകരിലൊരാളായ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമായിരിക്കും എന്റെ അടുത്ത സിനിമ എന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട് എന്നായിരുന്നു മോഹൻലാല്‍ എഴുതിയിരുന്നത്. ഇപ്പോഴിതാ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രം വൈകാതെ തുടങ്ങുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ലൊക്കേഷനില്‍ മോഹൻലാല്‍ 2023 ജനുവരി 10ന് ജോയിൻ ചെയ്യുമെന്നാണ് സിനിമ ട്രാക്കേഴ്സായ സ്‍നേഹസല്ലാപം ട്വീറ്റ് ചെയ്യുന്നത്. ചിത്രത്തിന്റെ അവസാനഘട്ട പ്രി- പ്രൊഡക്ഷൻ ജോലികള്‍ പുരോഗമിക്കുകയാണെന്നും ട്വീറ്റിലുണ്ട്. നിലവില്‍ 'റാം' എന്ന ചിത്രത്തിലാണ് മോഹൻലാല്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം മൊറോക്കോ അടക്കമുള്ള വിദേശ രാജ്യങ്ങളിലാണ് ചിത്രീകരിക്കുന്നത്.
മമ്മൂട്ടി നായകനായ 'നാൻ പകല്‍ മയക്കം' എന്ന സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഇനി പുറത്തിറങ്ങാനുള്ളത്. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവും മമ്മൂട്ടിയാണ്. മമ്മൂട്ടി കമ്പനി എന്ന പുതിയ ബാനറിലാണ് നിര്‍മ്മാണം. 'ആമേന്‍' മൂവി മൊണാസ്ട്രിയുടെ ബാനറില്‍ സഹനിര്‍മ്മാതാവായി ലിജോയും ഒപ്പമുണ്ട്.
'പുലിമുരുകനു' ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്‍ത 'മോണ്‍സ്റ്റര്‍' ആണ് മോഹൻലാലിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. 'പുലിമുരുകന്റെ' രചയിതാവ് ഉദയ് കൃഷ്‍ണ തന്നെയാണ് 'മോണ്‍സ്റ്ററി'ന്റെ തിരക്കഥാകൃത്തും. 'എലോണ്‍ ആണ് മോഹൻലാല്‍ അഭിനയിച്ച ചിത്രങ്ങളില്‍ ഇനി റിലീസ് ചെയ്യാനുള്ളത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹൻലാല്‍ മാത്രമാണ് അഭിനയിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
Read More: 'സേനാപതി'യായും അച്ഛനായും കമല്‍ഹാസൻ എത്തും, ഇതാ 'ഇന്ത്യൻ 2'വിന്റെ കിടിലൻ അപ്‍ഡേറ്റ്