'പടവെട്ടാ'ൻ തയ്യാറെടുത്ത് നിവിന്‍, ഒപ്പം ഷമ്മി തിലകനും ഷൈനും; ആവേശമുണർത്തി ട്രെയിലർ

By Web TeamFirst Published Oct 7, 2022, 7:28 PM IST
Highlights

ചിത്രം ഒക്ടോബര്‍ 21 ന് തിയേറ്ററുകളില്‍ എത്തും. 

നിവിൻ പോളി നായകനായി എത്തുന്ന പടവെട്ടിന്റെ ട്രെയിലർ റിലീസ് ചെയ്തു. സംഘർഷം, പോരാട്ടം, അതിജീവനം എന്നീ ക്യാപ്ഷനുകളോടെ എത്തിയ ട്രെയിലറിൽ നിവിന്റെ മാസ് പ്രകടനമാണ് കാണാൻ സാധിക്കുന്നത്. നിവിന്റെ കരിയറിലെ മികച്ചൊരു കഥാപാത്രമാകും ചിത്രത്തിലേതെന്ന് ട്രെയിലർ ഉറപ്പാക്കുകയാണ്. 

പതിനായിരങ്ങളെ സാക്ഷിയാക്കി കൊച്ചി ഐ.എസ്.എല്‍ വേദിയില്‍ കേരള ബാസ്റ്റേഴ്‌സിനൊപ്പമാണ് ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്. നവാഗതനായ ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ചിത്രം ഒക്ടോബര്‍ 21 ന് തിയേറ്ററുകളില്‍ എത്തും. 

സ്വന്തം ഗ്രാമത്തിലെ സാധരണക്കാരുടെ പ്രശ്നത്തില്‍ ഇടപെടുകയും അവരുടെ പോരാട്ടത്തിന്റെ തന്നെ മുന്നണി പോരാളിയാവുകയും ചെയ്ത നാട്ടിന്‍ പുറത്തെ സാധാരണക്കാരനായിട്ടാണ് നിവിന്‍ ചിത്രത്തില്‍ എത്തുന്നത്. ജീവിതത്തില്‍ പ്രത്യേക ലക്ഷ്യങ്ങള്‍ ഒന്നുമില്ലാതിരുന്ന സാധാരണക്കാരനായ യുവാവ് പിന്നീട് തന്റെ നാടിനും നാട്ടുകാര്‍ക്കും വേണ്ടി അഴിമതിക്കും ചുഷണത്തിനുമെതിരെ പോരാടി നായകനായി മാറുന്ന കഥയാണ് ചിത്രം പറയുന്നത്. 

ഇന്ത്യയിലെ ഏറ്റവും പഴയ മ്യൂസിക് ലേബലായ സരിഗമയുടെ ഭാഗമായ യൂഡ്ലീ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ മലയാളം സിനിമ കൂടിയാണ് 'പടവെട്ട്'. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സും നിർമ്മാണത്തിൽ പങ്കാളിയാണ്. നിവിന്‍ പോളിക്ക് പുറമേ അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ബിബിന്‍ പോളാണ് സഹനിര്‍മ്മാതാവ്. ദീപക് ഡി. മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലിയുടെ  വരികള്‍ക്ക് ഗോവിന്ദ് മേനോന്‍ സംഗീതം നല്‍കുന്നു.എഡിറ്റിങ് ഷഫീഖ് മുഹമ്മദലിയും സൌണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വഹിക്കുന്നു. സുഭാഷ് കരുണ്‍ കലാസംവിധാനവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും റോണക്‌സ് സേവിയര്‍ മേക്കപ്പും നിര്‍വഹിക്കുന്നു. ജാവേദ് ചെമ്പാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സ്റ്റില്‍സ് ബിജിത്ത് ധര്‍മടം, വിഎഫ്എക്‌സ് മൈന്‍ഡ്‌സ്റ്റെയിന്‍ സ്റ്റുഡിയോസ്. പിആര്‍ഒ ആതിര ദില്‍ജിത്ത്.

കാത്തിരിപ്പിന് വിരാമമാകുന്നു; 'മോൺസ്റ്റർ' വമ്പൻ അപ്ഡേറ്റുമായി മോഹൻലാൽ

click me!