
നടനും മിമിക്രി താരവുമായ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത മരണം കലാലോകത്തെ അക്ഷരാര്‍ഥത്തില്‍ സങ്കടത്തിലാഴ്‍ത്തിയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു നവാസിന്റെ മരണം. നവാസിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചവര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സഹോദരനും നടനുമായ നിയാസ്.
നിയാസിന്റെ കുറിപ്പ്
എല്ലാ പ്രിയപ്പെട്ടവർക്കും നമസ്‍കാരം.
എന്റെ അനുജൻ നവാസിന്റെ മരണത്തെ തുടർന്ന് ഒരു വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു ഞങ്ങൾ കുടുംബം. ഇപ്പോഴും അതിൽ നിന്ന് മുക്തി ലഭിച്ചിട്ടില്ലെങ്കിലും മരണമെന്ന സത്യത്തെ നമുക്ക് അംഗീകരിച്ചല്ലേ പറ്റൂ... ഇപ്പോഴെങ്കിലും ഒരു കുറിപ്പെഴുതാൻ കഴിയുന്നത് അതുകൊണ്ടാണ്.
മരണം അതിന്റെ സമയവും സന്ദർഭവും സ്ഥലവും കാലം നിർണ്ണയിക്കപ്പെട്ട ഒന്നാണ് എന്ന് ഞാൻ അടിയുറച്ച് വിശ്വസിക്കുന്നു. ആ വിശ്വാസമാണ് എന്റെ ആശ്വാസവും. അതുകൊണ്ട് തന്നെ അവന്റെ മരണം എന്നേ കുറേക്കൂടി ശക്തനാക്കുകയാണ് ചെയ്‍തിട്ടുട്ടുള്ളത്. ഇത്രേ ഉള്ളൂ ജീവിതം എന്ന യാഥാർഥ്യം ഞാൻ കുറേക്കൂടി ആഴത്തിലറിയുന്നു. എങ്കിലും എന്റെ പ്രിയപ്പെട്ടവരോടായി എനിക്കൊരു കാര്യം പറയാനുള്ളത് നമ്മൾ എത്ര ആരോഗ്യവാനാണെങ്കിലും നമ്മുടെ ശരീരത്തിൽ ആസ്വസ്ഥതയുടെ ഒരു സൂചന കാണിച്ചാൽ അതെന്താണെന്ന് അറിഞ്ഞിരിക്കാനുള്ള മനസ്സെങ്കിലും നമ്മൾ കാണിക്കണം.
അത് നാളെയാകാം എന്ന ചിന്ത നമ്മളിലുണ്ടാകരുത്. എന്റെ നവാസ് പൂർണ്ണ ആരോഗ്യവനാണ് എന്നാണ് എനിക്കറിവുള്ളത്. അവന്റെ ബോധ്യവും അതുതന്നെയായിരിക്കണം. അവന്റെ കാര്യത്തിൽ സൂചനകളുണ്ടായിട്ടും അവനല്‍പം ശ്രദ്ധക്കുറവ് കാണിച്ചത് അതുകൊണ്ടായിരിക്കണം. മരണം നിയന്താവിന്റെ തീരുമാനമാണെങ്കിലും. ശ്രദ്ധിച്ചാൽ രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും രക്ഷപ്പെടാമല്ലോ...? കൂടുതലായി ഒന്നും പറയാനില്ല എല്ലാവർക്കും ആരോഗ്യപൂർണ്ണമായ ഒരു നല്ല ജീവിതവും നന്മയും ഉണ്ടാകട്ടെ എന്ന് മനസ്സ് നിറഞ്ഞ് പ്രാർത്ഥിക്കുന്നു.
എന്റെ അനുജന്റെ വേർപാടിൽ ഞങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്ന ഞങ്ങളുടെ എല്ലാ പ്രിയപ്പെട്ടവർക്കും ഞങ്ങളെ ആശ്വസിപ്പിക്കാനെത്തിയ മത രാഷ്ട്രീയ കലാ സാംസ്‌കാരിക രംഗത്തുള്ള ബഹുമാന്യ വ്യക്തിത്വങ്ങൾക്കും നവാസിന്റെ മക്കൾ പഠിക്കുന്ന വിദ്യോതയ സ്‍കൂളിൽ നിന്നും ആലുവ യുസി കോളേജിൽ നിന്നും മക്കളെയും ഞങ്ങളെയും ആശ്വസിപ്പിക്കാനെത്തിയ കുഞ്ഞുമക്കൾക്കും അദ്ധ്യാപകർക്കും അന്നേ ദിവസം മയ്യത്ത് കുളിപ്പിക്കുന്നതിനും മറ്റു സഹായങ്ങൾക്കുമായി ഞങ്ങൾക്കൊപ്പം നിന്ന മുഴുവൻ സഹോദരങ്ങൾക്കും പള്ളികമ്മറ്റികൾക്കും. ഞങ്ങളുടെ സഹപ്രവർത്തകർക്കും കൂട്ടുകാർക്കും കുടുബംഗങ്ങൾക്കും നാട്ടുകാർക്കും ദൂരേ പലയിടങ്ങളിൽനിന്നുമെത്തിയ ഞങ്ങളുടെ എല്ലാ പ്രിയപ്പെട്ടവർക്കും സർവ്വോപരി അവനുവേണ്ടി പ്രാർത്ഥിക്കുന്ന ലോകത്തിന്റെ നാനാഭാഗത്തുമുള്ള മുഴുവൻ സഹോദരങ്ങൾക്കും എന്റെ നിറഞ്ഞ സ്നേഹം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ